
കൊല്‍ക്കത്ത: ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഭാരത പര്യടനം ആരംഭിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ കൊല്‍ക്കത്തിയിലെത്തി. മെസിക്കൊപ്പം ഫുട്‌ബോളര്‍മാരായ ലൂയി സുവാരസും റോഡ്രിഗോ ഡി പോളും എത്തിയിരുന്നു. മെസി പങ്കെടുക്കുന്ന ചടങ്ങിന് സാക്ഷിയാകാന്‍ 25000 രൂപവരെ മുടക്കിയെത്തിയ വര്‍ക്ക് പോലും ഒരു മിന്നായം പോലെ മെസിയെ കാണാനായില്ല. രാവിലെ മുതല്‍ മെസി പങ്കെടുക്കുന്ന പരിപാടികളുടെ സമയക്രമം അടിമുടി തെറ്റി. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ബിസിസിഐ മുന്‍ അധ്യക്ഷന്‍ സൗരവ് ഗാംഗുലി, ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ എന്നിവരുമായി നിശ്ചയിച്ച കൂടിക്കാഴ്ച പോലും നടന്നില്ല. മെസി വളരെ വേഗം സ്‌റ്റേഡിയം വിട്ടുപോയി. സംഘാടനത്തില്‍ വന്ന ഗുരുതര വിഴ്‌ച്ചയെ തുടര്‍ന്ന് മെസി സ്‌റ്റേഡിയം വിട്ടുപോയ ശേഷം ആരാധകര്‍ രോഷാകുലരായി കസേരകളും മറ്റും എറിഞ്ഞുടച്ചു. ബോര്‍ഡുകള്‍ അടിച്ചു തകര്‍ത്തു.
മെസിയുടെ പ്രധാന പരിപാടി നിശ്ചയിച്ചിരുന്ന കൊല്‍ക്കത്തയിലെ വിവൈബികെസ്റ്റേഡിയത്തില്‍ സൂപ്പര്‍ താരം രണ്ട് മണിക്കൂറോളം സമയം ചിലവഴിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അര മണിക്കൂര്‍പോലും നീണ്ടുനില്‍ക്കാതെ മെസിയെയും സംഘത്തെയും സ്‌റ്റേഡിയത്തിന് പുറത്തേക്കെത്തിക്കുകയായിരുന്നു. രാവിലെ ഒമ്പത് മണിയോടെ എത്തുമെന്ന് അറിയിച്ചെങ്കിലും മെസിയെ സ്‌റ്റേഡിയത്തിലെത്തിച്ചപ്പോള്‍ 11 മണി കഴിഞ്ഞു. മറ്റാര്‍ക്കും മെസിയെ കാണാന്‍ സാധിക്കാത്ത വിധത്തില്‍ വിവിഐപ്പികളും സംഘാടന നിരയിലെ ആളുകളും താരത്തിന് ചുറ്റുമായുണ്ടായിരുന്നു. തുടര്‍ന്ന് മെസി പങ്കെടുത്ത ചടങ്ങ് നാമമാത്രമായി ചുരുക്കി വളരെ വേഗം പോകാന്‍ അനുവദിക്കുകയായിരുന്നു.
വിവൈബികെ സ്റ്റേഡിയത്തില്‍ മെസി എല്ലാവരെയും അഭിസംബോധന ചെയ്യും. ഗ്രൗണ്ടിലിറങ്ങി ഗാലറിയെ നോക്കി അഭിവാദ്യം സ്വീകരിക്കും എന്നെല്ലാം ഷെഡ്യൂള്‍ ചെയ്തിരുന്നു. പക്ഷെ വന്‍ തുക നല്‍കിയവര്‍ക്കുപോലും സെക്കന്‍ഡ് നേരത്തേക്കെങ്കിലും വ്യക്തമായി ഒന്നു കാണാന്‍ പോലും സാധിച്ചില്ല.
സംഭവത്തെ തുടര്‍ന്ന് പരിപാടിയുടെ സംഘാടകനായ സതാദ്രു ദത്തയെ പോലീസ് അറസ്റ്റ് ചെയ്തു.