• Mon. May 5th, 2025

24×7 Live News

Apdin News

മുഖത്ത് തുപ്പി, നായയെ കൊണ്ട് കടിപ്പിക്കാന്‍ ശ്രമിച്ചു; കാഞ്ഞങ്ങാട് ദലിത് യുവാവിന് നേരെ ക്രൂരമര്‍ദനം

Byadmin

May 4, 2025


കാഞ്ഞങ്ങാട് എളേരിത്തട്ടില്‍ പറമ്പില്‍ കയറി വാഴയില വെട്ടിയെന്നാരോപിച്ച് ദലിത് യുവാവിനെ സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘം ക്രൂരമായി ആക്രമിച്ചു. വളര്‍ത്തു നായയെ ഉപയോഗിച്ച് കടിപ്പിക്കാനും ശ്രമിച്ചു. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമപ്രകാരം ജാമ്യമില്ല വകുപ്പില്‍ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. എളേരിത്തട്ട് മയിലുവള്ളിയിലെ കെ.വി. വിജേഷിന്റെ (32) പരാതിയില്‍ എളേരിത്തട്ട് സ്വദേശികളായ റജി, രേഷ്മ, രതീഷ്, നിധിന എന്നിവര്‍ക്കെതിരെയാണ് കേസ്.

കഴിഞ്ഞദിവസം മാവിലന്‍ സമുദായക്കാരനായ യുവാവിനെ ഉയര്‍ന്ന ജാതിയില്‍പെട്ട പ്രതികള്‍ ആക്രമിച്ചെന്നാണ് പരാതി. തടഞ്ഞുനിര്‍ത്തി കൈകൊണ്ട് അടിച്ചും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചശേഷം പിടിച്ചുകൊണ്ടുപോയി റജിയുടെ കടയിലെത്തിച്ച് മരവടി കൊണ്ട് അടിച്ചും അടിയേറ്റ് നിലത്തുവീണ സമയം മറ്റ് പ്രതികള്‍ കാല്‍കൊണ്ട് ചവിട്ടിയും പരിക്കേല്‍പിച്ചു. റജി കാര്‍ക്കിച്ച് മുഖത്ത് തുപ്പിയതായും പരാതിയില്‍ പറഞ്ഞു.

റജിയുടെ പറമ്പിലെ വാഴയുടെ കൈ പരാതിക്കാരന്‍ വെട്ടിയന്നാരോപിച്ചാണ് ആക്രമണം. യുവാവിനെ ക്രൂരമായി ആക്രമിക്കുന്നതിന്റെ കാമറദൃശ്യം പുറത്തുവന്നിട്ടുണ്ട്. കേസ് കാസര്‍കോട് എസ്.എം.എസ് ഡിവൈ.എസ്.പിക്ക് കൈമാറുമെന്ന് പൊലീസ് പറഞ്ഞു.

By admin