
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെ, നരേന്ദ്രമോദിയെയാണ് എതിർക്കുന്നത്, അതും കണ്ണടച്ച്, അതിൽ ആവേശം കൂടിപ്പോയി, അങ്ങനെ മാധ്യമങ്ങൾ വാർത്ത എഴുതിയപ്പോൾ പിഴവോടു പിഴവ്. തെരഞ്ഞെടുപ്പുകമ്മീഷൻ പിടിച്ചു. ചെവിക്ക് പിടിക്കാനൊന്നും നിന്നില്ല, ആവേശക്കാരോട് പറഞ്ഞു, ‘ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ’ എന്ന മട്ടിൽ.
വോട്ടർപട്ടികയുടെ അതിതീവ്ര സൂക്ഷ്മ പരിശോധനയായ എസ്‌ഐആർ രാജ്യവ്യാപകമായി നടപ്പാക്കുകയാണ്. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പുകമ്മീഷനാണ് നടത്തുന്നത്. സമ്പൂർണ സുതാര്യ ജനാധിപത്യ സംവിധാനം നൂറുശതമാനം കുറ്റമാക്കുകയെന്ന ജനകീയ താൽപര്യം മുൻനിർത്തിയാണിത്. എന്നാൽ, പ്രതിപക്ഷ നേതാവ് സ്വപ്‌നം കണ്ട് ഞെട്ടി നടത്തുന്ന ചില ആരോപണങ്ങളും ഉന്നയിക്കുന്ന ആക്ഷേപങ്ങളും കണ്ട് ആവേശംകൊണ്ട് മോദിയെ ഭരണത്തിൽനിന്ന് പുറത്തുചാടിക്കാൻ സുവർണ്ണാവസരം എന്നു കൊതിച്ച് ചില മാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവർത്തകരും എസ്‌ഐആറിനെതിരേ ആക്ഷേപങ്ങൾ ഉന്നയിക്കുന്നുണ്ട്. ഈ കാര്യങ്ങൾ ശ്രദ്ധയിൽ പെട്ട സംസ്ഥാന തെരഞ്ഞെടുപ്പുകമ്മീഷൻ മാധ്യമങ്ങളിലെ വാർത്തകൾ, പ്രത്യേകിച്ച് ‘മീഡിയാ വൺ’ ടിവി ചാനലിന്റെ വാർത്ത തിരുത്തി പ്രസ്താവന ഇറക്കേണ്ട ഗതികേടിലെത്തി. സംസ്ഥാന തെരഞ്ഞെടുപ്പുകമ്മീഷൻ പത്രക്കുറിപ്പിൽ പറയുന്നതിന്റെ ചുരുക്കമിങ്ങനെ: നവംബർ നാലിന് സംപ്രേഷണം ചെയ്ത വാർത്തയിൽ പിഴവുള്ളത് ചൂണ്ടിക്കാണിക്കുന്നു. കേന്ദ്ര തെരഞ്ഞെടുപ്പുകമ്മീഷന്റെ തീരുമാനപ്രകാരം രാജ്യവ്യാപകമായി നടക്കുന്ന പ്രക്രിയയുടെ ഭാഗമാണ് ഇവിടെയും. ഇരട്ട വോട്ട് കണ്ടെത്താനുള്ള സംവിധാനമില്ലെന്ന് ‘വാദത്തിൽ’ കഴമ്പില്ലെന്ന് അറിയിക്കുന്നു. കരട് വോട്ടർപട്ടിക തയാറായാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യകൊണ്ട് കണ്ടെത്താനാകും. നിലവിൽ മറ്റു സാങ്കേതിക സംവിധാനംവഴി ഇത് നിലവിലുണ്ട്. രണ്ടിടത്ത് വോട്ടുചേർക്കുന്നത് ജനപ്രാതിനിധ്യ നിയമപ്രകാരം ശിക്ഷാർഹമാണ്. പൂരിപ്പിക്കുന്ന ഫോമിൽ മറ്റൊരിടത്തും വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടില്ല എന്ന് സത്യവാങ്മൂലം കൊടുക്കുന്നുണ്ട്. പരിശോധനയിൽ ഇരട്ടവോട്ടുകണ്ടാൽ കർശന നടപടിയുണ്ടാകും. ഡിസംബർ 9ന് കരട് പട്ടിക വരുമ്പോൾ ആക്ഷേപങ്ങളും അവകാശങ്ങളും സമർപ്പിക്കാൻ സംവിധാനമുണ്ട്… കമ്മീഷൻ വിവരിക്കുന്നു.

മീഡിയ വണ്ണിന് നൽകുന്ന ഈ മറുപടി എസ്‌ഐആറിനെതിരേ വ്യാജം പ്രചരിപ്പിക്കുന്ന എല്ലാവർക്കുമുള്ള തെരഞ്ഞെടുപ്പുകമ്മീഷന്റെ മറുപടികൂടിയാണ്.
എന്നാൽ മീഡിയാ വൺ ചാനൽ, അവരുടെ വാർത്തിൽ കണ്ണടച്ചുനടത്തിയ വിമർശനത്തിലെ വലിയ പിഴവ് കമ്മീഷൻ ചൂണ്ടിക്കാണിക്കുന്നതിങ്ങനെ: ”മേൽ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്നത് സംസ്ഥാനതെരഞ്ഞെടുപ്പുകമ്മീഷന്റെ ലോഗോയാണ്. എസ്‌ഐആർ നടത്തിപ്പു ചുമതല മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കീഴിലാണ്. രണ്ടും രണ്ട് ഭരണ സംവിധാനങ്ങളാണെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു. ആയതിനാൽ ലോഗോ ഉപയോഗിക്കുമ്പോൾ ശ്രദ്ധ ചെലുത്തണമെന്ന വിവരരും ഈ അവസരത്തിൽ അറിയിക്കുന്നു.”
മീഡിയാ വണ്ണിന്റെ പ്രചാരണം എസ്‌ഐആറിനെ എതിർക്കുകയും നടക്കുന്ന തീവ്രയത്‌ന പരിപാടിയെ തടസപ്പെടുത്തുകയും ‘ജൻസ്’ മോഡൽ എതിർപ്പ് രാജ്യത്തുണ്ടാക്കുകയും ചെയ്യുകയെന്ന ലക്ഷ്യംവെച്ചുള്ളതുമാണ്. എന്നാൽ, സംസ്ഥാന തെരഞ്ഞെടുപ്പുകമ്മീഷൻ മീഡിയ വണ്ണിന്റെ എല്ലാ വ്യാജപ്രചാരണങ്ങളെയും അതിന്റെ കൃത്യതയില്ലായ്‌മയേയും പത്രക്കുറിപ്പിലൂടെ തുറന്നുകാട്ടിയിരിക്കുകയാണ്. വാർത്തകളുടെ നിലവാരവും പ്രചാരവും വിലയിരുത്തുന്ന രാജ്യത്തെ നിയമപ്രകാരമുള്ള ടെലിവിഷൻ റേറ്റിങ് സംവിധാനം ബഹിഷ്‌കരിച്ച ടിവി ചാനലിന് വാർത്തയിലെ വ്യാജം കണ്ടെത്തിയ ഈ സംഭവം കനത്ത പ്രഹരംതന്നെയാണ്.