വാഷിംഗ്ടണ്‍: പുതുതായി യുഎസ് പ്രസിഡന്‍റായി സ്ഥാനമേല്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപ് എടുത്ത മൂന്ന് ശപഥങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്.
റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധം തീര്‍ക്കും എന്നതാണ് പ്രധാന പ്രതിജ്ഞ. യുഎസ് തെരഞ്ഞെടുപ്പില്‍ പ്രചരണം നടത്തുമ്പോഴേ ട്രംപ് ഇക്കാര്യം വാഗ്ദാനം ചെയ്തിരുന്നു. ഉക്രൈനെതിരായ യുദ്ധം ജോ ബൈഡന്‍ നേതൃത്വം നല്‍കുന്ന ഡമോക്രാറ്റുകളുടെ പദ്ധതിയായിരുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ് വാദിക്കുന്നു.
മധ്യേഷ്യയില്‍ നടക്കുന്ന കുഴപ്പങ്ങള്‍ അവസാനിപ്പിക്കും എന്നതാണ് ട്രംപ് എടുത്ത മറ്റൊരു ശപഥം. മധ്യേഷ്യ മുഴുവന്‍ കഴിഞ്ഞ കുറെ മാസങ്ങളായി യുദ്ധങ്ങളുടെ പിടിയിലായിരുന്നു. ഇസ്രയേലും ഹമാസും തമ്മില്‍ ആരംഭിച്ച യുദ്ധം പിന്നീട് ഇസ്രയേലും ലെബനൊനും തമ്മില്‍ ഇസ്രയേലും ഹെസ്ബുള്ളയും തമ്മില്‍, ഇസ്രയേലും ഇറാനും തമ്മില്‍, ഇസ്രയേലും യെമനും തമ്മില്‍ എന്നിങ്ങനെ വിപുലമായിക്കൊണ്ടിരിക്കുകയായിരുന്നു. അതാണ് അവസാനിപ്പിക്കുമെന്ന് ട്രംപ് ശപഥം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം തന്നെ ഇസ്രയേല്‍ ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ തന്നെ ട്രംപിന്റെ സമ്മര്‍ദ്ദം മൂലം ഉണ്ടായതാണെന്ന് വിശ്വസിക്കുന്നു.
മൂന്നാം ലോകമഹായുദ്ധം എന്ത് വിലകൊടുത്തും തടയും എന്നതായിരുന്നു മൂന്നാമത്തെ ശപഥം. യുദ്ധങ്ങളിലൂടെ ലോകത്ത് സംഘര്‍ഷം പരക്കുകയായിരുന്നു കഴിഞ്ഞ നാളുകളില്‍. റഷ്യയും ഉക്രൈനും തമ്മില്‍ യുദ്ധം, ഇസ്രയേലും ഹമാസും തമ്മില്‍, ഇസ്രയേലും ഇറാനും തമ്മില്‍, വടക്കന്‍ കൊറിയയും തെക്കന്‍ കൊറിയയും തമ്മില്‍ ചൈനയും തായ് വാനും തമ്മില്‍ എന്നിങ്ങനെ യുദ്ധങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. എല്ലാം ചേര്‍ന്ന് ഒരു മൂന്നാംലോകമഹായുദ്ധത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയായിരുന്നു. അതിനിടെയാണ് ട്രംപ് നല്‍കുന്ന മൂന്നാം ലോകമഹായുദ്ധം അവസാനിപ്പിക്കുമെന്ന ശുഭകരമായ പ്രതീക്ഷ.