• Mon. Feb 2nd, 2026

24×7 Live News

Apdin News

മെയ്‌ക്ക് ഇൻ ഇന്ത്യ എവിടെ? എന്ന് രാഹുല്‍ഗാന്ധി; ഇവിടെയുണ്ട്….40,000 കോടിയുടെ സെമികണ്ടക്ടര്‍, 10,000 കോടി ബയോഫാര്‍മ, 7.8 ലക്ഷം കോടി പ്രതിരോധം

Byadmin

Feb 2, 2026



ന്യൂദല്‍ഹി: കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി ചോദിച്ച ഒരു പ്രധാന ചോദ്യം ഇതാണ്. എവിടെ മോദി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച മെയ്‌ക്ക് ഇന്‍ ഇന്ത്യ? ഈ ചോദ്യത്തിന്റെ ഉത്തരം കേന്ദ്ര ബജറ്റില്‍ ഉണ്ടെന്നറിയണമെങ്കില്‍ അത് വിശദമായി വായിച്ചുനോക്കണം എന്നാണ് സാമ്പത്തിക വിദഗ്ധരും നയരൂപീകരണ വിദഗ്ധരും പറയുന്നത്.

മെയ്‌ക്ക് ഇൻ ഇന്ത്യയ്‌ക്ക് പ്രതിരോധരംഗത്ത് ഊന്നല്‍, ചെലവിടുക 7.85 ലക്ഷം കോടി രൂപ

പാകിസ്ഥാനില്‍ നിന്നുള്ള യുദ്ധഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിരോധരംഗത്തും ഇന്ത്യയ്‌ക്ക് ഊന്നല്‍ നല്‍കേണ്ടതായി വന്നു. അതിന്റെ ഭാഗമായാണ് ഇന്ത്യ 7.85 ലക്ഷം കോടി രൂപയാണ് ബജറ്റ് നീക്കിവെച്ചിരിക്കുന്നത്. പ്രതിരോധരംഗത്തെ മെയ്‌ക്ക് ഇന്‍ ഇന്ത്യയ്‌ക്ക് പ്രധാന ഊന്നല്‍ നല്‍കുന്നു. ഇതിന് കാരണം ആഗോള തലത്തില്‍ വര്‍ധിച്ചുവരുന്ന യുദ്ധസാഹചര്യങ്ങളും ചൈന, പാകിസ്ഥാന്‍,ബംഗ്ലാദേശ്, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള ഭീഷണിയുമാണ്. ശക്തമായ ആയുധങ്ങള്‍ തന്നെയാണ് ശത്രുക്കളില്‍ നിന്നുള്ള ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം.

2.1ലക്ഷം കോടി പുതിയ ആയുധങ്ങള്‍ വാങ്ങാനാണ് ഉപയോഗിക്കുക. ഇവിടെ വലിയൊരു വ്യതിചലനം ഇക്കുറി നടക്കും. വിദേശത്ത് നിന്നും ആയുധങ്ങള്‍ ഇറക്കുമതി ചെയ്യാനല്ല ഈ തുക ഉപയോഗിക്കുക. പകരം ഇന്ത്യയില്‍ തന്നെ അവ നിര്‍മ്മിക്കാനാണ്. മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി മിസൈലുകള്‍, ഡ്രോണുകള്‍, ആര്‍ട്ടിലറി, യുദ്ധകപ്പലുകള്‍, എഐ കേന്ദ്രീകൃത പ്രതിരോധം സംവിധാനം എന്നിവ പൂര്‍ണ്ണമായും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനാണ്. പ്രതിരോധത്തിലെ മെയ്‌ക്ക് ഇന്‍ ഇന്ത്യ എന്നത് ഇന്ത്യയുടെ വലിയ പദ്ധതിയാണ്. പ്രതിരോധ രംഗത്ത് ഇതോടെ ഇന്ത്യ തദ്ദേശീയമായി ഇന്ത്യയ്‌ക്കാവശ്യമായ ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന വന്‍ ശക്തിയായി മാറും. ഇന്ത്യയുടെ ബ്രഹ്മോസ് താണ്ഡവത്തില്‍ പാകിസ്ഥാന്റെ കിരാന കുന്നുകളില്‍ ഒളിപ്പിച്ച ആണവശേഖരത്തിന് പരിക്ക് പറ്റിയപ്പോഴാണ് സമാധാനത്തിന് വേണ്ടി ട്രംപ് ഇന്ത്യയെ വിളിച്ചത്. ഇന്ത്യയുമായി ട്രംപ് ശരിയ്‌ക്കും പിണങ്ങിയത് ഇന്ത്യയുടെ ഈ മര്‍മ്മം പിളര്‍ന്ന അടിയോടെയാണെന്നും പ്രതിരോധവിദഗ്ധര്‍ പറയുന്നു. സ്വയംപര്യാപ്തമായ ഒരു പ്രതിരോധസംവിധാനം, അല്ലാതെ വിദേശരാജ്യങ്ങളുടെ സാങ്കേതികവിദ്യയെയും ഉല്‍പന്നങ്ങളെയും ആശ്രഇക്കുന്ന ഒരു പ്രതിരോധസംവിധാനം അല്ല ഇന്ത്യ ഇനി സൃഷ്ടിക്കാന്‍ പോകുന്നത് എന്നര്‍ത്ഥം. എങ്കിലേ ശത്രുവിനെ ഭയപ്പെടുത്താനുള്ള ശേഷി ഉണ്ടാകൂ.

സെമികണ്ടക്ടര്‍: 40,000 കോടി രൂപ

മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായുള്ള ഒരു പ്രധാന പദ്ധതിയാണ് സെമികണ്ടക്ടര്‍ പദ്ധതി.ഇതിനായി 40,000 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ഇലക്ട്രോണിക് ഘടകഭാഗങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധതിയ്‌ക്കായാണ് ഈ തുക നീക്കിവെക്കുന്നത്. സെമികണ്ടക്ടര്‍ രംഗത്തെ ഒന്നാം അധ്യായം ഇന്ത്യ നേരത്തെ തുടങ്ങി. സെമികണ്ടക്ടര്‍ ഉല്‍പാദനത്തിനായുള്ള ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ അന്ന് 76000 കോടി രൂപ ഇന്ത്യ നീക്കിവെച്ചിരുന്നു. ഇതില്‍ സെമികണ്ടക്ടര്‍ ഫാബ്രിക്കേറ്ററുകള്‍ നിര്‍മ്മിക്കാനാണ് കൂടുതല്‍ തുക ചെലവഴിച്ചത്. ഇതിന് പിന്നാലെ സെമികണ്ടക്ടര്‍ രംഗത്തെ ടെസ്റ്റിംഗ്, പാക്കേജിംഗ് എന്നിവയ്‌ക്കായി 2023ല‍് ഗുജറാത്തില്‍ അമേരിക്കന്‍ മൈക്രോണ്‍ എന്ന കമ്പനി ഫാക്ടറി സ്ഥാപിച്ചു. പിന്നീട് 91000 കോടി രൂപയില്‍ ടാറ്റ ഒരു സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ യൂണിറ്റ് ഗുജറാത്തില്‍ സ്ഥാപിച്ചു. അസമില്‍ ടാറ്റ തന്നെ ഒരു സെമികണ്ടക്ടര്‍ രംഗത്തെ അസംബ്ലിങ്ങ് ടെസ്റ്റിങ്ങ് യൂണിറ്റും സ്ഥാപിച്ചു.

പക്ഷെ ഇപ്പോള്‍ ഇലക്ട്രോണിക് വ്യവസായത്തെ സഹായിക്കാന്‍ ഘടകപദാര്‍ത്ഥങ്ങള്‍ നിര്‍മ്മിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാനാണ് 40000 കോടി രൂപ കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സെമികണ്ടക്ടര്‍ കുതിപ്പിന് കൂടുതല്‍ ചിറക് നല്‍കും. ഇന്ത്യയ്‌ക്ക് സ്വന്തമായി കംപ്യൂട്ടര്‍ ചിപ്പുകള്‍ സൃഷ്ടിക്കുന്നതോടൊപ്പം വിദഗ്ധരായ സെമികണ്ടക്ടര്‍ മേഖലയിലെ വിദഗ്ധ തൊളിലാളി സമൂഹത്തെയും ഇന്ത്യ വാര്‍ത്തെടുക്കും.

ബയോഫാര്‍മ്മയുടെ ആഗോളകേന്ദ്രം
രാസവസ്തുക്കളില്‍ നിന്ന് എന്നതിന് പകരം ജീവനുള്ള ചെടികളില്‍ നിന്നും മറ്റുമുള്ള മരുന്ന് നിര്‍മ്മാണമാണ് ബയോഫാര്‍മ. ബയോടെക്നോളജി കൂടി ഉപയോഗപ്പെടുത്തിയുള്ളതാണ് ഈ മരുന്ന് നിര്‍മ്മാണ രംഗം. ഈ രംഗത്ത് ഇന്ത്യയെ ആഗോളശക്തിയാക്കി മാറ്റാനായി 10,000 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ഇതും ഇന്ത്യയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യാദൗത്യത്തിന്റെ ഭാഗമാണ്.

ധാതുരംഗത്ത് ചൈനയെ വെല്ലുവിളിക്കാന്‍ ഇന്ത്യ

കേരളം അടക്കം നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിത്തുള്ള ധാതു ഇടനാഴി ഈ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത് ഇന്ത്യയ്‌ക്ക് ആവശ്യമായ അപൂര്‍വ്വ ധാതുക്കള്‍ സ്വയം സംസ്കരിച്ചെടുക്കാന്‍ ശേഷിയുള്ള രാജ്യമായി ഇന്ത്യയെ മാറ്റാനാണ്. ഈ വിഷയത്തില്‍ ഇന്ത്യ ചൈനയെയാണ് വെല്ലുവിളിക്കാന്‍ ശ്രമിക്കുന്നത്. കേരളം, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചിരിക്കുന്നത്. ഇതും ഇന്ത്യയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമാണ്.

By admin