തൊടുപുഴ: ഇടുക്കിയില്‍ തുടരുന്ന കനത്ത മഴയെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് അപകടനിലയിലേക്ക് ഉയരുകയാണ്. നിലവില്‍ ഡാമിലെ ജലനിരപ്പ് 139.30 അടിയായി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് അണക്കെട്ടിന്റെ 13 ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ് അധികൃതര്‍.
സെക്കന്‍ഡില്‍ ഏകദേശം 8,800 ഘനയടി വെള്ളമാണ് പെരിയാര്‍ നദിയിലേക്ക് ഒഴുക്കി വിടുന്നത്. തുടര്‍ച്ചയായ മഴയും അണക്കെട്ടിലെ ജലനിരപ്പിലെ അതിവേഗ വര്‍ധനയും പരിഗണിച്ച് പെരിയാര്‍ നദീതട പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.
വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ ജലനിരപ്പ് ആറടിയോളം ഉയര്‍ന്നതായി വനം, ജലവകുപ്പ് അധികൃതര്‍ അറിയിച്ചു. റബള്‍ കര്‍വ് പ്രകാരമുള്ള സംഭരണശേഷി പിന്നിട്ടതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ ആദ്യം മൂന്ന് ഷട്ടറുകള്‍ തുറന്നു. വെള്ളത്തിന്റെ ഒഴുക്ക് തുടര്‍ച്ചയായി കൂടിയതിനെ തുടര്‍ന്ന് പിന്നീട് എല്ലാ 13 ഷട്ടറുകളും ഉയര്‍ത്തുകയായിരുന്നു.
അടുത്ത മണിക്കൂറുകളിലും പ്രദേശത്ത് മഴ തുടരുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍, താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. രക്ഷാപ്രവര്‍ത്തന സംഘങ്ങളും ഫയര്‍ഫോഴ്‌സും പെരിയാര്‍ തീരപ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.