കോഴിക്കോട് : മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെതിരെയും പാര്‍ട്ടിയുടെ ഫണ്ട് ശേഖരണത്തിനെതിരെയും രാഷ്ട്രീയ എതിരാളികളില്‍ ചിലര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും സംഘടന കൈവരിച്ച വിശ്വാസ്യതയെ തകര്‍ക്കാനുള്ള ഗൂഢോലോചനയുടെ ഭാഗവുമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പറഞ്ഞു.
മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ ക്രൗഡ് ഫണ്ടിംഗ് മാതൃകാപരവും ഏറെ പ്രശംസ പിടിച്ചു പറ്റിയതുമായിരുന്നു. സ്വജനപക്ഷപാതവും അഴിമതിയും നടത്തിയതിനാല്‍ മുസ്‌ലിം യൂത്ത് ലീഗ് നിരന്തമായി നടത്തിയ സമരത്തിനും നിയമ പോരാട്ടത്തിനുമൊടുവില്‍ മന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടി വന്നതിലൂടെ കേരള രാഷ്ട്രീയത്തില്‍ എടുക്കാ നാണയമായി മാറിയ ഒരു വ്യക്തിയുടെ ജാള്യതയില്‍ നിന്നുമാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി 2022 ഒക്ടോബര്‍ 10മുതല്‍ 30വരെയായി നടത്തിയ ദോത്തി ചലഞ്ച് പാര്‍ട്ടിയുടെ പ്രവര്‍ത്തന ഫണ്ട് സമാഹരണമായിരുന്നു എന്നത് എല്ലാവര്‍ക്കും അറിയുന്ന വസ്തുതയാണ്.
ഇതില്‍ പങ്കാളികള്‍ ആയവര്‍ക്ക് സ്‌നേഹോപഹാരമായിട്ടാണ് ദോത്തി നല്‍കിയത്. ഫണ്ട് ശേഖരണത്തിന് ശേഷം 2022 നവമ്പര്‍ 19,20,21 തിയ്യതികളിലായി വയനാട്ടില്‍ വെച്ച് നടന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പില്‍ ദോത്തി ചലഞ്ച് കണക്ക് അവതരിപ്പിച്ചു. അതിന് ശേഷം 2023 ഒക്ടോബര്‍ 14ന് ചേര്‍ന്ന സംസ്ഥാന കൗണ്‍സിലിലും കണക്ക് അവതരിപ്പിച്ച് പാസാക്കിയതുമാണ്. ഇതാണ് സംഘടനയുടെ രീതിയും. മുസ്‌ലിം യൂത്ത് ലീഗിന്റെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ ജനറല്‍ സെക്രട്ടറി ഒറ്റക്കല്ല കൈകാര്യം ചെയ്യുന്നത് എന്നിരിക്കെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി..കെ ഫിറോസിനെതിരെ ഒറ്റതിരിഞ്ഞ് ആരോപണം ഉന്നയിക്കുന്നത് ദുരുദ്ദേശപരമാണ്.
കൂടാതെ 2018 ഏപ്രില്‍ 20ന് (വെള്ളിയാഴ്ച), ജമ്മു കാശ്മീരിലെ കത്വവയില്‍ ദാരുണമായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെയും ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എ ബലാത്സംഗം ചെയ്ത പെണ്‍കുട്ടിയുടെ കുടുംബത്തെയും സഹായിക്കാനും നിയമ പോരാട്ടം ഏറ്റെടുക്കുന്നതിനുമായി മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തിയ ഫണ്ട് സമാഹരണത്തിന്റെ പേരില്‍ പോലീസില്‍ പരാതി നല്‍കുകയും, പോലീസ് അന്വേഷണത്തിനൊടുവില്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് കണ്ടെത്തി തള്ളിക്കളയുകയും ചെയ്ത കേസ് വീണ്ടും ഉന്നയിക്കുന്നവരുടെ ലക്ഷ്യം പൊതുസമൂഹം തിരിച്ചറിയുമെന്നും യോഗം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ സ്വാഗതം പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷറഫ് എടനീര്‍, കെ.എ മാഹീന്‍, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, അഡ്വ. കാര്യറ നസീര്‍, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍, അഡ്വ. ഫാത്തിമ തെഹ്‌ലിയ ചര്‍ച്ചയില്‍ പങ്കെടുത്തു.