കര്‍ണാടകയിലെ ബെലഗാവി ജില്ലയില്‍, മുസ്‌ലിം പ്രിന്‍സിപ്പലിനെ പുറത്താക്കാനുള്ള ശ്രമത്തില്‍, ശ്രീരാമ സേന അംഗം ഒരു സര്‍ക്കാര്‍ സ്‌കൂളിലെ കുടിവെള്ളത്തില്‍ വിഷം കലര്‍ത്തി. ഏഴിനും പത്തിനും ഇടയില്‍ പ്രായമുള്ള നിരവധി കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹൂളിക്കാട്ടെ ഗ്രാമത്തിലെ ജനതാ കോളനിയിലെ ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ സുലൈമാന്‍ ഗോറിനായിക് നല്‍കിയ പരാതിയെത്തുടര്‍ന്ന് സൗന്ദത്തി പോലീസ് സ്റ്റേഷന്‍ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 110 (കുറ്റകരമായ നരഹത്യ), 125 (എ) (ജീവന്‍ അപകടപ്പെടുത്തല്‍) എന്നിവ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മുസ്‌ലിം പ്രധാനാധ്യാപകനായ സുലൈമാന്‍ ഗോറിനായിക്കിന്റെ സത്യപേരിന് കളങ്കമുണ്ടാക്കാന്‍ സ്‌കൂള്‍ കുട്ടികളുടെ കുടിവെള്ളത്തില്‍ വിഷം കലര്‍ത്തിയതിന് ശ്രീറാം സേനയുടെ താലൂക്ക് പ്രസിഡന്റ് സാഗര്‍ പാട്ടീലും നാഗനഗൗഡ പാട്ടീല്‍, കൃഷ്ണ മദാര എന്നിവരും അറസ്റ്റിലായി.
കൃഷ്ണ മദാര എന്ന വ്യക്തിയുടെ നിര്‍ദ്ദേശപ്രകാരം ഒരു വിദ്യാര്‍ത്ഥി സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ സാധാരണയായി ഉപയോഗിക്കുന്ന കീടനാശിനി ഒഴിച്ചുവെന്നും തുടര്‍ന്ന് കുട്ടിയെ ചോക്ലേറ്റും പണവും നല്‍കി പ്രലോഭിപ്പിച്ച് ഏഴ് വയസിനും പത്തിനും ഇടയില്‍ പ്രായമുള്ള നിരവധി കുട്ടികള്‍ക്ക് അസുഖം ബാധിച്ചതായും അറിയാന്‍ കഴിഞ്ഞു.
ശ്രീരാമസേനയുടെ സൗന്ദത്തി താലൂക്ക് പ്രസിഡന്റ് സാഗര പാട്ടീലാണ് സംഭവത്തിന് പിന്നിലെ സൂത്രധാരനെന്ന് പൊലീസ് ആരോപിച്ചു. ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളില്‍ 13 വര്‍ഷമായി സേവനമനുഷ്ഠിക്കുന്ന മുസ്‌ലിം പ്രധാനാധ്യാപകനായ സുലൈമാന്‍ ഗോറിനായിക്കിന്റെ പ്രശസ്തി തകര്‍ക്കുകയാണ് പാട്ടീലിന്റെ ലക്ഷ്യമെന്ന് ബെലഗാവി പോലീസ് സൂപ്രണ്ട് ഭീംശങ്കര്‍ ഗുലെദ് മാധ്യമങ്ങളോട് പറഞ്ഞു.
‘ശ്രീരാമസേനയുമായി ബന്ധമുള്ള സാഗര, സുലൈമാന്‍ ഗോറിനായിക്കിനെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ മനഃപൂര്‍വ്വം ആസൂത്രണം ചെയ്തതാണ് സംഭവമെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു,’ ഭീംശങ്കര്‍ ശനിയാഴ്ച പറഞ്ഞു.
സാഗര പാട്ടീലാണ് മുഖ്യപ്രതിയെന്നും രണ്ട് മാസത്തിലേറെയായി ആസൂത്രണം ചെയ്തിരുന്നതായും ഭീംശങ്കര്‍ ഗുലേദ് സ്ഥിരീകരിച്ചു.