• Sat. Dec 27th, 2025

24×7 Live News

Apdin News

മുസ്ലിം അനധികൃത കുടിയേറ്റം ഒഴിപ്പിച്ചതിനെ ന്യൂനപക്ഷത്തെ വേട്ടയാടുന്നു എന്ന് പിണറായി; കാര്യമറിയാതെ സംസാരിക്കരുതെന്ന് ഡി.കെ. ശിവകുമാര്‍

Byadmin

Dec 27, 2025



ബെംഗളൂരു: മുസ്ലിങ്ങളുടെ അനധികൃതമായ കുടിയേറ്റത്തെ ബുള്‍ഡോസര്‍ ഉപയോഗിച്ച് നീക്കം ചെയ്ത കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നുവെന്ന് നിലവിളിച്ച പിണറായിക്ക് ചുട്ടമറുപടി നല്‍കി ഉപമുഖ്യമന്ത്രി ഡി.കെ., ശിവകുമാര്‍. കാര്യമറിയാതെയാണ് പിണറായി സംസാരിക്കുന്നതെന്നായിരുന്നു ഡി.കെ. ശിവകുമാറിന്റെ മറുപടി.

ബെംഗളൂരുവിലെ യെലഹങ്കയിലാണ് കഴിഞ്ഞ ദിവസം സിദ്ധരാമയ്യ സര്‍ക്കാര്‍ മുസ്ലിം അനധികൃത കുടിയേറ്റം ഒഴിപ്പിച്ചത്. യെലഹങ്കയിലെ കൊംഗിലു വില്ലേജില്‍ ഫക്കീര്‍ കോളനിയിലും വസീം ലെഔട്ടിലും കയ്യേറി പണിത ഏകദേശം 200 വീടുകളാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചത്. 400 കുടുംബങ്ങളെ ഒഴിപ്പിച്ചു. 3000 പേരെ സ്ഥലംമാറ്റി. മുസ്ലിങ്ങള്‍ അനധികൃതമായി കയ്യേറിയ 15 ഏക്കര്‍ സ്ഥലം ബുള്‍ഡോസര്‍ ഉപയോഗിച്ച് ഒഴിപ്പിച്ചു.

എന്നാല്‍ ഇതിനെതിരെ പ്രതികരിച്ച പിണറായി കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് സംഘപരിവാറിന്റെ രീതി പിന്തുടരുകയാണെന്ന് വിമര്‍ശിക്കുകയായിരുന്നു. ഇതിന് മുന്‍പ് ബിജെപി സര്‍ക്കാരുകള്‍‍ യുപിയിലും ഗുജറാത്തിലും അസമിലും ബുള്‍ഡോസര്‍ ഉപയോഗിച്ച് മുസ്ലിങ്ങളുടെ അനധികൃത കുടിയേറ്റങ്ങള്‍ ഒഴിപ്പിച്ചിരുന്നു. ഇതേ മാതൃകയിലാണ് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തതെന്നാണ് പിണറായിയുടെ ആരോപണം.

വാസ്തവത്തില്‍ മുസ്ലിങ്ങള്‍ അനധികൃതമായി കയ്യേറിയ 15 ഏക്കര്‍ സ്ഥലത്തെ കയ്യേറ്റമാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. മാലിന്യം നിക്ഷേപിക്കാനായി കര്‍ണ്ണാടകസര്‍ക്കാര്‍ നീക്കിവെച്ച സ്ഥലത്താണ് ബംഗ്ലാദേശി രോഹിംഗ്യ മുസ്ലിങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കയ്യേറി താമസം തുടങ്ങിയത്. ഏറെക്കാലം താക്കീതുകള്‍ നല്‍കിയിട്ടും ഗൗനിക്കാതിരുന്നപ്പോഴാണ് ബെംഗളൂരു സോളിഡ് വെയ്സ്റ്റ് മാനേജ്മെന്‍റ് ലിമിറ്റഡ്, ഗ്രേറ്റ് ബെംഗളൂരു അതോറിറ്റി എന്നിവര്‍ ചേര്‍ന്ന് സര്‍ക്കാര്‍ പിന്തുണയോടെ അനധികൃതമായി നിര്‍മ്മിച്ച 200 വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് നീക്കിയത്.

“കയ്യേറിയ സ്ഥലം ഖരമാലിന്യം നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ നീക്കിവെച്ച സ്ഥലമാണ്. ഇതു കാരണം ഈ പ്രദേശത്ത് നിന്നും ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഞങ്ങള്‍ക്ക് മനുഷ്യത്വമുണ്ട്. അത് കാരണം പല തവണ ഒഴിഞ്ഞുപോകാന്‍ ഇവരോട് ആവശ്യപ്പെട്ടിരുന്നതാണ്. ഞങ്ങള്‍ ബുള്‍ഡോസര്‍ സംസ്കാരം കൊണ്ടുവരുന്നു എന്നാണ് പിണറായി വിജയന്‍ പറയുന്നത്. ഒരിയ്‌ക്കലും ഇങ്ങിനയൊന്നും കുറ്റപ്പെടുത്തരുത്. നഗരത്തിന്റെ നടുവിലുള്ള സര്‍ക്കാര്‍ ഭൂമി ഞങ്ങള്‍ തിരിച്ചുപിടിക്കുക മാത്രമാണ് ചെയ്തത്. “- ഡി.കെ. ശിവകുമാര്‍ പറയുന്നു.

“ഭൂ മാഫിയ ഇവിടെ മനപൂര്‍വ്വം ചേരികള്‍ സൃഷ്ടിക്കുകയാണ്. പിന്നീട് ഈ ഭൂമി കയ്യേറാമെന്നതാണ് ഇവരുടെ ഉന്നം. ഇതൊഴിവാക്കാനാണ് കയ്യേറ്റം ഒഴിപ്പിച്ചത്”.- ഡി.കെ. ശിവകുമാര്‍ പറയുന്നു.

By admin