• Sun. Sep 14th, 2025

24×7 Live News

Apdin News

മിസോറാമിന്റെ പെണ്‍പെരുമ

Byadmin

Sep 14, 2025



കുളിര്‍മയേകുന്ന താഴ്‌വരകളാലും മേഘം മുട്ടി നില്‍കുന്ന കുന്നുകളാലും ഒറ്റപ്പെട്ട് കിടക്കുന്ന മിസോറാം. മഞ്ഞിന്‍ പുതപ്പ് അണിഞ്ഞപോല്‍ തലയുയര്‍ത്തി നില്‍ക്കുന്ന തലസ്ഥാനമായ ഐസ്വാള്‍. തീപ്പെട്ടികൂടുകള്‍ അടുക്കിവെച്ചപോലെയുള്ള ഐസ്വാളിലെ വീടുകളുടെ ദൂരക്കാഴ്ച അതിമനോഹരം. ഭാരതത്തില്‍ ആദ്യം സൂര്യനുദിക്കുന്നത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലായതുകൊണ്ടു തന്നെ മിസോറാമില്‍ പുലര്‍ച്ചേ നാലുമണിയോടെ സൂര്യപ്രകാശം പതിച്ചുതുടങ്ങും. അഞ്ച് മണിയോടെ നഗരം ഉണരും. അതിരാവിലെ ഇടുങ്ങിയ റോഡുകളിലൂടെ ഇരുചക്രവാഹനങ്ങളും ഓട്ടോകളും കാറുകളും തുരുതുരേ പായും. പൊതു ഗതാഗത സംവിധാനങ്ങളും സജീവമാകും. കഷ്ടിച്ച് രണ്ട് കാറുകള്‍ക്ക് കടന്നുപോകാനാകുന്ന കുത്തനെയുള്ള റോഡിന് ഇരുവശവും വഴിയോര കച്ചവടക്കാര്‍. നഗരത്തില്‍ എപ്പോഴും ഗതാഗത കുരുക്കാണ്. എന്നാല്‍ വാഹനങ്ങള്‍ ഹോണുകള്‍ മുഴക്കാറില്ല. മറ്റ് ഉച്ചഭാഷിണികളോ ഇല്ല. അതുകൊണ്ടാവും ഐസ്വാളിന് സൈലന്റ് സിറ്റി എന്ന വിളിപ്പേര് കിട്ടിയത്. വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ ട്രാഫിക് പോലീസോ ട്രാഫിക് ലൈറ്റുകളോ എങ്ങും കാണാനില്ല.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മിസോറാമിലെത്തുമ്പോള്‍ ഒരു യൂറോപ്യന്‍ രാജ്യത്തിലെത്തിയ പ്രതീതി. അത്രയും ആധുനിക വസ്ത്രങ്ങള്‍ ധരിച്ച ധൈര്യശാലികളായ പെണ്‍കുട്ടികള്‍. ഏറ്റവും പുതിയ ആഡംബര മോഡല്‍ ബൈക്കുകള്‍, അതും ഓടിക്കുന്നത് പെണ്‍കുട്ടികള്‍. ആത്മവിശ്വാസമുള്ള പെണ്‍ മുഖങ്ങള്‍. തെരുവില്‍ അങ്ങിങ്ങായി ആഗോളകാര്യങ്ങള്‍ ഗൗരവമായി ചര്‍ച്ചചെയ്യുന്ന മട്ടില്‍ കൈയില്‍ സിഗരറ്റുമായി നില്‍ക്കുന്ന പെണ്‍കൂട്ടങ്ങള്‍. ഇതേതു ലോകമെന്ന് നമ്മള്‍ അത്ഭുതപ്പെടും.

മിസോറാമിലെ സ്ത്രീകള്‍ സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക ഘടനയില്‍ പ്രധാന സ്ഥാനമാണ് വഹിക്കുന്നത്. ഇവിടെ പൊതു ഇടങ്ങളില്‍ തൊഴില്‍ ചെയ്യുന്നതില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. വ്യാപാര സ്ഥാപനങ്ങളുടെ നടത്തിപ്പ്, വാഹനങ്ങള്‍ ഓടിക്കുന്നത്, വഴിയോര കച്ചവടം നടത്തുന്നത്, ചുമടെടുക്കുന്നത് തുടങ്ങി സര്‍വ്വമേഖലകളിലും സ്ത്രീകള്‍ മാത്രം. ചില ഇടങ്ങളിലെയുള്ളൂ പുരുഷ സാന്നിധ്യം, അതും അവിടെയുള്ള സ്ത്രീകളെ തൊ
ഴിലില്‍ സഹായിക്കുന്നതിനാകും.

പുരുഷന്റെ കീഴിലാണ് സ്ത്രീകളുടെ ജീവിതമെന്ന് ഇവിടെ ആരും ചിന്തിക്കുന്നില്ല. തുറിച്ചുനോട്ടങ്ങളോ അടിച്ചമര്‍ത്തലുകളോ സ്ത്രീധന പീഡനങ്ങളോ ഇല്ല. ഗോത്ര സംസ്‌കാരത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ പ്രത്യേക രീതിയില്‍ ശരീരത്തിന് പുറത്തുകൂടി തുണികള്‍ കെട്ടിയാണ് യുവതികള്‍ കൈക്കുഞ്ഞുങ്ങളെ കൂടെകൂട്ടുന്നത്. സ്ത്രീകള്‍ തന്നെയാണ് പങ്കാളികളെ തെരഞ്ഞെടുക്കുന്നതും. ഇതില്‍ രക്ഷകര്‍ത്താക്കള്‍ക്കോ, മറ്റുള്ളവര്‍ക്കോ യാതൊരുവിധ പങ്കുമില്ല. കൂടെ താമസിക്കുന്ന പുരുഷന്മാരെയും പരിപാലിക്കുന്നത് സ്ത്രീകളാണ്. തൊഴിലില്‍ സ്ത്രീയെ സഹായിക്കുകയാണ് ഇവിടെയുള്ള പുരുഷന്മാര്‍ ചെയ്യുന്നത്.

കൃഷി, ജീവിതത്തിന്റെ ആധാരശില

കൃഷിയിലും പരമ്പരാഗത കൈത്തറി വസ്ത്രനിര്‍മാണത്തിലുമൊക്കെ ഏര്‍പ്പെട്ടിട്ടുള്ളവരാണ് സ്ത്രീകളിലേറെയും. സ്വയം ഉത്പാദിപ്പിക്കുന്ന സാധനങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിച്ച് വിറ്റുകിട്ടുന്ന വരുമാനത്തെ ആശ്രയിച്ചാണ് ഇവിടെയുള്ള കുടുംബങ്ങള്‍ നിലനിന്നു പോകുന്നത്. അതിരാവിലെ തന്നെ ഐസ്വാള്‍ നഗത്തിലെ പ്രധാന മാര്‍ക്കറ്റായ ‘ബാര ബസാര്‍’ സജീവമാകും. കീഴ്‌ക്കാംതൂക്കായ മലനിരയുടെ താഴ്‌വാരയില്‍ നിന്ന് തലച്ചുമടായാണ് മാര്‍ക്കറ്റില്‍ ഉത്പന്നങ്ങള്‍ എത്തിക്കുന്നത്. ഇവിടെ കച്ചവടം നടത്തുന്നവരും സാധനങ്ങള്‍ വാങ്ങുന്നവരും സ്ത്രീകള്‍ തന്നെയാണ്. ഇവിടെയുള്ള പ്രധാന വിഭവങ്ങളില്‍ ഒന്നാണ് മുളന്തണ്ട്. പാചകം ചെയ്യുന്ന എല്ലാ ഭക്ഷ്യവിഭവങ്ങളിലും മുളന്തണ്ട് ഉള്‍പ്പെടുത്തും. ഫ്രൈ ചെയ്തും അച്ചാര്‍ ഇട്ടുമാണ് പ്രധാനമായി ഭക്ഷിക്കാറ്. സസ്യങ്ങളുടെ ഇലകള്‍, പകുതി വേവിച്ച മീനുകള്‍, ചിക്കന്‍, ജീവനുള്ള ഞണ്ടുകള്‍, കിഴങ്ങ് വര്‍ഗങ്ങള്‍, പാക്ക്, വെറ്റില, വിവിധ ഇനം തുണിത്തരങ്ങള്‍ തുടങ്ങിയവയാണ് മാര്‍ക്കറ്റിലെ പ്രധാന ഉത്പന്നങ്ങള്‍. എല്ലാ വിഭവങ്ങള്‍ക്കും കേരളത്തിലേതിനേക്കാള്‍ ഇരട്ടി വില നല്‍കണം.

കാലങ്ങളോളം ബ്രിട്ടീഷ് അധീനതയില്‍ ആയിരുന്നതു കൊണ്ടു തന്നെ ഇവിടെയുള്ളവരുടെ ജീവിതരീതിയിലും ഭാഷയിലും പാശ്ചാത്യ സംസ്‌കാരം ഉണ്ട്. പരസ്പരം മിസോ എന്ന പ്രത്യേക ഗോത്ര ഭാഷയിലാണ് സംവദിക്കുന്നതെങ്കിലും പുറത്തുള്ളവരോട് ഇംഗ്ലീഷിലാണ് സംസാരം. ഭാരതം സ്വാതന്ത്ര്യം നേടിയ കാലത്ത് അസമിലെ ഒരു ജില്ല മാത്രം ആയിരുന്നു മിസോറം. 1987 ഫെബ്രുവരി 20നാണ് മിസോറം സംസ്ഥാനം നിലവില്‍ വന്നത്. ഇവിടുത്തെ ജനങ്ങള്‍ മംഗളോയിഡ് വംശത്തില്‍ പെട്ടവരാണ്. മിസോകള്‍ എന്നാണ് ഇവര്‍ പൊതുവേ അറിയപ്പെടുന്നത്. 13 ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള മിസോറാമിലെ തൊണ്ണൂറു ശതമാനത്തില്‍ അധികം ജനങ്ങളും ഷെഡ്യൂള്‍ഡ് ഗോത്രവിഭാഗങ്ങളില്‍പ്പെട്ടവരാണ്.
1873ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മിസോറാം ഉള്‍പ്പെടുന്ന മലനിരയില്‍ ഇന്നര്‍ലൈന്‍ പെര്‍മിറ്റ് (പ്രത്യേക അനുമതിയോടെമാത്രം പ്രവേശനമുള്ള സമ്പ്രദായം) ഏര്‍പ്പെടുത്തിയിരുന്നു. അത്യപൂര്‍വ്വമായ സസ്യങ്ങള്‍, പരമ്പരാഗത കൃഷിരീതികള്‍, ഗോത്ര സംസ്‌കാരം എന്നിവ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് നിയന്ത്രണം എന്നാണ് അവകാശപ്പെട്ടിരുന്നത്. ഇത് പ്രകാരം ബ്രിട്ടീഷ് ഇന്ത്യയിലെ ഏതൊരു പൗരനും മിസോ കുന്നുകളില്‍ പ്രവേശിക്കാന്‍ രേഖകള്‍ ആവശ്യമായി വന്നു. അതുപോലെ അസമിലുള്ളവര്‍ക്ക് മിസോറാം കുന്നുകളിലേക്ക് താമസം മാറുന്നതിനും വിലക്കേര്‍പ്പെടുത്തി.

പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ക്രൈസ്തവ
ദേവാലയം സോളമന്‍ ടെമ്പിള്‍, (2) ഐസ്വാളിലെ ബാരാ ബസാര്‍

ക്രൈസ്തവ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ഗോത്ര ജനത സ്വധര്‍മ്മത്തിലേക്ക് മടങ്ങിപ്പോകാതിരിക്കാനുള്ള ബ്രിട്ടീഷുകാരുടെ തന്ത്രം കൂടിയായിരുന്നു ഇന്നര്‍ലൈന്‍ പെര്‍മിറ്റ്. പക്ഷെ, 1950ല്‍ ഭാരത സര്‍ക്കാര്‍ ഇതില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുകയും ഭാരതത്തിലെ പൗരപദവി ഉറപ്പാക്കുകയും ചെയ്തു. അതേസമയം ഇന്നും മിസോറാമിലേക്ക് പ്രവേശിക്കാന്‍ ഇന്നര്‍ലൈന്‍ പെര്‍മിറ്റ് ആവശ്യമാണ്. ഐസ്വാളില്‍ നിന്ന് 32 കി.മീ അകലേയുള്ള ലങ്പൂയി വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് വളരെ ലളിതമായ നടപടിക്രമങ്ങളിലൂടെ ഒരു തുക ഫീസായി നല്‍കി നിശ്ചിത ദിവസത്തേക്ക് മിസോറാമില്‍ പ്രവേശിക്കാനുള്ള പാസ് കൈപറ്റാം. സോളമന്‍ ടെമ്പിള്‍, ഡര്‍ട്ടലാങ് മലകള്‍, ഐസ്വാള്‍ പീക്ക്, മിസോറാം സ്‌റ്റേറ്റ് മൂസിയം, സുവോളജിക്കല്‍ പാര്‍ക്ക്, ടാംഡില്‍ തടാകം എന്നിവയാണു ഇവിടത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍.

ഭാരതീയര്‍ എന്നു വിളിക്കപ്പെടുന്നവരില്‍ നിന്ന്, രൂപം കൊണ്ടും ജീവിതരീതികള്‍ കൊണ്ടും സംസ്‌കാരം കൊണ്ടും വ്യത്യസ്തരാണ് മിസോറാം ജനത. ഭാരതത്തിന്റെ മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളതുപോലെ ഗതാഗത ശൃംഖലയുടെ അഭാവമാണ് നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലുള്ളവരെ വേര്‍തിരിച്ച് നിര്‍ത്തിയിരുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിത്യോപയോഗ സാധനങ്ങള്‍ക്ക് വരെ വലിയ വിലയാണ്. കീഴ്‌ക്കാംതൂക്കായ ഭൂപ്രകൃതിയിലുള്ള ഹെയര്‍പിന്നുകള്‍ നിറഞ്ഞ സാഹസിക പാതയിലൂടെ സഞ്ചരിച്ച് എത്തുന്ന ട്രക്കുകളിലൂടെയാണ് ഇവിടുത്തെ പ്രധാന ചരക്കുനീക്കം. നിലവില്‍ ബൈരബിയില്‍ നിന്നും സൈരാങ്ങിലേക്കുള്ള റെയില്‍വേ ശൃംഖല പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതോടെ നിലവിലെ കണക്റ്റിവിറ്റി മൂലമുള്ള വേര്‍തിരിവും ചരക്ക് നീക്കത്തിലെ പ്രയാസങ്ങളും ഇല്ലാതാവും. വരും വര്‍ഷങ്ങളില്‍ മിസോറാം ജനതയുടെ സമ്പദ് വ്യവസ്ഥയിലും സംസ്‌കാരത്തിലും ഇത് പ്രതിഫലിക്കും.

 

By admin