ന്യൂദല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസ്ഥാനം നേരിടുന്ന ഗൗരവ വിഷയങ്ങളില്‍ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ പുരോഗതി, ദുരിതാശ്വാസം, സാമ്പത്തിക സ്ഥിരത തുടങ്ങിയ സുപ്രധാന വിഷയങ്ങളാണ് പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തതെന്ന് കൂടിക്കാഴ്ചയ്‌ക്ക് ശേഷം മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ പുനരധിവാസത്തിനായി ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ (NDRF) നിന്ന് 2,221.03 കോടി രൂപ ഗ്രാന്റ് അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചു. ഈ തുക വായ്‌പയായി കണക്കാക്കാതെ ദുരിതാശ്വാസത്തിനും പുനര്‍നിര്‍മാണത്തിനുമായുള്ള ഗ്രാന്റായി പരിഗണിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനും സാമ്പത്തിക പരിധിയില്‍ വരുത്തിയ വെട്ടിക്കുറവ് ഇല്ലാതാക്കുന്നതിനും പ്രധാനമന്ത്രിയുടെ പിന്തുണ തേടി.
ഐജിഎസ്ടി. (IGST) റിക്കവറി തുക തിരികെ നല്‍കുന്ന വിഷയം, ദേശീയപാത ഭൂമി ഏറ്റെടുക്കല്‍ ചെലവിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കുന്നതിന് പ്രത്യേക പരിഗണന നല്‍കേണ്ടത്, കോഴിക്കോട് കിനാലൂരില്‍ കണ്ടെത്തിയ സ്ഥലത്ത് എയിംസ് സ്ഥാപിക്കുന്നതിനുള്ള അനുമതി നല്‍കേണ്ടതിന്റെ പ്രാധാന്യം, സംസ്ഥാനത്ത് ഒരു സ്‌കൂള്‍ ഓഫ് പ്ലാനിംഗ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ (SPA) സ്ഥാപിക്കല്‍ എന്നി വിഷയങ്ങളും ചര്‍ച്ചയായി.