വീണ്ടും വിദ്വേഷ പരാമര്‍ശവുമായി മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ബി.ജെ.പി എം.പിയുമായ വിനയ് കത്യാര്‍. മുസ്‌ലിംകള്‍ അയോധ്യയില്‍ നിന്ന് എത്രയും വേഗം പുറത്തുപോകണം’ എന്നാണ് വിനയ് കത്യാര്‍ പ്രസ്താവന നടത്തിയത്. കഴിഞ്ഞ ദിവസം അയോധ്യയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയാണ് അദ്ദേഹം വിദ്വേഷ പരാമര്‍ശം നടത്തിയത്.
‘അയോധ്യയില്‍ താമസിക്കുന്ന മുസ്‌ലിംകള്‍ക്ക് ഇവിടെ താമസിക്കാന്‍ അവകാശമില്ല. അവര്‍ എത്രയും വേഗം ഗോണ്ടയിലേക്കോ ബസ്തിയിലേക്കോ പോകണം. എന്ത് വിലകൊടുത്തും അവരെ അയോധ്യയില്‍ നിന്ന് നീക്കം ചെയ്യുമെന്ന് ഞങ്ങള്‍ ഉറപ്പാക്കും. അപ്പോള്‍ മാത്രമേ ഞങ്ങള്‍ പൂര്‍ണ്ണ ആവേശത്തോടെ ദീപാവലി ആഘോഷിക്കൂ.’
അയോധ്യയില്‍ ബാബറി മസ്ജിദിന് പകരമോ മറ്റേതെങ്കിലും പള്ളിയോ നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഈ പരാമര്‍ശങ്ങള്‍ സിവില്‍ സൊസൈറ്റി അംഗങ്ങള്‍, പ്രാദേശിക നേതാക്കള്‍, മതപണ്ഡിതര്‍ എന്നിവരില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്. അത്തരം പ്രസ്താവനകള്‍ പ്രദേശത്തിന്റെ സൂക്ഷ്മമായ വര്‍ഗീയ ഘടനയെ തകര്‍ക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം യുപി സര്‍ക്കാരോ ബിജെപിയോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
വിനയ് കത്യാര്‍ രാമജന്മഭൂമി പ്രസ്ഥാനവുമായി ദീര്‍ഘകാലമായി ബന്ധപ്പെട്ടിരുന്നു. 1984-ല്‍ വിശ്വഹിന്ദു പരിഷത്തിന്റെ യുവജനവിഭാഗമായ ബജ്റംഗ്ദള്‍ സ്ഥാപിച്ച അദ്ദേഹം രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള പ്രചാരണത്തില്‍ പ്രധാന പങ്കുവഹിച്ചു. 1991, 1996, 1999 വര്‍ഷങ്ങളില്‍ അയോധ്യയില്‍ നിന്ന് (അന്ന് ഫൈസാബാദ്) ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് 2006ലും 2012ലും രാജ്യസഭയിലും സേവനമനുഷ്ഠിച്ചു. 1992ലെ ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളില്‍ ഒരാളായിരുന്നു അദ്ദേഹം.
ഹൈന്ദവ വോട്ടുകള്‍ ഏകീകരിക്കാന്‍ ലക്ഷ്യമിട്ട് പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ധ്രുവീകരണ ആഖ്യാനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ചരിത്രമാണ് കത്യാര്‍ക്കുള്ളത്.