കൊച്ചി: ‘മെഡിസെപ്’ പദ്ധതിയില്‍ എം പാനല്‍ ചെയ്യാത്ത ആശുപത്രിയില്‍ ‘അക്യൂട്ട് മൈലോയിഡ് ലുക്കീമിയ’യ്‌ക്ക് ചികിത്സ തേടിയ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക് അര്‍ഹമായ തുക നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ചികിത്സാ ചെലവ് തിരികെ ലഭിക്കാന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ്. ചികിത്സ നടന്ന ആശുപത്രി പദ്ധതിയില്‍ എം പാനല്‍ ചെയ്തിട്ടില്ല എന്ന കാരണത്താല്‍ മാത്രം ഒരു ക്ലെയിം നിരസിക്കാന്‍ പാടില്ലെന്ന സുപ്രീംകോടതി, ഹൈക്കോടതി മുന്‍കാല വിധികള്‍ ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജിക്കാരന്റെ ക്ലെയിം പരിശോധിക്കാന്‍ ജില്ലാ പരാതി പരിഹാര സമിതിയോട് നിര്‍ദേശിച്ചു. ക്ലെയിം യഥാര്‍ത്ഥമാണെന്ന് ബോധ്യപ്പെട്ടാല്‍, ഒരു മാസത്തിനുള്ളില്‍ അര്‍ഹമായ തുക നല്‍കണമെന്നും ഉത്തരവിട്ടു.
പദ്ധതിയില്‍ എം പാനല്‍ ചെയ്ത ഓങ്കോളജി സെന്ററുകളിലൊന്നും തന്റെ ചികിത്സയ്‌ക്ക് ആവശ്യമായ ജീവനക്കാരോ ഉപകരണങ്ങളോ ഇല്ലാതിരുന്നതിനാലാണ് കൊച്ചിയിലെ ഒരു പ്രധാന ആശുപത്രിയില്‍ ചികിത്സ തേടിയതെന്ന് ഹര്‍ജിക്കാരന്‍ വ്യക്തമാക്കി.
എന്നാല്‍, എംപാനല്‍ ചെയ്തിട്ടില്ലെന്ന കാരണത്താല്‍ ആശുപത്രി ക്ലെയിം നിരസിച്ചു. ഹര്‍ജിക്കാരന്‍ നടത്തിയ ചികിത്സ മെഡിസെപ് പദ്ധതിയിലെ ‘കാറ്റസ്ട്രോഫിക് പാക്കേജി’ല്‍ ഉള്‍പ്പെടുന്നതാണെന്നും, 9.46 ലക്ഷം മുതല്‍ 17 ലക്ഷം രൂപവരെ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും മെഡിസെപ് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.