ശബരിമല സ്വര്‍ണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. അയ്യപ്പന്റെ സ്വര്‍ണം തൊട്ടവരുടെ കൈ പൊള്ളുമെന്നും മോഷണത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രിക്ക് ഇപ്പോള്‍ ചിത്തഭ്രമത്തിന്റെ തുടക്കമാണെന്നും കെ. മുരളീധരന്‍ പറഞ്ഞു. കാസര്‍കോട് ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന വിശ്വാസ സംരക്ഷണ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങളുടെ ഭരണകാലത്ത് അവതാരങ്ങള്‍ ഉണ്ടാകില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ കേരളം കണ്ട ഏറ്റവും വലിയ അവതാരം ഉണ്ണികൃഷ്ണന്‍ പോറ്റി ഉണ്ടായത് ഈ ഇടതുഭരണകാലത്താണെന്നും മുരളീധരന്‍ വിമര്‍ശിച്ചു.
മുഖ്യമന്ത്രിക്ക് ചിത്തഭ്രമം ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കട്ടെന്ന് പറയുന്നില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു. പക്ഷേ മുഖ്യമന്ത്രി മോഷണത്തിന് കൂട്ടുനിന്നു. കൊണ്ടുപോയപ്പോള്‍ സ്വര്‍ണപ്പാളിയും ചെന്നൈയിലെത്തിയപ്പോള്‍ ചെമ്പുപാളിയുമായെന്നും കെ മുരളീധരന്‍ പരിഹസിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ പോലൊരു അവതാരം ഒരുകാലത്തും ഈ ലോകത്ത് ഉണ്ടായിട്ടില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.