കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി. 69 വർഷത്തിന് ശേഷം എന്തിനാണ് വഖഫ് ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചുകൊണ്ട് മുന്നോട്ട് വന്നതെന്നും ഇത്രയുംനാൾ ഉറങ്ങുകയായിരുന്നോയെന്നും കോടതി ഹൈക്കോടതി വിമർശിച്ചു. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ് ഉണ്ടായിരിക്കുന്നത്.
ഭൂമി ഫറൂഖ് കോളജിന് ദാനമായി കിട്ടിയതാണെന്ന വാദം നിലനില്‍ക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ഈ ഭൂമി അള്ളാഹുവിന് വേണ്ടി സ്ഥിരമായി സമർപ്പിച്ച ഭൂമിയല്ല. 1950ലെ ഭൂമി കൈമാറ്റ രേഖകൾക്ക് അത്തരം ഒരു ഉദ്ദേശ്യമില്ല. ഭുമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. മുനമ്പം ജുഡീഷ്യൽ കമ്മിഷന് തുടരാമെന്ന വിധിയിൽ തന്നെയാണ് ഈ നിരീക്ഷണം.
നിലവിൽ ജൂഡിഷ്യൽ കമ്മിഷനെ നിരോധിച്ചുകൊണ്ടുള്ള സിംഗിൾ ബഞ്ച് വിധി ഡിവിഷൻ ബഞ്ച് റദ്ദാക്കുകയും ചെയ്തു. വലിയ തോതിലുള്ള നിരീക്ഷണങ്ങളും വിമർശനങ്ങളുമാണ് ഹൈക്കോടതി നടത്തിയത്. ഭൂമി വഖഫ് പ്രഖ്യാപിച്ചുകൊണ്ടുള്ള 2019ലെ നീക്കം ഏകപക്ഷീയമായി പോയിയെന്ന് ഹൈക്കോടതി കണ്ടെത്തി. ഭൂമി കൈമാറി 69 വർഷങ്ങൾക്ക് ശേഷമാണ് വഖഫ് ഈ ഭൂമി തിരികെ പിടിക്കാനുള്ള നീക്കം തുടങ്ങിയത്. ഇത് നീതീകരിക്കാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.
ഭൂമി വഖഫിൻ്റേതായിരുന്നുവെങ്കിൽ എന്തുകൊണ്ടാണ് ആദ്യം മുതൽ തന്നെ തിരികെ പിടിക്കാൻ ശ്രമിക്കാത്തത്. ഇപ്പോൾ ഈ നീക്കം നടത്തുന്നത് ഭൂമി തട്ടിയെടുക്കാനുള്ള തന്ത്രമാണെന്നും ഹൈക്കോടതി വിമർശിച്ചു.