• Sun. Nov 23rd, 2025

24×7 Live News

Apdin News

മുഖാമുഖം: ബിജെപിയുടെ വികസിത കേരളം ജനങ്ങള്‍ ഏറ്റെടുക്കുന്നു

Byadmin

Nov 23, 2025



എംപിയും എംഎല്‍എയും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നയാളാണ് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. ഏറ്റവും വിഷമം പിടിച്ചതും അതേസമയം ഏറ്റവും സംതൃപ്തി തരുന്നതുമായ പ്രവര്‍ത്തനം പഞ്ചായത്തിലാണെന്ന് അദ്ദേഹം പറയുന്നു. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനും അവരുടെ സങ്കടങ്ങളും പരിഭവങ്ങളും എല്ലാം നേരിട്ടറിയുവാനും പഠിക്കാനും പറ്റിയ ഒരു സര്‍വകലാശാലയാണ് തദ്ദേശ സ്ഥാപനങ്ങള്‍. ഈ രംഗത്ത് വിജയിച്ചാല്‍ പൊതുരംഗത്ത് നല്ല ഭാവിയുണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ സാക്ഷ്യം. തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസരത്തില്‍ അദ്ദേഹം എന്‍.പി. സജീവിന് നല്കിയ അഭിമുഖം.

കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഭരിക്കും

വോട്ട് ഷെയര്‍ വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ശ്രദ്ധേയമായ നഗരസഭകളും പഞ്ചായത്തുകളുമെല്ലാം വിജയിച്ച് ഭരിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ബിജെപി നേരത്തെ തന്നെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. തിരുവനന്തപുരം, തൃശൂര്‍, കൊടുങ്ങല്ലൂര്‍, പാലക്കാട് മണ്ഡലം തുടങ്ങി നിരവധി നഗരകേന്ദ്രങ്ങളിലും അതുപോലെ തന്നെ പരമ്പരാഗതമായി സ്വാധീനമുള്ള പഞ്ചായത്തുകളിലും മാത്രമല്ല, പൊതുവെ കേരളത്തില്‍ വന്‍തോതില്‍ അടിയൊഴുക്കുകള്‍ ഉണ്ടാവുകയും ബിജെപിയുടെ വോട്ട് ഷെയര്‍ വലിയ തോതില്‍ വര്‍ദ്ധിക്കുന്ന ഒരു തെരഞ്ഞെടുപ്പായിരിക്കും ഇത്. വളരെ അനുകൂലമായിട്ടുള്ള രാഷ്‌ട്രീയ സാഹചര്യമാണ്.

ശബരിമല

സിപിഎമ്മിന്റെ വാദം ഉദ്യോഗസ്ഥന്‍മാര്‍ക്ക് പറ്റിയ വീഴ്ച എന്ന നിലയിലായിരുന്നു പിണറായി ഉള്‍പ്പെടെ പ്രചരിപ്പിച്ചിരുന്നത്. പത്മകുമാറിന്റെയും എന്‍. വാസുവിന്റെയും അറസ്റ്റോടെ സിപിഎം നേതാക്കള്‍ തന്നെ നടത്തിയതാണ് ഈ കൊള്ളയെന്ന് പകല്‍വെളിച്ചം പോലെ വ്യക്തമായിരിക്കുകയാണ്. ഇത് സിപിഎമ്മിന് കനത്ത അടിയാണ്. ഇതില്‍ നിന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പിലും ഇവര്‍ക്ക് കരകയറാന്‍ സാധിക്കില്ല. ഈ കറ കഴുകിക്കളയാന്‍ ഒരിക്കലും പറ്റില്ല. വിശ്വാസികള്‍ക്ക് മാത്രമല്ല, ജനാധിപത്യവിശ്വാസികള്‍ക്കെല്ലാം ഇതില്‍ ഭയങ്കര പ്രതിഷേധമുണ്ട്. അയ്യപ്പനെ മനസില്‍ ധ്യാനിച്ച് ജനങ്ങള്‍ നല്കുന്ന ആഘാതം സിപിഎമ്മിന്റെ സര്‍വനാശത്തിലേക്കുള്ള ഒരു ആരംഭമായിരിക്കും.

ബീഹാറിന്റെ പ്രതിഫലനം

കണ്ണൂര്‍ കോര്‍പ്പറേഷന്റെ ചുമതലയില്‍ എല്ലാ ദിവസവും വീടുകള്‍ കയറാറുണ്ട്. അങ്ങനെ ഗൃഹസമ്പര്‍ക്കത്തിലൂടെ മനസിലാക്കാന്‍ കഴിഞ്ഞത് ബീഹാറിനു ശേഷം വലിയൊരു മാറ്റമുണ്ട്. കോണ്‍ഗ്രസ് കമ്യൂണിസ്റ്റ് കുടുംബത്തില്‍ നിന്നുള്ളവര്‍ പരസ്യമായിട്ട് ബിജെപിക്കൊപ്പമാണെന്ന് തുറന്ന് പറയുന്നു. ന്യൂനപക്ഷ വിഭാഗത്തില്‍ പ്രത്യേകിച്ച് മുസ്ലിം വിഭാഗത്തില്‍ അനുകൂലമായിട്ടുള്ള മാറ്റം കുറച്ചുകാലമായിട്ടുണ്ട്. ബീഹാറിനുശേഷം മുസ്ലിങ്ങള്‍ക്കിടയില്‍ കൂടുതലായി അനുകൂലമായ മാറ്റം കാണുന്നുണ്ട്. അവിടെ ന്യൂനപക്ഷങ്ങളിലുണ്ടായ മാറ്റം ഇവിടെയും വലിയതോതില്‍ പ്രതിഫലിക്കുന്നുണ്ട്. മലപ്പുറം, കണ്ണൂര്‍, പാനൂര്‍, പെരങ്ങത്തൂര്‍ തുടങ്ങി നിരവധി മേഖലകളില്‍ നിന്നും ബിജെപിയിലേക്ക് ഒഴുകിെയത്തുന്നു. അസീസ് കുറുവ ഉള്‍പ്പെടെയുള്ള മുസ്ലിം ലീഗ്, സിപിഎം പാര്‍ട്ടികളില്‍പ്പെട്ടവര്‍ ബിജെപിയില്‍ എത്തുന്നുണ്ട്. മഞ്ചേശ്വരത്ത് നിന്ന് കോളജ് പ്രന്‍സിപ്പല്‍ സലീഹി മാഷ് ലീഗില്‍ നിന്നും ബിജെപിയില്‍ എത്തി. ഇത് കാണിക്കുന്നത് മുസ്ലിം സമുദായത്തില്‍ ബിജെപി വിരോധം കുറഞ്ഞുവരുന്നു. ഇത് അനുകൂലമായ സ്ഥിതിവിശേഷം ഉണ്ടാക്കും.

കണ്ണൂര്‍ കോര്‍പറേഷനിലെ നാലാം ഡിവിഷനില്‍ പള്ളിക്കുന്നില്‍ നടന്ന ഗൃഹസമ്പര്‍ക്കത്തില്‍ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി

മോദി സര്‍ക്കാരിന്റെ പദ്ധതികള്‍

കഴിഞ്ഞ ദിവസമാണ് കൃഷി സമ്മാന്‍ നിധിയുടെ 2000 രൂപ പ്രധാനമന്ത്രി നരേന്ദ്ര മോദി കോയമ്പത്തൂരില്‍ നിന്നും അക്കൗണ്ടുകളിലേക്ക് അയച്ചുകൊടുത്തത്. കേരളത്തില്‍ മാത്രം 39 ലക്ഷം കുടുംബങ്ങള്‍ക്കാണ് ഈ സഹായനിധി ആറായിരം രൂപ ഉള്‍പ്പെടെ ലഭിക്കുന്നത്. എന്റെ ബാപ്പ നല്ലൊരു കൃഷിക്കാരനായിരുന്നു. തെങ്ങും കവുങ്ങും നെല്ലും വാഴയുമെല്ലാം ഉഴുന്നും എള്ളും മുതിരയും കൃഷി ചെയ്ത ഒരു ഉത്തമ കൃഷിക്കാരനായിരുന്നു. കുട്ടിക്കാലത്ത് കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും തെരഞ്ഞെടുപ്പിനായി വീട്ടില്‍ വരുമ്പോള്‍ ചോദിക്കുമായിരുന്നു നിങ്ങള്‍ മാറിമാറി ഭരിച്ചിട്ട് ഒരു നയാപൈസ കൃഷിക്കാര്‍ക്ക് തന്നില്ലല്ലോയെന്ന്. ഇന്ന് ബാപ്പ ജീവിച്ചിരിപ്പില്ലെങ്കിലും അദ്ദേഹത്തിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും. കൃഷിക്കാരന് ഏറ്റവും അനുകൂലമായ പദ്ധതിയാണ് കൃഷി സമ്മാന്‍. അതിലൂടെ നാലര ലക്ഷം കോടി രൂപയാണ് ഭാരതത്തിലാകെ കൊടുത്തത്. പത്തരലക്ഷം കോടിയുടെ സഹായം ഇക്കാലയളവില്‍ എത്തിയിട്ടുണ്ട്. അതുപോലെ മോദിയുടെ വികസന ക്ഷേമനിധിയുടെ ആനുകൂല്യം ലഭിക്കാത്തവര്‍ കേരളത്തില്‍ ഇല്ല. പടിപടിയായി കിട്ടിക്കൊണ്ടിരിക്കുന്ന ജനപിന്തുണയുടെ ഒരു ഘടകം മോദി ഫാക്ടറാണ്.

കേരളത്തില്‍ വലിയ മാറ്റമുണ്ടാകും

ധൂര്‍ത്തും ആര്‍ഭാടവും അഴിമതിയും കൊണ്ട് പിണറായി സര്‍ക്കാര്‍ കേരളത്തെ കടക്കെണിയിലാക്കി. അതിന്റെ ഏറ്റവും വലിയ ദുരന്തം അനുഭവിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ളവരാണ്. അവരുടെ ഫണ്ടാണ് ഭീമമായി വെട്ടിക്കുറച്ചത്. റോഡുകളെല്ലാം കുണ്ടുംകുഴിയുമായി മാലിന്യകൂമ്പാരമായി കിടക്കുകയാണ്. വികസിത ഭാരതത്തെ പോലെ വികസിത കേരളം ഉണ്ടാക്കാന്‍ ഞങ്ങള്‍ കൂടെയുണ്ടാകുമെന്ന സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശഖരന്റെ മുദ്രാവാക്യം ജനഹൃദയങ്ങളില്‍ പ്രതിധ്വനിക്കുകയാണ്. വികസിത കേരളമെന്ന ആശയം ജനങ്ങളെ വളരെയേറെ ആകര്‍ഷിച്ചിട്ടുണ്ട്. പ്രാഥമിക ഹെല്‍ത്ത് സെന്റര്‍ പുതിയ കെട്ടിടങ്ങള്‍ വന്നിട്ടുണ്ട്. പല പിഎച്ച്എസികളും ആധുനിക സംവിധാനങ്ങളോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതെല്ലാം കേന്ദ്രത്തിന്റെ ഫണ്ടാണ്. മാതൃകാ അങ്കണവാടികള്‍ ഉണ്ടാക്കിയിട്ടുണ്ട്. പല നഗരങ്ങളിലും അമൃത് പദ്ധതിയുടെ പല വികസനങ്ങളും നടക്കുന്നുണ്ട്.
ജനനിധി, ഗ്യാസ് കണക്ഷന്‍ തുടങ്ങി വികസിത പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കേന്ദ്രവിഹിതമുണ്ടെന്ന് കൃത്യമായി ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. ഒന്നര ലക്ഷം കോടി രൂപയുടെ നാഷണല്‍ ഹൈവേയില്‍ സംസ്ഥാനത്തിന്റെ അയ്യായിരം കോടി രൂപ മാത്രമെയുള്ളു. ബാക്കിയെല്ലാം കേന്ദ്രത്തിന്റേതാണെന്ന് ജനങ്ങള്‍ക്കറിയാം. പക്ഷെ പല കേന്ദ്ര പദ്ധതികളും ഇവിടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കത്തതില്‍ വലിയ അമര്‍ഷം ജനങ്ങള്‍ക്കുണ്ട്. അതെല്ലാം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. തൊഴിലില്ലാത്തതുകൊണ്ട് ചെറുപ്പക്കാരെല്ലാം വിദേശത്ത് പോവുകയാണ്. വീടുകളില്‍ പ്രായമുള്ളവരെ മാത്രമെ കാണാന്‍ സാധിക്കുകയുള്ളു. 70 വയസു കഴിഞ്ഞവര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് സ്‌കീം നടപ്പാക്കത്തതിലുള്ള വയോജനങ്ങളുടെ ശാപത്തില്‍ പിണറായി വിജയന്‍ കത്തിച്ചാമ്പലാകും.

മുസ്ലിം സ്ഥാനാര്‍ത്ഥികള്‍

പൊതുവെ മുസ്ലിങ്ങളെ സ്ഥാനാര്‍ത്ഥികളാക്കില്ലെന്നാണ് പ്രചരണം. എന്നാല്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ തട്ടമിട്ട മുസ്ലിം സ്ത്രീ ബിജെപി സ്ഥാനാര്‍ത്ഥിയാണ്. മിക്ക ജില്ലാ പഞ്ചായത്തുകളിലും സധൈര്യം ന്യൂനപക്ഷ സ്ഥാനാര്‍ത്ഥികളുണ്ട്. സി.എച്ച്. മുഹമ്മദ് കോയയും എം.കെ. മുനീറും ഒക്കെ കൗണ്‍സിലറായ കോഴിക്കോട് കോര്‍പ്പറേഷനിലെ മുഗധാര്‍ എന്ന വാര്‍ഡില്‍ ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് അബ്ദുള്‍ റസാക്കാണ്. ഇങ്ങനെ വലിയൊരു മാറ്റമുണ്ട്. ദുഷ്പ്രചരണങ്ങളൊന്നും ഇപ്പോള്‍ ഫലിക്കുന്നില്ല. ദേശീയ താത്പര്യത്തിന് അനുയോജ്യമായ രാഷ്‌ട്രീയം അല്‍പ്പം വൈകിയാണെങ്കിലും രൂപപ്പെട്ട് വരുന്നുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

By admin