• Fri. Aug 22nd, 2025

24×7 Live News

Apdin News

‘മെയ്‌ക്ക് ഇൻ ഇന്ത്യയുടെ ലക്ഷ്യങ്ങളെ റഷ്യ പിന്തുണയ്‌ക്കുന്നു’ ; ട്രംപിന്റെ നികുതി നിരക്കുകൾക്കിടയിൽ പുടിനെ കണ്ടതിന് ശേഷം എസ് ജയശങ്കർ

Byadmin

Aug 22, 2025



മോസ്കോ : ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ വ്യാഴാഴ്ച ക്രെംലിനിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ സദർശിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഈ വർഷം അവസാനം പ്രസിഡന്റ് പുടിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ വിവിധ വശങ്ങൾ അന്തിമമാക്കുന്നതിനെക്കുറിച്ചും ഡോ. ​​ജയ്ശങ്കർ ചർച്ച ചെയ്തു.

മൂന്ന് ദിവസത്തെ റഷ്യ സന്ദർശനത്തിനായി ചൊവ്വാഴ്ച ഇവിടെയെത്തിയ ഡോ. ജയ്ശങ്കർ, ഇന്ത്യയ്‌ക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രഖ്യാപിച്ച സമയത്താണ് പുടിനെ കണ്ടത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും ശക്തവും സുസ്ഥിരവുമായ ബന്ധങ്ങളിലൊന്നാണ് ഇന്ത്യ-റഷ്യ ബന്ധം എന്ന് പുടിനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം സെർജി ലാവ്‌റോവുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ ഡോ. ജയ്ശങ്കർ പറഞ്ഞതായി റഷ്യൻ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു.

റഷ്യയുമായുള്ള പ്രതിരോധ, സൈനിക സഹകരണം ശക്തമാണ്. സംയുക്ത ഉൽപ്പാദനവും സാങ്കേതികവിദ്യാ കൈമാറ്റവും ഉൾപ്പെടെയുള്ള ഇന്ത്യയുടെ ‘മെയ്‌ക്ക് ഇൻ ഇന്ത്യ’ ലക്ഷ്യങ്ങളെ റഷ്യ പിന്തുണയ്‌ക്കുന്നതായി ലാവ്‌റോവ് പറഞ്ഞു. കൂടാതെ ഈ വർഷം അവസാനം റഷ്യൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ ഉൾപ്പെടെ വരാനിരിക്കുന്ന പരിപാടികളെക്കുറിച്ച് ചർച്ച ചെയ്തതായും ലാവ്‌റോവ് വ്യക്തമാക്കി. റഷ്യ-ഇന്ത്യ ബന്ധങ്ങളെ ഒരു പ്രത്യേക തന്ത്രപരമായ പങ്കാളിത്തമായിട്ടാണ് ലാവ്‌റോവ് വിശേഷിപ്പിച്ചത്.

ഓഗസ്റ്റ് 18 ന് പ്രസിഡന്റ് പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് ഉക്രെയ്ൻ പ്രതിസന്ധിയെക്കുറിച്ചും അലാസ്കയിൽ നടന്ന റഷ്യ-യുഎസ് ഉച്ചകോടിയെക്കുറിച്ചും ചർച്ച ചെയ്തിരുന്നു. നേരത്തെ ഓഗസ്റ്റ് 7 ന് പുടിൻ ഇന്ത്യൻ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയ്‌ക്ക് മേൽ 50 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രഖ്യാപിച്ചിരിക്കുന്ന സമയത്താണ് ഈ കൂടിക്കാഴ്ചകൾ നടക്കുന്നത്.

റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിലൂടെ ഇന്ത്യ ഉക്രെയ്ൻ യുദ്ധത്തെ പരോക്ഷമായി സഹായിക്കുകയാണെന്ന് ട്രംപ് ഭരണകൂടം പറയുന്നു. റഷ്യയിൽ സാമ്പത്തിക സമ്മർദ്ദം ചെലുത്തുന്നതിനാണ് ഈ നടപടികൾ സ്വീകരിച്ചതെന്നും യുഎസ് ആരോപിക്കുന്നുണ്ട്.

By admin