
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് അധ്യാപകര്‍ അനിശ്ചിതകാല ഒപി ബഹിഷ്‌കരണവും അധ്യാപന ബഹിഷ്‌കരണവും തുടങ്ങി.സീനിയര്‍ ഡോക്ടര്‍മാര്‍ ഒപികളില്‍നിന്നു വിട്ടുനിന്നു.ഒപിയില്‍ എത്തിയ രോഗികളെ പിജി വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്‍മാരുമാണ് പരിശോധിച്ചത്.
ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും മറ്റും നിര്‍ത്താന്‍ സംഘടന നിര്‍ബന്ധിതമാകുമെന്ന് കെജിഎംസിടിഎ അറിയിച്ചു. 26 മുതല്‍ പരീക്ഷാ ജോലികളില്‍നിന്നും വിട്ടുനില്‍ക്കും.
അവശ്യ ആരോഗ്യ സേവനങ്ങളായ അത്യാഹിത വിഭാഗം, ലേബര്‍ റൂം, അടിയന്തര ശസ്ത്രക്രിയകള്‍, ഐസിയു, പോസ്റ്റ്‌മോര്‍ട്ടം പരിശോധനകള്‍, അടിയന്തര ലബോറട്ടറി സേവനങ്ങള്‍ എന്നിവയെ സമരത്തില്‍നിന്ന് ഒഴിവാക്കി.
എല്ലാ മെഡിക്കല്‍ കോളജുകളിലും ധര്‍ണനടത്തി. 2016 മുതലുള്ള ശമ്പള കുടിശിക നല്‍കുക, മതിയായ തസ്തികകള്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തി മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ കഴിഞ്ഞ ജൂലായ് ഒന്നു മുതല്‍ പ്രതിഷേധത്തിലാണ്.