2006 ലെ മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട കമാല്‍ അഹമ്മദ് അന്‍സാരിയുടെ ശവകുടീരത്തില്‍ കോടതി വിധി ഉറക്കെ വായിച്ച് കുടുംബം. വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയവെ, നാലുവര്‍ഷം മുമ്പാണ് കമാല്‍ അന്‍സാരി മരിച്ചത്.
ബീഹാറിലെ മധുബാനി സ്വദേശിയായ അന്‍സാരി 2006ലാണ് കേസില്‍ അറസ്റ്റിലാവുന്നത്. പ്രദേശത്ത് നടത്തിയിരുന്ന ചെറിയ ചിക്കന്‍ കടയില്‍ നിന്നും പച്ചക്കറി വിറ്റുമാണ് ഭാര്യയെയും അഞ്ച് കുട്ടികളുമടങ്ങിയ കുടുംബത്തെ അന്‍സാരി നയിച്ചിരുന്നത്. കേസില്‍ വര്‍ഷങ്ങള്‍ നീണ്ട വിചാരണക്കൊടുവില്‍ 2015ലാണ് മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമപ്രകാരം പ്രത്യേക കോടതി 12 പേരെ കുറ്റക്കാരായി കണ്ടെത്തിയത്. തുടര്‍ന്ന്, അന്‍സാരി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് വധശിക്ഷ വിധിച്ചു. 16 വര്‍ഷമാണ് അന്‍സാരി ജയിലില്‍ കഴിഞ്ഞത്. കേസില്‍ മുംബെ ഹൈകോടതി വാദം കേള്‍ക്കുന്നതിനിടെ 2021ല്‍, നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് അന്‍സാരി മരിച്ചു.
തുടര്‍ന്ന്, തെളിവുകളിലെ പാകപ്പിഴ, സംശയാസ്പദമായ സാക്ഷി മൊഴികള്‍, കുറ്റസമ്മതത്തിലെ പിശകുകള്‍ എന്നിവ ചൂണ്ടിക്കാട്ടി 2025 ജൂലൈ 21ന് എല്ലാ ശിക്ഷകളും റദ്ദാക്കിയ ബോംബെ ഹൈകോടതി 12 പ്രതികളെയും കുറ്റവിമുക്തരാക്കുകയായിരുന്നു.
ഞായറാഴ്ച അന്‍സാരിയുടെ ശവകുടീരത്തിനരികെ ഇളയ സഹോദരന്‍ ജമാല്‍ അഹമ്മദ് അടക്കമുള്ളവര്‍ എത്തിയിരുന്നു.
‘കോടതി അദ്ദേഹത്തിന് അവസാനം നീതി നല്‍കി, പക്ഷേ നഷ്ടപ്പെട്ട 16 വര്‍ഷങ്ങളുടെ കാര്യമോ? അദ്ദേഹത്തിന്റെ കുട്ടികള്‍ അഛന്റെ സാന്നിധ്യമില്ലാതെ വളര്‍ന്നു. ഭാര്യയാകട്ടെ അപമാനിതയായാണ് ഇക്കാലമത്രയും ജീവിതം തള്ളിനീക്കിയത്. ശവകുടീരത്തിങ്കലെങ്കിലും അദ്ദേഹം കുറ്റവാളിയല്ലെന്ന് കോടതിവിധി വായിച്ചറിയിക്കട്ടെ’സഹോദരന്‍ പറഞ്ഞു.