ന്യൂദൽഹി : സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജനുവരി 7 ന് ഏജൻസി മുമ്പാകെ ഹാജരാകാൻ മുൻ തെലങ്കാന മന്ത്രി കെടി രാമറാവുവിന് (കെടിആർ) ഇഡി സമൻസ് അയച്ചു. ഹൈദരാബാദിൽ ഫോർമുല-ഇ റേസ് 2023 ഫെബ്രുവരിയിൽ നടത്തിയതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് സമൻസ്.
കെടിആറിനും മറ്റുള്ളവർക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) ഇഡി രജിസ്റ്റർ ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് നടപടി. ഫോർമുല-ഇ ഫണ്ടിംഗ് കേസിൽ ഭാരത് രാഷ്‌ട്ര സമിതി നേതാവ് കെടിആറിനും മറ്റുള്ളവർക്കുമെതിരെ തെലങ്കാന അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇഡി ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) ഫയൽ ചെയ്തത്.
സംഭവത്തിൽ കെടിആറിനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ തെലങ്കാന ഗവർണർ ജിഷ്ണു ദേവ് വർമ്മ അടുത്തിടെ അനുമതി നൽകിയിരുന്നു. എഫ്ഐആറിൽ കെടിആറിനെ ആദ്യ പ്രതിയാക്കുകയും ഐഎഎസ് ഉദ്യോഗസ്ഥൻ അരവിന്ദ് കുമാർ, റിട്ടയേർഡ് ബ്യൂറോക്രാറ്റ് ബിഎൽഎൻ റെഡ്ഡി എന്നിവരെ യഥാക്രമം രണ്ടും മൂന്നും പ്രതികളാക്കിയുമാണ് കേസ് രജിസ്റ്റർ ചെയ്തത്.
അതേ സമയം കേസിൽ ഡിസംബർ 30 വരെ കെടിആറിനെ അറസ്റ്റ് ചെയ്യരുതെന്ന് തെലങ്കാന ഹൈക്കോടതി ഡിസംബർ 20ന് അഴിമതി വിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.