തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ക്ക് ക്ഷാമം ഉണ്ടെന്ന് വെളിപ്പെടുത്തിയ ഡോ. ഹാരിസ് ചിറക്കലിന് കാരണം കാണിക്കല്‍ നോട്ടീസ്.മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ വഴിയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തില്‍ ഉപകാരണക്ഷാമം ഉണ്ടെന്നാണ് ഡോ ഹാരിസ് തുറന്നു പറഞ്ഞത്. ഉപകരണ ക്ഷാമം മൂലം ശസ്ത്രക്രിയകള്‍ മുടങ്ങി പോയിട്ടുണ്ടെന്നും ഡോ. ഹാരിസ് ഹസന്‍ വെളിപ്പെടുത്തി.ഇത് വലിയ വിവാദമായി.തുടര്‍ന്ന് ആരോഗ്യവകുപ്പ് നിയോഗിച്ച നാലംഗ സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ ഡോ. ഹാരിസിന്റെ ഭാഗത്ത് നിന്നുണ്ടായത് സര്‍വീസ് ചട്ടലംഘനമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.
1960 ലെ സര്‍ക്കാര്‍ സര്‍വീസ് ചട്ടങ്ങള്‍ ഹാരിസ് ലംഘിച്ചു. കൂടാതെ 56, 60എ, 62 എന്നീ വകുപ്പുകള്‍ ലംഘിച്ചു . ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതും പരസ്യപ്രസ്താവന നടത്തിയതും ചട്ട ലംഘനമാണ്.ഡോ ഹാരിസ് ഉന്നയിച്ച എല്ലാ പരാതികളും വസ്തുതയല്ല എന്നാണ് സമിതിയുടെ കണ്ടെത്തല്‍. എന്നാല്‍ അദ്ദേഹത്തിന്റെ ചില പരാതികളില്‍ കാര്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.