
രക്ഷകന്റെ തിരുപ്പിറവിയിലും മുനമ്പം ജനത പോരാട്ടത്തിലാണ്. കാലിത്തൊഴുത്തില്‍ പിറന്ന യേശുദേവന്‍ മാലോകര്‍ക്ക് വേണ്ടി എല്ലാ ദുരിതങ്ങളും സ്വയം ഏറ്റെടുത്ത് കുരിശിലേറുകയായിരുന്നു. കൂടെ നിന്നവരാല്‍ ഒറ്റുകൊടുക്കപ്പെട്ട അതേ ദുരിതത്തിങ്ങള്‍ പേറിയാണ് തങ്ങള്‍ വിലകൊടുത്ത് വാങ്ങിയ ഭൂമിയില്‍ റവന്യു അവകാശങ്ങള്‍ പുനഃസ്ഥാപിച്ചുകിട്ടുന്നതിനായി നടക്കുന്ന സമരം പോരാട്ടം 435 പിന്നിടുകയാണ്.
എറണാകുളം ജില്ലയിലെ പള്ളിപ്പുറം പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ടതാണ് സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന മുനമ്പം. മുനമ്പം മുതല്‍ ചെറായി വരെയുള്ള മേഖല സഞ്ചാരികളുടെ പറുദീസയാണ്. ഒരു കാലത്ത് കൊച്ചി രാജ്യത്തിന്റെ പ്രധാന തുറമുഖവും വ്യാപാര കേന്ദ്രവുമായിരുന്നു ഇവിടം. മത്സ്യബന്ധനവും കച്ചവടവും പ്രധാന വരുമാന മാര്‍ഗ്ഗങ്ങളായിരുന്ന ഈ പ്രദേശം, പിന്നീട് നിരവധി സാമൂഹിക, രാഷ്‌ട്രീയ മാറ്റങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും വേദിയായിട്ടുണ്ട്. കേരള ചരിത്രത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചെറായിക്ക് ഒട്ടേറെ പ്രാധാന്യമുണ്ട്. മത്സ്യബന്ധനം ഉപജീവനമാക്കി കടലമ്മയുടെ കരുണയില്‍ കഴിഞ്ഞുപോകുന്ന തീരദേശ തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണമാക്കിയത് ഇവരുടെ ഭൂമിയില്‍ വഖഫ് ബോര്‍ഡ് അവകാശം ഉന്നയിച്ചതോടെയാണ്.
ചരിത്രവഴിയില്‍
1865 ല്‍ തിരുവിതാംകൂര്‍ രാജാവായിരുന്ന ആയില്യം തിരുനാള്‍ പുറപ്പെടുവിച്ച പണ്ടാരപ്പാട്ടം വക വിളംബരം അനുസരിച്ച് ജനങ്ങള്‍ക്ക് കൃഷി ചെയ്യാന്‍ സ്ഥലം എഴുതി നല്‍കിയിരുന്നു. ഗുജറാത്തില്‍ നിന്നെത്തിയ ഹാജി മൂസാ സേട്ട് എന്നയാള്‍ 1902 ല്‍ വിളംബരത്തിന്റെ അടിസ്ഥാനത്തില്‍ ഈ പ്രദേശത്ത് 404 ഏക്കര്‍ സ്ഥലം എഴുതി വാങ്ങി. അക്കാലത്തു തന്നെ ഇവിടെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ താമസിച്ചിരുന്നു. 1950 ല്‍ ഹാജി മൂസാ സേഠിന്റെ മകളുടെ ഭര്‍ത്താവായ സിദ്ദിഖ് സേട്ട് കോഴിക്കോട് ഫറൂഖ് കോളജിന് ഈ ഭൂമി പാരിതോഷികമായി എഴുതി നല്‍കി.
1951 ല്‍ ഫറൂഖ് കോളജ് ഈ ഭൂമിക്ക് പട്ടയം വാങ്ങുകയും, പോക്കുവരവ് ചെയ്ത് സ്വന്തമാക്കുകയും ചെയ്തു. 1962 ല്‍ ഇവിടെ താമസിച്ചിരുന്നവരെ കുടിയൊഴിപ്പിക്കാന്‍ ശ്രമമുണ്ടായി. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നു. കേസ് കോടതിയില്‍ എത്തി. കോടതി നാട്ടുകാര്‍ക്ക് അനുകൂലമായാണ് വിധി പുറപ്പെടുവിച്ചത്. 1967 ല്‍ പറവൂര്‍ സബ് കോടതിയില്‍ ഫറൂഖ് കോളജ് അപ്പീല്‍ കൊടുത്തു. 1971 ല്‍ ഇത് ഫറൂഖ് കോളജിന്റെ ഭൂമിയാണെന്ന് കോടതി വിധിച്ചു.
അതിന് ശേഷം കടല്‍ത്തീരത്ത് മണല്‍ അടിഞ്ഞ് സ്ഥലമുണ്ടായപ്പോള്‍ ചിലര്‍ ഇവിടെ കുടിയേറി താമസം തുടങ്ങി. ഒരു സ്ഥലം കടലെടുത്ത് പോയശേഷം തിരികെ കിട്ടിയാല്‍ അത് റവന്യൂ ഭൂമിയാണെന്നും, ഈ മാനദണ്ഡം മറികടന്നുകൊണ്ട് കടലെടുത്തു പോയി വീണ്ടും കടല്‍ വെച്ച സ്ഥലത്തിനും ഫറൂഖ് കോളജ് കൈവശം വയ്‌ക്കുകയാണെന്ന് നാട്ടുകാര്‍ വാദിച്ചു. തര്‍ക്കം പരിഹരിക്കുന്നതിനായി ഈ വിഷയത്തില്‍ 1971 ല്‍ റിസീവറെ വച്ചെങ്കിലും തീരുമാനമായില്ല. ഇതോടെ 1975 ല്‍ കോളജ് വീണ്ടും ഹൈക്കോടതിയില്‍ കേസ് കൊടുത്തു. പോലീസ് സംരക്ഷണത്തിനായി കൊടുത്ത കേസില്‍ സ്ഥലം ഫാറൂഖ് കോളജിന്റെതാണെന്ന വിധി ഹൈക്കോടതി സ്ഥിരപ്പെടുത്തി.
ഈ വിധിയുടെ അടിസ്ഥാനത്തില്‍ ഫാറൂഖ് കോളജ് മാനേജ്‌മെന്റ് പോലീസുമായി കുടിയൊഴിപ്പിക്കലിന് എത്തി. പ്രദേശവാസികളും ഹൈക്കോടതിയെ സമീപിച്ചു. തങ്ങള്‍ കുടിയാന്‍മാരാണെന്നും, കടല്‍ വെച്ച ഭൂമിയിലാണ് തങ്ങള്‍ താമസിക്കുന്നതെന്നും അവര്‍ വാദിച്ചു. റവന്യു ഭൂമിയിലാണ് താമസിക്കുന്നതെന്ന് വാദിച്ചെങ്കിലും വിധി പ്രദേശവാസികള്‍ക്ക് എതിരായി. ഫാറൂഖ് കോളജിന്റെ ഭൂമിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടു.
പ്രശ്ന പരിഹാരത്തിനായി നടത്തിയ മധ്യസ്ഥ ശ്രമത്തില്‍ കോളജ് വികസനത്തിന് ഫണ്ട് അത്യാവശ്യമാണെന്ന് ഫാറൂഖ് കോളജ് മാനേജ്‌മെന്റ് അറിയിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ 1988 ല്‍ നാട്ടുകാര്‍ പണം പിരിച്ച് ഏകദേശം 33 ലക്ഷം രൂപയോളം നല്‍കി ഭൂമി വാങ്ങി. ഏകദേശം 600 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഫാറൂഖ് കോളജ് മാനേജിങ് ട്രസ്റ്റിയായിരുന്ന ഹസന്‍ കുട്ടി ഹാജിക്കായിരുന്നു സ്ഥലം എഴുതി നല്‍കാനുള്ള ചുമതല. ആഭരണങ്ങള്‍ പണയം വച്ചും അധ്വാനിച്ച പണം ഉപയോഗിച്ചുമൊക്കെ ഒരു വര്‍ഷഷംകൊണ്ടാണ് പ്രദേശവാസികള്‍ പണം കണ്ടെത്തി നല്‍കിയത്. അതിന് ശേഷം മൂന്ന് പതിറ്റാണ്ടുകള്‍ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു.
2019 ല്‍ സ്ഥലം വഖഫ് ബോര്‍ഡ് ആസ്തി രജിസ്റ്ററില്‍ ചേര്‍ക്കുകയായിരുന്നു. 2022 ല്‍ ഈ പ്രദേശത്തെ വസ്തുക്കളുടെ കരം സ്വീകരിക്കുന്നതും ക്രയവിക്രയങ്ങളും റീ രജിസ്‌ട്രേഷന്‍ അടക്കം തടഞ്ഞുകൊണ്ട് വഖഫ് ബോര്‍ഡ് കൊച്ചി തഹസില്‍ദാര്‍ക്ക് നോട്ടീസ് നല്‍കിയതോടെയാണ് ഇക്കാര്യം പുറത്തു വന്നത്.
2022 ജനുവരി 13 ന് എറണാകുളം ജില്ലാ കളക്ടറായിരുന്ന ജാഫര്‍ മാലിക് കൊച്ചി തഹസില്‍ദാര്‍ക്കയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ പള്ളിപ്പുറം-കുഴുപ്പിള്ളി വില്ലേജിലെ മുനമ്പം തീരദേശത്ത് താമസിക്കുന്ന ഏകദേശം 610 കുടുംബങ്ങളുടെ റവന്യു രേഖകളിലെ അവകാശങ്ങള്‍ റദ്ദാക്കപ്പെട്ടു. മുനമ്പത്തെ ജനങ്ങളെയാകെ ഞെട്ടിച്ചതും പിടിച്ചുകുലുക്കിയതുമായ സംഭവമായിരുന്നു അത്. തങ്ങള്‍ പണം കൊടുത്തുവാങ്ങിയ ഭൂമിയില്‍ അനാഥരായ അവസ്ഥ. ഭൂമിയുടെ ആധാരത്തിന് കടലാസിന്റെ വില പോലുമില്ല. ഇതിന് ഭരണാധികാരികളും പ്രധാനപ്രതിപക്ഷമെന്ന് അവകാശപ്പെടുന്നവരും കൂട്ടുനിന്നതോടെയാണ് നിലവില്‍പ്പിനായി ഇവര്‍ക്ക് പോരാട്ടിത്തിലേക്ക് ഇറങ്ങേണ്ടിവന്നു.
അത് പുതിയൊരു പോരാട്ടത്തിന്റെ ചരിത്രമാവുകയാണ്. ഈ സാഹചര്യത്തിലാണ് മുനമ്പം തീരദേശ ജനത ഭൂസംരക്ഷണ സമിതി രൂപീകരിക്കുകയും പോരാട്ടം ആരംഭിക്കുകയും ചെയ്തത്. 2024 ഒക്ടോബര്‍ 13 ന് റവന്യു അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വേളാങ്കണ്ണി മാതാ പള്ളി അങ്കണത്തില്‍ നിരാഹാരസമരം ആരംഭിച്ചു. ഭൂസംരക്ഷണ സമിതിയുടെ രക്ഷാധികാരി ഫാ. ആന്റണി സേവ്യര്‍ തറയില്‍ നിരാഹാരസമരം ഉദ്ഘാടനം ചെയ്തു. എസ്എന്‍ഡിപിയോഗത്തിന്റെയും മറ്റ് ഇതര സമുദായങ്ങളുടെയും പിന്‍തുണയോടെയായിരുന്നു സമരത്തിന്റെ തുടക്കം. ആ സമരമാണിപ്പോള്‍ ഒന്നേകാല്‍ വര്‍ഷം പിന്നിട്ട് മുന്നോട്ട് പോകുന്നത്.

മുനമ്പം ദേശീയ ശ്രദ്ധയിലേക്ക്
വഖഫ് ഭീകരതക്കെതിരെ കേന്ദ്രസര്‍ക്കാര്‍ 2024 ആഗസ്ത് എട്ടിന് വഖഫ് ഭേദഗതി നിയമം ലോക്സഭയില്‍ അവതരിപ്പിച്ചതോടെയാണ് മുനമ്പം ജനത പ്രക്ഷോഭത്തെക്കുറിച്ച് ചിന്തിക്കുന്നത്. രണ്ടുമാസത്തിനുള്ളില്‍ വേളാങ്കണ്ണമാതാ പള്ളി അങ്കണത്തില്‍ നിരാഹാര സമരം ആരംഭിക്കുകയും ചെയ്തു. അതുവരെ അനാഥത്വം അനുഭവിച്ചവര്‍ക്ക് രക്ഷകനായി മോദി സര്‍ക്കാര്‍ ഉണ്ടെന്ന തിരിച്ചറിവിലേക്കെത്തിച്ചേരുന്നത്. വഖഫ് ഭേദഗതി നിയമത്തെക്കുറിച്ചുള്ള ചര്‍ച്ചകളും വിവാദങ്ങളും കൊടുമ്പിരികൊണ്ടതോടെയാണ് മുനമ്പം ദേശീയ ശ്രദ്ധയിലേക്ക് വരുന്നത്. മുനമ്പം ജനത നടത്തിവന്നിരുന്ന സമരത്തെ അവഗണിച്ചിരുന്നവര്‍ക്ക് മുനമ്പത്തേയ്‌ക്ക് ഓടിയെത്തേണ്ട അവസ്ഥയുണ്ടായി. സമരത്തിന്റെ തുടക്കം മുതല്‍ ബിജെപിയും ദേശീയ പ്രസ്ഥാനങ്ങളുമായിരുന്നു ഉറച്ച പിന്‍തുണയോടെ ഒപ്പം മുണ്ടായിരുന്നത്. ജനങ്ങളെ കബളിപ്പിക്കാനുള്ള നീക്കങ്ങളായിരുന്നു തുടക്കത്തില്‍ ഇരുമുന്നണികളും നടത്തിയിരുന്നത്. എന്നാല്‍ അതൊന്നും മുനമ്പം ജനതയുടെ മുന്‍പില്‍ വിലപ്പോയില്ല. പ്രശ്നം പരിഹരിക്കുന്നതിനല്ല, അത് വഷളാക്കുന്നതിനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കമ്മിഷനും പുതിയ തന്ത്രങ്ങളുമായി രംഗത്തിറങ്ങിയത്.
പുതിയ വഖഫ് ഭേദഗതി നിയമം 2025 ല്‍ പാസായതോടെയാണ് മുനമ്പം ജനതയ്‌ക്ക് ആദ്യഘട്ട വിജയമെത്തിയത്. കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഉള്‍പ്പെടെയുള്ളവര്‍ മുനമ്പത്തെത്തി പാസായ നിയമം എങ്ങനെയാണ് മുമ്പത്തിന് ഗുണകരമാകുമെന്ന് വിശദീകരിക്കുകയുണ്ടായി. മുതലെടുപ്പിനായി ദുഷ്പ്രചാരണവുമായി ചിലര്‍ രംഗത്തെത്തിയെങ്കിലും അതൊന്നും മുനമ്പത്ത് വിലപ്പോയില്ല.
മുനമ്പം ഭൂമി വഖഫ് അല്ലായെന്ന ഹൈക്കോടതി വിധി വന്നതോടെ സമരത്തിന് വലിയ അംഗീകാരമാണ് നിയമപരമായി ലഭിച്ചത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കള്ളകളി നടത്തുകയായിരുന്നു. റവന്യു അവകാശങ്ങള്‍ അനുവദിച്ചുകൊണ്ടുള്ള വിജ്ഞാപനം ഇറക്കാതെ സുപ്രീംകോടതിയില്‍ വഖഫ് ബോര്‍ഡിന് അപ്പീല്‍ നല്‍കാനുള്ള അവസരം ഉണ്ടാക്കുകയായിരുന്നു. അതിനുശേഷം ഒരു സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജിയില്‍ കരം അടയ്‌ക്കാനുള്ള അവകാശവും ഹൈക്കോടതി നല്‍കിയതോടെ താല്‍ക്കാലികമായെങ്കിലും റവന്യു അവകാശങ്ങള്‍ ഒരു പരിധിവരെ ലഭിച്ചു.
ഹൈക്കോടതി വിധി മുനമ്പം ജനതയ്‌ക്ക് അനുകൂലമായതോടെ സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും കള്ളക്കളികള്‍ ആരംഭിച്ചു. സ്ഥലത്തിന്റെ പോക്കുവരവ് നടത്തുവാന്‍ പ്രത്യേക ഹെല്‍പ്പ് ലൈന്‍ ഒരുക്കുമെന്ന് മന്ത്രിമാര്‍ പ്രഖ്യാപനം നടത്തി. സമരം തകര്‍ക്കുവാനുള്ള ഒരു ചതിയായിരുന്നു ഇത്. ബിജെപി മുനമ്പത്ത് വളരുമെന്ന ആശങ്കയില്‍ ഒരു വിഭാഗം ആളുകള്‍ ഇതിനൊപ്പം ചേരുകയും ചെയ്തു. ഇവര്‍ സമരത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്തത് പ്രതിഷേധത്തിനിടയാക്കി.
സമരത്തെ ഒറ്റുകൊടുത്തിരുന്ന മന്ത്രിമാരെ സമരവേദിയിലേക്ക് ആനയിച്ച് നാരങ്ങാനീര് വാങ്ങിക്കുടിച്ച് സമരം അവസാനിപ്പിച്ചതിനു പിന്നിലെ ഒത്തുകളിയും ചതിയും ഗൂഢാലോചനയും നാട്ടുകാര്‍ തിരിച്ചറിഞ്ഞു. ഭൂസംരക്ഷണ സമിതിയും വഖഫ് ബോര്‍ഡും ഇടത്-വലത് മുന്നണികളും ഒത്തുകളിച്ച് ചതിച്ചിട്ടും തളരാതെ, ആവേശം ഒട്ടും കുറയാതെ വര്‍ദ്ധിത വീര്യത്തോടെ പഴയ സമരപ്പന്തലില്‍നിന്നും പത്തുമീറ്റര്‍ മാറി നാട്ടുകാര്‍ പുതിയ വേദിയില്‍ സമരം ആരംഭിച്ചു. ചതിക്കെപ്പെട്ട ജനങ്ങള്‍ പള്ളിമുറ്റത്തെ സമരപ്പന്തലില്‍ നിന്നും മുദ്രാവാക്യം വിളിയോടെ ഇറങ്ങിപ്പോന്നത് ചരിത്രനിമിഷമായിരുന്നു. പുതിയ വേദിയില്‍ സമരം തുടരുകയും ചെയ്തു. ദിവസം ചെല്ലുന്തോറും വലിയ ജനപിന്‍തുണയാണ് സമത്തിന് ലഭിക്കുന്നത്.
സമരത്തിലെ നാരീശക്തി
സമരത്തെ ഒന്നേകാല്‍ വര്‍ഷത്തോളം നിലനിര്‍ത്തിയത് മുനമ്പത്തെ അമ്മമാരുടെയും സഹോദരിമാരുടെയും ഇച്ഛാശക്തിയായിരുന്നു. ഒന്നേകാല്‍ വര്‍ഷമായി തുടരുന്ന സമരത്തില്‍ ഒട്ടേറെ പ്രതിസന്ധികളെയും വെല്ലുവിളികളെയുമാണ് പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും നേരിടേണ്ടി വന്നത്. ഇതിനെയെല്ലാം സ്ത്രീകള്‍ കരുത്തോടെ നേരിടുകയായിരുന്നു.
ഇതില്‍ എടുത്തുപറയേണ്ടത് എഴുപത്തിയേഴ് വയസുള്ള ഈശാമ്മ എന്ന് സ്നേഹത്തോടെ എല്ലാവരും വിളിക്കുന്ന ലിസി ആന്റണിയുടെ പേരാണ്. തലമുറകളായി ഇവിടെ താമസിക്കുന്നവരാണിവര്‍. കൊടും പട്ടിണിയില്‍ കടലില്‍ പോയിട്ടാണ് ചെറുപ്പത്തില്‍ ഒരുവിധം ജീവിച്ചിരുന്നത്. ഇപ്പോള്‍ കാണുന്ന ഈ കരയെല്ലാം അന്ന് കടലായിരുന്നു. പതിയെ പതിയെ കടല്‍ ഉള്‍വലിഞ്ഞപ്പോള്‍ കരയായതാണീ സ്ഥലമെല്ലാം. അതിനുശേഷമാണ് ആളുകള്‍ ഇവിടെ കുടില്‍കെട്ടി താമസമാക്കിയത്. 1991 ലാണ് ഫറൂഖ് കോളജ് ഈ ഭൂമി തങ്ങളുടെതാണെന്ന് അവകാശവാദം ഉന്നയിക്കുന്നത്. നീണ്ട ചര്‍ച്ചകള്‍ക്കും കോടതി വ്യവഹാരങ്ങള്‍ക്കും അവസാനം പണം നല്‍കിയാണ് ഇപ്പോള്‍ കാണുന്ന സ്ഥലമെല്ലാം നാട്ടുകാര്‍ ഫറൂഖ് കോളജിനോട് വാങ്ങുന്നത്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി കരം അടച്ച് ജീവിച്ച് പോന്നിടത്താണ് വഖഫ് ഭീകരതയെത്തിയത്. അത് ഞെട്ടിപ്പിക്കുന്നതായിരുന്നു. ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉണ്ടായിരുന്നില്ലെങ്കില്‍ ഇവിടെ നിന്നും കുടിയിറക്കപ്പെടുമായിരുന്നുവെന്നാണ് ലിസി ആന്റണി പറയുന്നത്.
പൂര്‍ണമായും റവന്യു അവകാശങ്ങള്‍ തിരികെ ലഭിക്കാതെ സമരം അവസാനിപ്പിച്ചതിനെതിരെ രൂക്ഷമായിട്ടാണ് ഇവര്‍ പ്രതികരിച്ചത്. കര്‍ത്താവിനെ ഒറ്റുകൊടുത്തതു പോലെ ഞങ്ങളെ ഒറ്റുകൊടുക്കുകയായിരുന്നു. ഞങ്ങളുടെ ഭൂമിയില്‍ പൂര്‍ണമായ അവകാശം കിട്ടുന്നതുവരെ, അവരുടെ കടന്നുകയറ്റം അവസാനിക്കുന്നതുവരെ സമരം തുടരും. നാല് പതിറ്റാണ്ടായി എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് പള്ളിപ്പുറം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചവരാണ് ഇവിടെയുള്ളവര്‍. ഞങ്ങള്‍ കമ്മ്യൂണിസ്റ്റായതിനുശേഷമാണ് ഇവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടായത്. എന്നിട്ടും എംഎല്‍എമാരോ മന്ത്രിമാരോ തിരിഞ്ഞുപോലും നോക്കിയില്ല. റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചുകിട്ടുന്നതുവരെ സമരം തുടരുമെന്ന് പറഞ്ഞവര്‍ സമരം തീര്‍ന്നുവെന്ന് പറഞ്ഞപ്പോള്‍ നെഞ്ച് പിടഞ്ഞുവെന്നും ഇവര്‍ പറയുന്നു. പട്ടയത്തിന് കടലാസിന്റെ വിലപോലും ഇല്ലാത്തതിനാല്‍ പണമില്ലാത്തതിനാല്‍ ചികിത്സകിട്ടാതെ കാന്‍സര്‍ രോഗിയായ ഒരാള്‍ മരിച്ച കാര്യവും ദുഃഖത്തോടെ അവര്‍ വിശദീകരിച്ചു. നിരവധി പേരുടെ ഉന്നത പഠനം മുടങ്ങി. ഭൂമി ക്രയവിക്രയം നടത്തി പണം കണ്ടെത്താനാവാതെ വിവാഹം മുടങ്ങിയ പെണ്‍കുട്ടികള്‍ ഏറെയുണ്ട്.
ഞങ്ങള്‍ക്കൊരു പാര്‍ട്ടിയുമില്ല. എന്നാല്‍ വഖഫ് ഭാദഗതി നിയമം കൊണ്ടുവന്നതും അനുകൂലമായി നിന്നതും കേന്ദ്രസര്‍ക്കാരാണ്. ഈ അടുത്തകാലം വരെ ഒരു ബിജെപിക്കാരന്‍ പോലും ഇവിടെ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഈ വാര്‍ഡില്‍ ബിജെപി വിജയിച്ചു. നീതിക്കൊപ്പം നില്‍ക്കുന്നവരുടെ കൂടെ ഞങ്ങളുണ്ടാകുമെന്ന ലിസി ആന്റണിയുടെയും നാട്ടുകാരുടെയും ഉറച്ച തീരുമാനത്തിന്റെ പ്രതിഫലനമാണിത്.
നീതിയുടെ വിജയം
മുനമ്പത്തെ തെരഞ്ഞെടുപ്പ് വിജയം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നതായിരുന്നു. ക്രൈസതവ മേഖലയില്‍ അവരുടെ ജീവിതം സംരക്ഷിക്കുന്നതിനായി നിന്ന ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയം നീതിയുടെ വിജയമാണ്. ഒപ്പം നിന്ന് ഒറ്റുകൊടുത്തവര്‍ക്കും ഇരുമുന്നണികള്‍ക്കുമുള്ള ശക്തമായ തിരിച്ചടിയായിരുന്നു ബിജെപിയുടെ കുഞ്ഞുമോന്‍ അഗസ്റ്റിന്റെ വിജയം. ചരിത്രപരമായ ഒരു പരിവര്‍ത്തനമായിരുന്നു അത്. യാഥാര്‍ത്ഥ രക്ഷകനാരാണെന്ന തിരിച്ചറിവാണ് ഇതിലൂടെ അവര്‍ക്കുണ്ടായിട്ടുള്ളത്. സമരപ്പന്തലില്‍ രണ്ടാമത്തെ ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ ഇത്തവണ അവരുടെ വിജയത്തിന്റെ പ്രതീകമായ ‘രക്ഷകനായ’ കുഞ്ഞുമോന്‍ അഗസ്റ്റിനും ഒപ്പമുണ്ടെന്നതാണ് പ്രത്യേകത. അവരിലൊരാളായ, സാധാരണക്കാരനായ മത്സ്യത്തൊഴിലാളിയാണ് കുഞ്ഞുമോനെന്ന പ്രത്യേകതയുമുണ്ട്. സമരപ്പന്തലില്‍ തിരുപ്പിറവി ദിനത്തില്‍ അവര്‍ ഇത്തവണയും ഒത്തുചേരും. കോട്ടപ്പുറം രൂപതയിലെ ഫാ. ഫ്രാന്‍സീസ് താണിയത്ത് സന്ദേശം നല്‍കും. തങ്ങളുടെ ഭൂമിയുടെ ക്രയവിക്രയത്തിനായി പൂര്‍ണ അവകാശം ലഭിക്കുന്ന ഒരു തിരുപ്പിറവിക്കായി അവര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.