ന്യൂദൽഹി: 2008ലെ മുംബൈ ഭീകരാക്രമണത്തിന് തിരിച്ചടി നൽകാത്തതിന് കാരണം അമേരിക്കയുടെ സമ്മർദ്ദം മൂലമാണെന്ന് തുറന്ന് പറഞ്ഞ് മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം. അന്നത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൻമോഹൻ സിങ് സർക്കാരിനെ സമ്മർദ്ദത്തിലാക്കിയെന്നും മൗനം പാലിക്കണമെന്നും തിരിച്ചടിക്കുന്നത് ബുദ്ധിയല്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചുവെന്നും പി.ചിദംബരം പറഞ്ഞു.
അന്നത്തെ യു എസ് സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് ഇന്ത്യയിലെത്തി തന്നെയും മൻമോഹൻ സിങിനെയും കണ്ടു. തുടർന്ന് തിരിച്ചടിക്കുന്നത് ബുദ്ധിയല്ലെന്ന് അന്നത്തെ വിദേശകാര്യ മന്ത്രി പ്രണബ് മുഖർജി പറഞ്ഞു. മൗനം പാലിക്കുന്നതാണ് നല്ലതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചുവെന്നും പി. ചിദംബരം പറഞ്ഞു. പരാമര്‍ശങ്ങളെ വിമര്‍ശിച്ചും പരിഹസിച്ചും ബിജെപി നേതാക്കള്‍ രംഗത്തെത്തി.
അന്നത്തെ യുപിഎ സർക്കാരിന്റെ ബലഹീനത തുറന്നു കാട്ടുന്നതാണ് പി ചിദംബരത്തിന്റെ തുറന്ന് പറച്ചിൽ. രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും പരമാധികാരത്തിനും ആത്മാഭിമാനത്തിനും ഏറ്റ വലിയ മുറിവായിരുന്നു മുംബൈ ഭീകരാക്രമണം. ഇതിനെതിരെ ശക്തമായ തിരിച്ചടി രാജ്യം ആഗ്രഹിച്ചിരുന്നു. തിരിച്ചടിക്ക് സൈന്യവും സജ്ജമായിരുന്നു. എന്നാൽ മൻ മോഹൻ സർക്കാർ അതിന് ആവശ്യമായ അനുമതി നൽകിയിരുന്നില്ല.
175 പേരുടെ ജീവനാണ് മുംബൈ ഭീകരാക്രമണത്തില്‍ അപഹരിക്കപ്പെട്ടത്. സംഭവത്തിന് പിന്നാലെ ആഭ്യന്തര മന്ത്രിയായിരുന്ന ശിവരാജ് പാട്ടില്‍ രാജി വയ്‌ക്കുകയും ചിദംബരം ചുമതലയേല്‍ക്കുകയും ചെയ്തു. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ചിദംബരത്തിന്റെ വെളിപ്പെടുത്തലുകള്‍.