
ന്യൂദൽഹി: മുരുകമല എന്ന് അറിയപ്പെടുന്ന തമിഴ്‌നാട്ടിലെ മധുര തിരുപ്പറംകുണ്ഡ്രം മലയുടെ അടിവാരത്തില്‍ ഉള്ള മുസ്ലിങ്ങളുടെ ദര്‍ഗയില്‍ ദിവസേനയുടെ ആരാധന ആവശ്യമില്ലെന്ന് സുപ്രീംകോടതി. റംസാന്‍, ബക്രീദ് ദിവസങ്ങളില്‍ മാത്രമേ ഇവിടെ ആരാധന വേണ്ടൂ എന്നും സുപ്രീംകോടതി വിധിച്ചു. ദർഗ പരിസരത്ത് മൃഗബലി നിരോധിച്ചതും സുപ്രീം കോടതി ശരിവച്ചു. ജസ്റ്റിസ് അരവിന്ദ് കുമാറും ജസ്റ്റിസ് പി.ബി. വരാലെയും ഉൾപ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
മുരുകന്റെ പടൈവീടാണ് മധുരയിലെ തിരുപ്പറംകുണ്ഡ്രം മല. അതിന്റെ താഴ്വാരത്തില്‍ സിക്കന്ദര‍് എന്ന ഒരു ഫക്കീറിന്റെ പേര് പറഞ്ഞ് ദര്‍ഗ്ഗ ഉയര്‍ത്തി തിരുപ്പറംകുണ്ഡ്രം മലയെ മൊത്തമായി സിക്കന്തര്‍ മലയാക്കി മാറ്റാനായിരുന്നു ശ്രമം. ഈ ദര്‍ഗയുടെ പേരില്‍ മുസ്ലിങ്ങള്‍ സംഘടിച്ച് പലപ്പോഴും മൃഗബലി നടത്താന്‍ തുനിഞ്ഞിരുന്നു. ഇതിനെ മുരുകഭക്തര്‍ എതിര്‍ക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ മുരുകഭക്തരുടെ വാദം സുപ്രീംകോടതി അംഗീകരിച്ചാണ് മൃഗബലി നിരോധിച്ചത്. സിക്കന്ദര്‍ എന്ന ഒരു ഫക്കീര്‍ ജീവിച്ചിരുന്നെന്ന് പറഞ്ഞാണ് അദ്ദേഹത്തിന്റെ പേരില്‍ മുരുകമലയുടെ താഴ്വാരത്തില്‍ സിക്കന്ദറിന്റെ പേരില്‍ ഒരു ദര്‍ഗ് ഏതാനും മുസ്ലിങ്ങള്‍ ആരംഭിച്ചത്. ഇതിന് ഡിഎംകെ സര്‍വ്വവിധ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നതായും പറയുന്നു.
നേരത്തെ മദ്രാസ് ഹൈക്കോടതിയും മുസ്ലിങ്ങള്‍ ദിവസേന ദര്‍ഗ്ഗയില്‍ പ്രാര്‍ഥന നടത്തേണ്ട ആവശ്യമില്ലെന്ന് വിധിച്ചിരുന്നു. ദര്‍ഗ്ഗയിലെ മുസ്ലിങ്ങളുടെ മതപരമായ ആചാരങ്ങൾ നിയന്ത്രിച്ച മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെയ്‌ക്കുകയായിരുന്നു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് എം. ഇമാം ഹുസൈൻ നൽകിയ ഹർജി സുപ്രീംകോടതി തള്ളിക്കളയുകയും ചെയ്തു. എം. ഇമാം ഹുസൈന് വേണ്ടി പ്രശാന്ത് ഭൂഷനാണ് ഹാജരായത്..
ദർഗയിൽ ദിവസേന ആരാധനയ്‌ക്ക് അനുമതി തേടിയാണ് ഇമാം സുപ്രീകോടതിയെ സമീപിച്ചത്. റംസാൻ, ബക്രീദ് ദിവസങ്ങളിൽ മാത്രമേ മുസ്ലീങ്ങൾ തിരുപ്പറംകുണ്ഡ്രം ദർഗയിൽ പ്രാർത്ഥന നടത്താവു എന്ന ഹൈക്കോടതി വിധിയും, ദർഗ പരിസരത്ത് മൃഗബലി നിരോധിച്ചതും സുപ്രീം കോടതി ശരിവച്ചു.
കഴിഞ്ഞ ഡിസംബറിൽ മദ്രാസ് ഹൈക്കോടതി ദർഗയ്‌ക്ക് സമീപമുള്ള ദീപസ്തംഭത്തിൽ കാർത്തിക ദീപം കൊളുത്താൻ അനുമതി നൽകിയിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സ്റ്റാലിന്‍ സര്‍ക്കാര്‍ ഈ ഉത്തരവ് നടപ്പാക്കിയില്ല. തുടർന്ന് ഹൈക്കോടതി സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു.