ഇടുക്കി : മൂന്നാറില്‍ കെഎസ്ആര്‍ടിസിയുടെ ആഡംബര ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. ഡ്രൈവര്‍ മുഹമ്മദ് കെ.പിയുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി നടപടി.
എതിരെ വന്ന കാറിന്റെ അമിതവേഗമാണ് അപകടകാരണമെന്നാണ് ഡ്രൈവര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ അങ്ങനെ ഒരു വാഹനം എതിരെ ഉണ്ടായിരുന്നില്ലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ ബോധ്യപ്പെട്ടു. ഡ്രൈവറെ ന്യായീകരിച്ചാണ് ആദ്യഘട്ടത്തില്‍ കെഎസ്ആര്‍ടിസി പ്രതികരിച്ചത്. വിശദമായ അന്വേഷണത്തെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.
കഴിഞ്ഞ വെള്ളിയാഴ്ച ചിന്നക്കനാല്‍ നിന്ന് 45 യാത്രക്കാരുമായി പോകവെയാണ് അപകടമുണ്ടായത്. ദേശീയപാതയോരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ത്ത ബസ് സമീപത്തെ കാനയില്‍ ഇടിച്ചുനിന്നു. യാത്രക്കാര്‍ക്ക് പരിക്കില്ല. വിനോദസഞ്ചാരികളെ മറ്റൊരു ബസില്‍ മൂന്നാറിലെത്തിച്ചു.