
കണ്ണൂർ: ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ നാലാംപ്രതി ടി.കെ.രജീഷിന് വീണ്ടും പരോൾ. 20 ദിവസത്തേക്കാണ് പരോൾ അനുവദിച്ചത്. ജനുവരി 10-ന് തിരിച്ച് ജയിലിലെത്തണം. മൂന്നുമാസത്തിനിടെ രണ്ടുതവണയാണ് പരോൾ കിട്ടുന്നത്. ടി.പി കേസിലെ പ്രതികൾക്ക് പരോളിന് ജയിൽ ഡിഐജി പണം വാങ്ങിയെന്ന പരാതി കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
രജീഷിന് കഴിഞ്ഞ ഓഗസ്റ്റ് ഒന്നുമുതൽ 30 ദിവസത്തേക്ക് പരോൾ അനുവദിച്ചിരുന്നു. തുടർന്ന് തിരികെ ജയിലിലെത്തിയശേഷം ഒന്നരമാസം കണ്ണൂർ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈമാസം ഏഴിനാണ് ചികിത്സ കഴിഞ്ഞ് ജയിലിലെത്തിയത്. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് ഇപ്പോൾ പരോൾ അനുവദിച്ചത്.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ ശിക്ഷാതടവുകാരായ കൊടി സുനി ഉൾപ്പെടെയുള്ളവർക്ക് ഇഷ്ടംപോലെ പരോൾ അനുവദിക്കുന്നതിന് ജയിൽ ഡിഐജി വിനോദ് കുമാർ കൈക്കൂലി വാങ്ങിയതായുള്ള തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് രജീഷിന് മൂന്നുമാസത്തിനിടെ രണ്ടുതവണ പരോൾ കിട്ടുന്നത്. പരോളിനും ജയിലിൽ സൗകര്യമൊരുക്കാനും ഡിഐജി വിനോദ് കുമാർ തടവുകാരുടെ ബന്ധുക്കളിൽനിന്ന് പണം വാങ്ങുന്നതായി വിജിലൻസ് കണ്ടെത്തിയിരുന്നു.