• Thu. Apr 2nd, 2026

24×7 Live News

Apdin News

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക്

Byadmin

Apr 2, 2026


കാഞ്ഞാണി: എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമങ്ങള്‍ക്ക് വീണ്ടും തുടക്കമായി. നാട്ടിക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അന്തിക്കാട് കുളത്തിന് ചേര്‍ന്നുള്ള ആല്‍ത്തറയിലാണ് സംവാദം നടന്നത്.

നാസിക് എംഎല്‍എ മഹേഷ്, ഡോ.വൈഭവ്, നാസിക് മണ്ഡലം പ്രസിഡന്റ് രാജേഷ്, ജില്ല പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ്, ജില്ല സെക്രട്ടറി ജാന്‍സി, ബിജെപി നാട്ടിക മണ്ഡലം വൈസ് പ്രസിഡന്റ് ഗോകുല്‍ കരിപ്പിള്ളി, ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് രാഖി പ്രദീപ്, പഞ്ചായത്ത് മെമ്പര്‍ ബിജു അണ്ടേഴത്ത്, സുനില്‍ദത്ത് തുടങ്ങിയവര്‍ സംവാദത്തില്‍ പങ്കെടുത്തു.

സത്യന്‍ അന്തിക്കാടിന്റെ വീട്ടിലെത്തി വോട്ട് അഭ്യര്‍ത്ഥിച്ച ശേഷമാണ് സുരേഷ്ഗോപി കലുങ്ക് ആല്‍ത്തറ സംവാദത്തിനെത്തിയത്. ‘മുകുന്ദേട്ടാ നാട്ടിക വിളിക്കുന്നു’….. ഞാനുറപ്പ് തരുന്നു, നിങ്ങള്‍ മനസ്സ് വച്ചാല്‍ മുകുന്ദേട്ടന്‍ നാട്ടിക ഇങ്ങെടുത്തിരിക്കും. സുരേഷ്ഗോപി പറഞ്ഞു. എന്തുകൊണ്ട് മുകുന്ദന്‍ എന്ന ചോദ്യം നിങ്ങള്‍ ഓരോരുത്തരും ചോദിക്കണം. ഞാന്‍ പറയുന്നു എന്തുകൊണ്ടും സി.സി. മുകുന്ദന്‍, എനിക്കാ ഉത്തരമാണ് കണ്ടെത്താന്‍ സാധിച്ചത്.

മുകുന്ദന്‍ എന്നേക്കാള്‍ ചെറുപ്പമാണെങ്കിലും ഒരു വല്യേട്ടന്റെ ലുക്കാണദ്ദേഹത്തിന്. കുറഞ്ഞത് 15,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നാട്ടികയില്‍ നിന്ന് മുകുന്ദേട്ടന്‍ വിജയിക്കുമെന്ന് എനിക്ക് ഉറപ്പാണ്. കലുങ്ക് – ആല്‍ത്തറ സംഗമങ്ങളുടെ പുനരാരംഭം അന്തിക്കാട് നിന്ന് ആരംഭിക്കുകയാണ്. സുരേഷ് ഗോപി പറഞ്ഞു.



By admin