• Sun. Feb 23rd, 2025

24×7 Live News

Apdin News

മുഖ്യമന്ത്രി വിചാരിച്ചാല്‍ അര മണിക്കുര്‍ കൊണ്ട് തിരാവുന്ന വിഷയമാണ് ആശാവര്‍ക്കര്‍മാരുടെത്; രമേശ് ചെന്നിത്തല

Byadmin

Feb 23, 2025


മുഖ്യമന്ത്രി വിചാരിച്ചാല്‍ അര മണിക്കുര്‍ കൊണ്ട് തിരാവുന്ന വിഷയമാണ് ആശാവര്‍ക്കര്‍മാരുടെതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിനോയ് വിശ്വത്തിന്റെ വാക്കും പഴയ ചക്കും ഒരുപോലെയാണെന്നും ചെന്നിത്തല വിമര്‍ശിച്ചു. സമരപന്തല്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആശാവര്‍ക്കര്‍മാരുടെ പ്രയാസങ്ങള്‍ എന്തെന്ന് അറിയണമെന്നും അവര്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ മുഖ്യമന്ത്രി ഇവരെ വിളിക്കണമെന്നും ചെന്നിത്തല പറഞ്ഞു. വിരമിക്കല്‍ ആനുകൂല്യങ്ങള്‍, ഓണറേറിയം വര്‍ധിപ്പിക്കലെല്ലാം ന്യായമായ ആവശ്യങ്ങളാണ്. വെറും 232 രൂപ കൊണ്ട് ഇക്കാലത്ത് ആര്‍ക്കാണ് ജീവിക്കാന്‍ കഴിയുക. മുഖ്യമന്ത്രി ഈ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തിരമായി ഇടപ്പെടുകയാണ് വേണ്ടത്.

ആശാവര്‍ക്കാര്‍മാരുടെ വിഷയത്തില്‍ ധനകാര്യ മന്ത്രിയുടെ പ്രസ്താവന വളരെ ദൗര്‍ഭാഗ്യകരമായി പോയി. എല്ലാവര്‍ക്കും വാരിക്കോരി കൊടുക്കുകയല്ലേ എന്നാണ് മന്ത്രി പറഞ്ഞത്, വാരിക്കോരി കൊടുക്കേണ്ട, ഈ പാവങ്ങള്‍ക്ക് വയര്‍ നിറക്കാനുള്ളത് കൊടുത്താല്‍ മതി. ക്രൂരതയാണ് പിണറായി സര്‍ക്കാര്‍ ആശാ പ്രവര്‍ത്തകരോട് കാണിക്കുന്നത്. ഇവരുടെ ജീവിക്കാന്‍ വേണ്ടിയുള്ള സമരത്തോടൊപ്പം ഞങ്ങളുണ്ടാകും ഇനി ഇവരോട് പ്രതികാര നടപടിയുമായിട്ടാണ് മുന്നോട്ട് പോകുന്നതെങ്കില്‍ അതിനെ അതേ അര്‍ത്ഥത്തില്‍ ഞങ്ങളും ആശാ വര്‍ക്കര്‍മാരും ചേര്‍ന്ന് നേരിടും.

ബിനോയ് വിശ്വത്തിന്റെ വാക്കും പഴയ ചക്കും ഒരുപോലെയാണ്. അദ്ദേഹം പറയുന്നത് ആരും കണക്കിലെടുക്കേണ്ടതില്ല. സായ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നയാളാണ്. എലപ്പുള്ളിയിലെ മദ്യ നിര്‍മ്മാണ കമ്പനിക്കെതിരെ പോരാടുമെന്ന് പറഞ്ഞിട്ട് സിപി.ഐയുടെ എം.എന്‍. സ്മാരക മന്ദിരത്തില്‍ വച്ച് തന്നെ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ വായടപ്പിച്ചു. അതിന് ശേഷം പുള്ളി വാ തുറന്നിട്ടില്ല. ബിനോയ് വിശ്വത്തിന്റെ വാക്കിനെ ആരും വില കല്‍പ്പിക്കുന്നില്ല. ഇപ്പോഴത്തെ സി.പി.ഐക്ക് ആര്‍ജ്ജവമോ തന്റേടമോ ഇല്ല.

ആശാവര്‍ക്കര്‍മാരുടെ സമരം പട്ടിണി കിടക്കുന്നവരുടെ സമരമാണ്. പട്ടിണി കിടക്കുന്നവരുടെ സമരത്തിന് ഒപ്പം നില്‍ക്കുന്നത് സമരത്തെ റാഞ്ചാനല്ല. ഇതില്‍ ഒരു രാഷ്ടീയവും ഇല്ല. എല്ലാ രാഷ്ട്രീയത്തില്‍ പെട്ടവരുമുണ്ട്. സര്‍ക്കാര്‍ ഈ സമരത്തെ അനുഭാവപൂര്‍വ്വം പരിഹരിക്കണം. സര്‍ക്കാര്‍ വക്കീലന്മാര്‍ക്കും പി.എസ്.സി അംഗങ്ങള്‍ക്കും വാരിക്കോരി കൊടുക്കുമ്പോള്‍ ഇവരെ കാണാതെ പോകരുതെന്ന് ചെന്നിത്തല പറഞ്ഞു.

By admin