
തിരുവനന്തപുരം: ആറു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന 56 ദിവസം നീണ്ടു നിന്ന് മുറജപത്തിന് സമാപനമായി ലക്ഷദീപവും പൊന്നും ശീവേലിയും മകര സംക്രമദിനമായ നാളെ നടക്കും. ശ്രീപദ്മനാഭ സ്വാമിക്ക് മുന്നില്‍ ലക്ഷം ദീപങ്ങള്‍ നാളെ തിരിതെളിയും.
കഴിഞ്ഞ നവംബര്‍ 20നാണ് മുറജപം ആരംഭിച്ചത്. എട്ടു ദിവസം കൂടുന്ന ഏഴുമുറകളിലാണ് ജപം അവസാനിക്കുന്നത്. ആദ്യം 12 ദിവസത്തെ കളഭവും പിന്നീട് വരുന്ന 7 ദിവസത്തെ മാര്‍കഴികളഭവും നാളെ സമാപിക്കും. ബുധനാഴ്ച രാത്രി 8.30ന് മകരശീവേലി നടക്കും. ശ്രീപദ്മനാഭസ്വാമിയെ തങ്കഗരുഡ വാഹനത്തിലും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി, തെക്കേടത്ത് നരസിംഹമൂര്‍ത്തി എന്നിവരെ വെള്ളി വാഹനങ്ങളിലും എഴുന്നള്ളിക്കും. ശീവേലിക്ക് ക്ഷേത്രം സ്ഥാനി മൂലം തിരുനാള്‍ രാമവര്‍മ അകമ്പടി സേവിക്കും. സാധാരണ ശീവേലിക്ക് പെരുമ്പറ കെട്ടിയ ആനയാണ് മുന്നില്‍ പോകുന്നത്. മകരശീവേലിക്ക് ഡമ്മാടം കെട്ടിയ കാളയും കുതിരയും ആനയ്‌ക്ക് ഇരുവശത്തുമായി മുന്നില്‍ നീങ്ങും.
ക്ഷേത്രത്തില്‍ ലക്ഷദീപത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ക്ഷേത്രത്തിന് ഉള്ളിലും പുറത്തും വൈദ്യുത ദീപങ്ങള്‍ പരീക്ഷണാടിസ്ഥാനം ഇന്നലെ നടന്നു. ലക്ഷദീപം കഴിഞ്ഞാല്‍ ആചാരപരായി രാജാവ് ഒരു ആനയെ നടയ്‌ക്കിരത്തണം. കഴിഞ്ഞ വര്‍ഷം ആനയെ എത്തിക്കാന്‍ കഴിയാത്തതിനാല്‍ പ്രതീകാത്മകമായി ചെറിയ സ്വര്‍ണ ആനയെ നടയ്‌ക്കുവച്ചു. ഇക്കുറിയും കഴിഞ്ഞ തവണത്തേതു പോലെ നടക്കും. ക്ഷേത്രത്തിനുള്ളില്‍ 140 പോലീസുകാരെ സുരക്ഷയ്‌ക്കായി നിയോഗിച്ചിട്ടുണ്ട്. കുടിവെള്ളം, വൈദ്യസൗകര്യം, അഗ്‌നിരക്ഷാസേന എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.