തിരുവനന്തപുരം: കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ കപ്പലില്‍ നിന്നും പടര്‍ന്ന ഇന്ധനം നീക്കാനുള്ള ശ്രമം തുടരുന്നു. തീര സംരക്ഷണ സേനയുടെ മൂന്ന് കപ്പലുകളും ഡോണിയര്‍ വിമാനവുമാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. ആശങ്കപ്പെടാനില്ലെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിക്കുന്നത്.
തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ എത്രയും വേഗം മാലിന്യങ്ങള്‍ നീക്കം ചെയ്യാനാണ് പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരത്തെ തുമ്പ, അഞ്ചുതെങ്ങ്, വര്‍ക്കല അടക്കമുള്ള തീരപ്രദേശങ്ങളില്‍ കണ്ടെയ്നറിനുള്ളിലെ ഉല്‍പ്പനങ്ങള്‍ അടിഞ്ഞിട്ടുണ്ട് എന്നാണ് വിവരം. തിരുവനന്തപുരത്തിനു പുറമേ കൊല്ലം, ആലപ്പുഴ ജില്ലകളിലും കണ്ടെയ്നറുകള്‍ അടിഞ്ഞിട്ടുണ്ട് എന്നാണ് അറിയാന്‍ സാധിച്ചത്. ബന്ധപ്പെട്ട ജില്ലകളിലെ കലക്ടര്‍മാരുടെ യോഗം വിളിച്ച് പരിഹാരത്തിനുള്ള നിര്‍ദേശം മുഖ്യമന്ത്രി നല്‍കി.
ഉല്‍പ്പന്നങ്ങള്‍ അടിഞ്ഞ സാഹചര്യത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മാലിന്യം നീക്കി പൂര്‍വസ്ഥിതിയിലെക്ക് എത്തിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി ഇന്നലെ അറിയിച്ചു. തീരപ്രദേശങ്ങളില്‍ അടിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക്ക് സിവില്‍ ഡിഫന്‍സിന്റെ സേവനം ഉപയോഗപ്പെടുത്തി നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. കപ്പല്‍ കമ്പനിയുമായി ബന്ധപ്പെട്ട അധികൃതരായിരിക്കും കടലില്‍ അടിഞ്ഞിട്ടുള്ള കണ്ടെയ്നര്‍ നീക്കം ചെയ്യുന്നത്.