
വയനാട് : മുട്ടില്‍ മരം മുറി കേസില്‍ ഉള്‍പ്പെട്ട മുറിച്ചുമാറ്റിയ മരങ്ങള്‍ കണ്ടുകെട്ടിയ ഡിഎഫ്ഒയുടെ നടപടി ശരിവച്ച് വയനാട് അഡീഷനല്‍ ജില്ലാ കോടതി. പിടിച്ചെടുത്ത മരങ്ങള്‍ തിരിച്ചുകിട്ടണം എന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി.
മുറിച്ചുകടത്തിയ 104 ഈട്ടി മരങ്ങള്‍ വനംവകുപ്പ് കണ്ടുകെട്ടിയ നടപടിക്കെതിരെയായിരുന്നു അഗസ്റ്റിന്‍ സഹോദരങ്ങള്‍ അപ്പീല്‍ നല്‍കിയത്. നിയമ വിരുദ്ധമായ ഉത്തരവ് പ്രകാരം മുറിച്ചുമാറ്റിയ മരങ്ങള്‍ വാങ്ങുക മാത്രമാണ് ചെയ്തത്. ഇത് തിരിച്ച് കിട്ടണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. നിയമ വിരുദ്ധമായ ഒരു ഉത്തരവിന്റെ പേരില്‍ നിയമ വിരുദ്ധമായാണ് മരങ്ങള്‍ മുറിച്ചു മാറ്റിയത്. ഈ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി പുതിയ ഉത്തരവിറക്കിയിരുന്നു. ഇത്തരത്തില്‍ നിയമ വിരുദ്ധമായി മുറിച്ചുമാറ്റപ്പെട്ട മരങ്ങള്‍ വനം വകുപ്പില്‍ നിന്നും ആവശ്യപ്പെടാന്‍ കഴിയില്ലെന്നാണ് കോടതി ഉത്തരവില്‍ വ്യക്തമാക്കിയത്.
2020- 21 കാലയളവിലാണ് വയനാട് മുട്ടിലില്‍ നടന്ന കോടികളുടെ അനധികൃത മരംമുറി നടന്നത്. 1964 ന് ശേഷം പട്ടയം ലഭിച്ച ഭൂമിയില്‍ സ്വയം കിളിര്‍ത്തതോ കര്‍ഷകര്‍ നട്ടുവളര്‍ത്തിയതോ ആയ മരങ്ങള്‍ മുറിക്കാമെന്ന, 2020ലെ സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ കോടികള്‍ വിലമതിക്കുന്ന മരം മുറിച്ചു കടത്തിയെന്നാണ് കേസ്. ഉത്തരവിന്റെ മറവില്‍ 500 വര്‍ഷത്തില്‍ ഏറെ പഴക്കമുള്ള സംരക്ഷിത മരങ്ങള്‍ അടക്കം മുറിച്ച് മാറ്റിയെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞിരുന്നു.