
ന്യൂദല്‍ഹി: രാജ്യത്തെ കൂടുതല്‍ തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ആരംഭിച്ച പുതിയ പദ്ധതി പ്രകാരം മുന്‍പ് പിഎഫില്‍ ചേരാത്ത ജീവനക്കാരെയും അതില്‍ ഉള്‍പ്പെടുത്താന്‍ തൊഴിലുടമയ്‌ക്ക് സാധിക്കും.
എംപ്ലോയീ എന്റോള്‍മെന്‍റ് സ്‌കീം 2025 എന്ന പേരിലുള്ള ഈ പദ്ധതി പ്രകാരം 2025 നവംബര്‍ 1 മുതല്‍ മുന്‍പ് ഇ.പി.എഫ്. പദ്ധതിയില്‍ ഉള്‍പ്പെടുത്താത്ത യോഗ്യരായ ജീവനക്കാരെ സ്ഥാപനങ്ങള്‍ക്ക് സ്വമേധയാ ചേര്‍ക്കാന്‍ സാധിക്കും. തൊഴിലാളിയുടെ വിഹിതം നേരത്തെ ഈടാക്കിയിട്ടില്ലെങ്കില്‍, ആ തുക തൊഴിലുടമ അടയ്‌ക്കേണ്ട ആവശ്യമില്ല. 100 രൂപ മാത്രമാണ് പിഴയായി ഈടാക്കുക. ഇത് തൊഴിലുടമകള്‍ക്ക് വലിയ ആശ്വാസമാകും.
2017 ജൂലൈ 1-നും 2025 ഒക്ടോബര്‍ 31-നും ഇടയില്‍ സ്ഥാപനങ്ങളില്‍ ജോലിക്ക് പ്രവേശിച്ചവരും, എന്നാല്‍ മുന്‍പ് ഇ.പി.എഫ്. പദ്ധതിയില്‍ ചേരാത്തവരുമായ ജീവനക്കാര്‍ക്ക് യോഗ്യതയുണ്ട്.
അപേക്ഷിക്കുന്ന തീയതിയില്‍ സ്ഥാപനത്തില്‍ ജോലിയിലുള്ളവരും ജീവിച്ചിരിക്കുന്നവരുമായ ജീവനക്കാര്‍ക്ക് മാത്രമേ ആനുകൂല്യം ലഭിക്കൂ. നിലവില്‍ ഇ.പി.എഫ്. നിയമപ്രകാരം അന്വേഷണം നേരിടുന്ന സ്ഥാപനങ്ങള്‍ക്കും പദ്ധതിയില്‍ പങ്കുചേരാം.തൊഴിലുടമയുടെ വിഹിതം 100 രൂപ പിഴയോടൊപ്പം അടയ്‌ക്കേണ്ട ഉത്തരവാദിത്തം മാത്രമേ തൊഴിലുടമയ്‌ക്ക് ഉള്ളൂ.
കൂടുതല്‍ തൊഴിലാളികളെ തൊഴില്‍ മേഖലയിലേക്ക് കൊണ്ടുവരുന്നതിനും സാമൂഹിക സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ പദ്ധതി അവതരിപ്പിച്ചത്. തൊഴില്‍ നിയമങ്ങള്‍ പാലിക്കാന്‍ സംരംഭങ്ങളെ സഹായിക്കുകയും അതോടൊപ്പം തൊഴിലാളികളുടെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ സുരക്ഷിതമാക്കുകയും ചെയ്യുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ശമ്പള പരിധി 25,000 രൂപ ആയി വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശവും കൂടുതല്‍ പേരെ ഇ.പി.എഫ്. പരിധിയില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. എന്റോള്‍മെന്‍റ് ലളിതമാക്കിയതും പിഴ കുറച്ചതും വഴി, രാജ്യത്തിന്റെ സാമൂഹിക സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താന്‍ ഈ പദ്ധതി സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.