
കാവാലം ശശികുമാർ
തിരുവനന്തപുരം: മെട്രോമാൻ ഇ. ശ്രീധരൻ കേന്ദ്ര റയിൽവേ മന്ത്രി അശ്വിനി കുമാറിനെക്കണ്ട് മൂന്ന് സുപ്രധാന പദ്ധതികൾ പറഞ്ഞു. മൂന്നിനും കേന്ദ്ര സർക്കാർ തയാർ. പക്ഷേ, വർഷങ്ങൾക്കുമുമ്പ് റയിൽവേ അംഗീകരിച്ച പദ്ധതികളിൽ കേരള സർക്കാർ സഹകരിക്കാൻ തയാറാകുന്നില്ല. എന്നാൽ, പദ്ധതികളുമായി മുന്നോട്ടുപോകാൻ റയിൽവേക്ക് മന്ത്രി അശ്വിനി വൈഷ്ണവ് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഇ. ശ്രീധരൻ ജന്മഭൂമിയോട് പറഞ്ഞു.
ജനറൽ ബജറ്റിന്റെ ഭാഗമായി റയിൽവേയുടെ വാർഷിക പദ്ധതികൾ അവതരിപ്പിക്കുന്നതിനുമുന്നോടിയായാണ് ലോകപ്രസിദ്ധനായ ടെക്‌നോക്രാറ്റ് ഇ. ശ്രീധരൻ കേന്ദ്ര റയിൽ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടത്.
നിലമ്പൂർ-നഞ്ചൻകോട് പാത
തന്റെ സ്വപ്‌ന പദ്ധതിയായ നിലമ്പൂർ- നഞ്ചൻകോട് റയിൽ പദ്ധതി സംബന്ധിച്ചാണ് ഇ. ശ്രീധരൻ ആദ്യം മന്ത്രിയുടെ ശ്രദ്ധക്ഷണിച്ചത്. ഈ പദ്ധതിക്ക് റയിൽവേ അംഗീകാരം നൽകി, 2014 ൽ കേരള ബജറ്റിൽ ആറുകോടി രൂപ അനുവദിച്ച് ദൽഹി മെട്രോ റയിൽ കോർപ്പറേഷൻ (ഡിഎംആർസി)യെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് ചുമതല നൽകിയതാണ്. തൊട്ടുപിന്നാലെ വന്ന തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി സർക്കാർ മാറി പിണറായി വിജയൻ സർക്കാർ വന്നപ്പോൾ ആ പണം ട്രഷറിയിൽനിന്ന പിൻവലിച്ചു. പദ്ധതി പ്രവർത്തനം നിർത്തിവെച്ചു. പകരം തലശ്ശേരി-മൈസൂർ റയിൽ പാതക്ക് വേണ്ടി മുഖ്യമന്ത്രി സമ്മർദ്ദം ചെലുത്തുകയായിരുന്നു.
2023 മാർച്ചിൽ ഈ വിഷയത്തിൽ ഇ. ശ്രീധരൻ കേന്ദ്ര റയിൽമന്ത്രിക്ക് കത്ത് നൽകി. പക്ഷേ, സംസ്ഥാന സർക്കാരിന്റെ സഹകരണം ഉണ്ടായില്ല. ഇതിന്റെ ചെലവിൽ 51 ശതമാനം കേന്ദ്ര സർക്കാർ വഹിക്കും. 16 ശതമാനം വഹിക്കാൻ കർണ്ണാടക സർക്കാർ തയാറാണ്. എന്നാൽ കൂടുതൽ നേട്ടം ഉണ്ടാകുന്നത് കേരളത്തിനാണ്, എന്നാൽ ചെലവിന്റെ 33 ശതമാനം നൽകി സഹകരിക്കാൻ കേരളം തയാറല്ല എന്നതാണ് സ്ഥിതി. പത്തുവർഷം കൊണ്ട് പാതയുടെ നിർമ്മാണ ചെലവ് 2015ൽ 6,000 കോടിയായിരുന്നത് ഇപ്പോൾ 48,000 കോടിയായി. എന്നാൽ ഈ പാതയുടെ കാര്യത്തിൽ റയിൽവേക്ക് താൽപര്യമുണ്ടെന്നും നടപടികൾക്ക് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
കെ റയിലിന് ബദൽ
പിണറായി സർക്കാർ കൊണ്ടുവരാനുദ്ദേശിച്ച കെ റയിൽ പ്രായോഗികമല്ലെന്നും 10 വർഷം കഴിഞ്ഞിട്ടും എങ്ങുമെത്താത്ത പദ്ധതി ഇനി നോക്കിയിരുന്നിട്ട് കാര്യമില്ലെന്നും കേന്ദ്ര മന്ത്രിയുമായുള്ള ചർച്ചകളുടെ വിവരം പങ്കുവെച്ച് മെട്രോമാൻ പറഞ്ഞു.
എന്നാൽ, മറ്റൊരു ഹൈസ്പീഡ് റയിൽ പദ്ധതിയെക്കുറിച്ച് സംസാരിച്ചുവെന്നും സമർപ്പിച്ച പദ്ധതിയിൽ റയിൽമന്ത്രി താൽപര്യം പ്രകടിപ്പിച്ചുവെന്നും ഇ. ശ്രീധരൻ പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് കണ്ണൂർവരെയുള്ള ഹൈ സ്പീഡ് പദ്ധതിയാണ് ഞാൻ നിർദ്ദേശിച്ചിട്ടുള്ളത്. വിശദ പദ്ധതി തയാറാക്കാൻ പറഞ്ഞിരിക്കുകയാണ്. ഡിഎംആർസി ചെയ്യും. ആ ജോലി ചെയ്യാനും ഡിഎംആർസി സന്നദ്ധമാണെന്ന് മന്ത്രിയെ അറിയിച്ചു.
പമ്പയിലേക്ക്
ഹൈ സ്പീഡ് പാത
ചെങ്ങന്നൂരിൽനിന്ന് ശബരിമലയ്‌ക്ക് പോകാൻ പമ്പവരെ ഹൈസ്പീഡ് പാതയാണ് മറ്റൊരു പ്രോജക്ട്. 45 മിനിട്ട് സമയംകൊണ്ട് എത്താം. മൂന്നുമിനിറ്റിൽ ഒരു വണ്ടി എന്ന നിലയിൽ ഓടിക്കാം. ഇരട്ടപ്പാത, ആകെ ചെലവ് 9,000 കോടിയേ വരുന്നുള്ളു. ഈ പദ്ധതി മികച്ചതാണെന്ന് പറയുന്നെങ്കിലും കേരള സർക്കാർ അനുവദിക്കുന്നില്ലെന്നാണ് മനസ്സിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അങ്കമാലിയിൽനിന്നുള്ള ശബരിപാതയിലാണ് കേരളത്തിന്റെ താൽപര്യം. അതും വേഗമാക്കാനും പൂർത്തിയാക്കാനും വേണ്ടതുചെയ്യുന്നില്ല. ചെങ്ങന്നൂർ- പമ്പ പദ്ധതി വന്നാൽ പല നേട്ടങ്ങളുണ്ടാകും, ശബരിമലയാത്ര പൂർണ്ണമായും ട്രെയിനിലാകും. റോഡപകടങ്ങൾ കുറയും, മെട്രോമാൻ പറഞ്ഞു. ഈ പദ്ധതിക്ക് റയിൽവേ തയ്യാറാണ്, സംസ്ഥാനം സഹകരിച്ചാൽ മതി. ഡിഎംആർസി മറ്റുകാര്യങ്ങൾ നിർവഹിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. പക്ഷേ കേരള സർക്കാരിന് താൽപ്പര്യമില്ല.
മുംബൈയിലേക്ക്
വന്ദേഭാരത്
വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിലൊന്ന് തിരുവനന്തപുരത്തുനിന്ന് മുംബൈക്ക് വേണമെന്ന ഇ.ശ്രീധരന്റെ നിർദ്ദേശവും മന്ത്രി അശ്വിനി വൈ്ഷണവ് പരിഗണനയിൽ എടുത്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരുവനന്തപുരം സന്ദർശനത്തിൽ ഈ പ്രഖ്യാപനം നടത്താനുള്ള സാധ്യത പരിശോധിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും ഇ. ശ്രീധരൻ പറഞ്ഞു.