മുഖം മറച്ചും വിലങ്ങണിയിച്ചും കെ.എസ്.യു നേതാക്കളെ കോടതിയില്‍ ഹാജരാക്കിയ നടപടിയിലൂടെ സംസ്ഥാന പൊലീസ് കേരള മനസാക്ഷിയെ വീണ്ടുമൊരി ക്കല്‍ക്കൂടി ഞെട്ടിച്ചിരിക്കുകയാണ്. ക്രൂരമായ കസ്റ്റഡി മര്‍ദ്ദനങ്ങളുടെയും പിടിച്ചുപറിയുടെയും ഭീഷണിയിലൂടെയുമെല്ലാം അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ നിരന്തരമായി പുറത്തുവന്ന് നാണക്കേടിന്റെ ആഴിയില്‍ ആപതിച്ചു നില്‍ക്കുന്നതിനിടെയാണ് പൊലീസ് സേനക്ക് മറ്റൊരു മുള്‍ക്കിരീടം സമ്മാനിക്കുന്ന നെറികെട്ട പ്രവര്‍ത്തനം വ ടക്കാഞ്ചേരി പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. എസ്.എഫ്.ഐ നേതാക്കളെ ആക്രമിച്ചെന്ന കേസില്‍ കൊയിലാണ്ടിയില്‍ നിന്ന് അറസ്റ്റ് ചെയ്ത മൂന്ന് കെ.എസ്.യു നേതാക്കളെ കഴിഞ്ഞ വ്യാഴായ്ച്ച രാത്രിയാണ് കൊടും കുറ്റവാളികളെയെന്ന പോലെ വിലങ്ങണിയിച്ച് മുഖംമൂടി ധരിപ്പിച്ച് വടക്കാഞ്ചേരി സ്റ്റേഷനിലെ ത്തിച്ചത്. കേവലമായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ പേരില്‍ കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസിന്റെ ഈ പൊറാട്ടുനാടകം. പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ഉത്തരവിട്ട നടപടിയില്‍ തന്നെയുണ്ട് ഈ കിരാത നടപടിയോടുള്ള കോടതിയുടെ അമര്‍ഷം. എന്തിനാണിവരെ മുഖം മറച്ച് ഹാജരാക്കിയതെന്ന കോടതിയുടെ ചോദ്യത്തിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല.
പ്രതികള്‍ക്ക് കൈവിലങ്ങ് ചാര്‍ത്താനുള്ള ഉപാധികള്‍ രാജ്യത്തെ നിലവിലുള്ള നിയമ സംഹിത കൃത്യമായി വിശദീകരിക്കുന്നുണ്ട്. സ്ഥിരം കുറ്റവാളികള്‍, കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയവര്‍, ഭീകര പ്രവര്‍ത്തനത്തിലോ സംഘടിത കുറ്റകൃത്യത്തിലോ ലൈംഗിക കുറ്റങ്ങളിലോ ഏര്‍പ്പെട്ടവര്‍ എന്നിവരെ അറസ്റ്റ് ചെയ്യുമ്പോഴും കോടതിയില്‍ ഹാജരാക്കുമ്പോഴും കൈവിലങ്ങണിയിക്കാം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ മറപിടിച്ചാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് തങ്ങളുടെ ഇംഗിതം നടപ്പാക്കാന്‍ പൊലീസ് ശ്രമിച്ചത്. എന്നാല്‍ മുഖം മറച്ചുപിടിച്ചതിനുള്ള ന്യായീകരണം ഒരുക്കാന്‍ ഈ നാടകങ്ങള്‍ക്കൊണ്ടും സാധ്യമല്ല. പിണറായി സര്‍ക്കാറിന്റെയും സി.പി.എമ്മിന്റെയും പ്രീതി നേടിയെടുക്കാനുള്ള അത്യാര്‍ത്തിയില്‍ ക ണ്ണും മുഖവും നഷ്ടപ്പെട്ടു പോയ സംവിധാനമായി കേരളത്തിലെ പൊലീസ് ഇന്ന് അധപ്പതിച്ചിരിക്കുന്നു എന്നതാണ് വസ്തുത. നിരന്തരമായി സംഭവിച്ചുകൊണ്ടിരി ക്കുന്ന വീഴ്ച്ചകള്‍ തുറന്നുപറയുന്നത് ഈ സംഭവങ്ങളൊന്നും ആകസ്മികമല്ലെന്നും ആസൂത്രിതമാണെന്നുമാണ്. പൊതുജനങ്ങളോ പ്രതിപക്ഷത്തുള്ളവരോ മാത്രമല്ല, ഭരണപക്ഷത്തുള്ളവര്‍ക്കും ഈ കലിപൂണ്ട ക്രമസമാധാന പാലനം കൊണ്ട് രക്ഷയില്ലാതായിത്തീര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം സമാപിച്ച സി.പി.ഐ സംസ്ഥാന സമ്മേളനത്തിലെ ചര്‍ച്ചകള്‍ പൊലീസിനെക്കൊണ്ടുള്ള നിവൃത്തികേടിന്റെ നിദര്‍ശനമായിരുന്നു.
പൊലീസിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമെന്ന് സമ്മേളന റിപ്പോര്‍ട്ടില്‍ എഴുതിവെച്ചതിന്റെ പേരില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് ഏല്‍ക്കേണ്ടി വന്നത് രൂക്ഷ വിമര്‍ശനമാണ്. സമ്മേളന പ്രതിനിധികളുടെ ഭാഷ തന്നെ അവര്‍ അനുഭവിക്കുന്ന പ്രതിസന്ധിയുടെ തീക്ഷ്ണത തുറന്നു കാണിക്കുന്നുണ്ട്. ‘പൂരം കലക്കല്‍ സെക്രട്ടറി മറന്നുപോയോ, ബിനോയ് വിശ്വത്തിന് പദവിയില്‍ ഇരിക്കാന്‍ അര്‍ഹതയില്ല, സ്റ്റേഷനിലെത്തുന്നവരുടെ കൂമ്പിടിച്ചു കലക്കുന്ന പൊലീസിനെ പുകഴ്ത്താന്‍ വല്ലാത്ത രാഷ്ട്രീയ ധൈര്യംവേണം’ എന്നിങ്ങനെ പോകുന്നു വിമര്‍ശനങ്ങള്‍. റോമാ സാമ്രാജ്യം കത്തിരിയുമ്പോള്‍ വീണ വായിക്കുന്ന നീറോ ചക്രവര്‍ത്തിയെ പോലും നാണിപ്പിക്കുകയാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് നരനായാട്ട് സംസ്ഥാനത്തിന്റെ സൊയ്ര്യ ജീവിതത്തെ തകര്‍ത്ത് തരിപ്പണമാക്കുമ്പോള്‍ മൗനത്തിന്റെ മഹാമാളത്തില്‍ അഭിരമിക്കുകയാണദ്ദേഹം. മാധ്യമപ്രവര്‍ ത്തകര്‍ പിന്നാലെ നടന്ന് ചോദ്യങ്ങള്‍ ചോദിച്ചുനോക്കിയിട്ടും ആശാന്‍ ഒരക്ഷരം ഉരിയാടാന്‍ തയാറാകുന്നില്ല. കഴിഞ്ഞ ദിവസം ചോദ്യങ്ങളുന്നയിച്ച മാധ്യമ പ്രവര്‍ത്തകരെ നോട്ടംകൊണ്ട് വിരട്ടാനാണ് പിണറായി വിജയന്‍ ശ്രമിച്ചത്. സംസ്ഥാനത്തിന്റെ ക്രമസമാധാന രംഗം തകര്‍ന്നു തരിപ്പണമായിക്കിടക്കുമ്പോള്‍ അതേക്കുറിച്ച് ഒരക്ഷരം ഉരിയാടാന്‍ പോലും കഴിയാത്തത്ര ദുര്‍ബലനായിത്തീര്‍ന്നിരിക്കുകയാണ് വകുപ്പ് മന്ത്രി പിണറായി. താന്‍ സംബന്ധിക്കുന്ന പരിപാടികള്‍ക്ക് ആളുകള്‍ കുറഞ്ഞാല്‍പോലും പ്രതികരിക്കാന്‍ ഒട്ടും അമാന്തിച്ചുനില്‍ക്കാത്ത മുഖ്യന്റെ ഈ മൗനം ദുരൂഹമാണ്.