ഡല്‍ഹിയിലെ ദരിയാഗഞ്ചിലെ ശ്യാംലാല്‍ മാര്‍ഗിലെ മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ‘ഖാഇദേ മില്ലത്ത് സെന്റര്‍’ നാളെ സമര്‍പ്പിക്കും. ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്യുക. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയ ഗാന്ധി, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങി ഇന്ത്യ സഖ്യത്തിലെ മറ്റ് ഉന്നത നേതാക്കളും രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖരും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത മുസ്ലിം ലീഗ് പ്രതിനിധികളും നേതാക്കളുമടക്കം 3000 പേരും ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം വെയിറ്റ് ലിഫ്റ്റിങ് ഹാളില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ അതിഥികളായിരിക്കും. മുതിര്‍ന്ന അഭിഭാഷകനും പാര്‍ലമെന്റ് അംഗവുമായ കബില്‍ സിബല്‍ ‘ഇലക്ഷന്‍ ഫ്രോഡ്: ഡെത്ത് ഓഫ് ഡെമോക്രസി’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും.
അഞ്ച് നിലകളിലായാണ് സമുച്ചയം. ദേശീയ ഭാരവാഹികള്‍ക്കുള്ള ഓഫീസുകള്‍, മീറ്റിങ് ഹാളുകള്‍, വര്‍ക്ക് സ്‌പേസുകളും കൂടാതെ കൊമേഴ്‌സ്യല്‍ സ്‌പേസ്, ബോര്‍ഡ് റൂം, ഡിജിറ്റല്‍ സ്‌ക്രീനോടുകൂടിയ കോണ്‍ഫറന്‍സ് ഹാള്‍, പബ്ലിക് ഹാള്‍, ഡെയിനിങ് ഏരിയ, പ്രാര്‍ഥനാ മുറി എന്നിവ ഉള്‍പ്പെടുത്തി അത്യാധുനിക സംവിധാനങ്ങങ്ങളും സൗകര്യങ്ങളുമുള്ളതായിരിക്കും.
സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ ദേശീയ രാഷ്ട്രീയ ഉപദേശകസമിതി ചെയര്‍മാന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എംപി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, ഭാരവാഹികളായ അബ്ദുല്‍ സമദ് സമദാനി എംപി, അഡ്വ് ഹാരിസ് ബീരാന്‍ എംപി, ഖുറം അനീസ് ഉമര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.