
പൂനെ : മഹാരാഷ്‌ട്രയിലെ സതാര ജില്ലയിൽ വനിതാ ഡോക്ടർ ബലാത്സംഗം ചെയ്യപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ കുറ്റാരോപിതനായ പോലീസ് സബ് ഇൻസ്പെക്ടർ ഗോപാൽ ബദാനെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ സഹപ്രതിയെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകൾക്ക് ശേഷമാണ് പോലീസ് ഉദ്യോഗസ്ഥന്റെ അറസ്റ്റ്.
ഡോക്ടറുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിരിക്കുന്ന രണ്ട് പേരിൽ ഒരാളായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ പ്രശാന്ത് ബങ്കാറിനെ പൂനെയിൽ നിന്ന് ഫാൽട്ടൺ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ബദാൻ , ഫാൽട്ടൺ റൂറൽ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയതായി സതാര എസ്പി തുഷാർ ദോഷി പറഞ്ഞു. പ്രതിയെ സതാര ജില്ലാ കോടതിയിൽ ഹാജരാക്കി നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.
മറാത്ത്‌വാഡ മേഖലയിലെ ബീഡ് ജില്ല സ്വദേശിയും സതാരയിലെ ഒരു സർക്കാർ ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്നതുമായ വനിത ഡോക്ടറെ വ്യാഴാഴ്ച രാത്രിയാണ് ഫാൽട്ടൺ പട്ടണത്തിലെ ഒരു ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പിൽ പോലീസ് സബ് ഇൻസ്പെക്ടർ ബദാനി തന്നെ പലതവണ ബലാത്സംഗം ചെയ്തുവെന്നും, സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ബങ്കർ തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും യുവതി ആരോപിച്ചു.
ഇരുവർക്കുമെതിരെ ബലാത്സംഗത്തിനും ആത്മഹത്യാ പ്രേരണയ്‌ക്കും കേസെടുത്തിട്ടുണ്ട്. ഡോക്ടർ താമസിച്ചിരുന്ന വീടിന്റെ വീട്ടുടമസ്ഥന്റെ മകനാണ് ബങ്കർ എന്ന് പോലീസ് പറഞ്ഞു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഇയാൾ യുവതിയുമായി ഫോണിൽ ചാറ്റ് ചെയ്തതായി ആരോപിക്കപ്പെടുന്നുണ്ട്. അതേ സമയം അന്വേഷണത്തിനിടെ സബ് ഇൻസ്പെക്ടർ ബദാനിയുടെ പേര് പുറത്തുവന്നതിനെത്തുടർന്ന് ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.