• Sun. Oct 26th, 2025

24×7 Live News

Apdin News

‘മെസി വരുമെന്ന് പറഞ്ഞ് നടത്തിയ കള്ളകളികൾക്ക് കായിക മന്ത്രി മറുപടി പറയണം’:  പി.കെ ഫിറോസ്

Byadmin

Oct 26, 2025


കോഴിക്കോട് : അർജൻ്റീനൻ ഫുട്ബോൾ ടീമും ലയണൽ മെസിയും കേരളത്തിൽ വരുമെന്ന് പറഞ്ഞ് നടത്തിയ കള്ളക്കളികൾക്ക് കായിക മന്ത്രി വി. അബ്ദുറഹ്മാൻ മറുപടി പറയണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. മന്ത്രിയുടെ ആദ്യ പ്രഖ്യാപനം അനുസരിച്ച് മെസിയും ടീമും കേരളത്തിൽ കളിക്കേണ്ട സമയമാണിതെന്നും എന്നാൽ ഇപ്പോൾ വരില്ല എന്നാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് സംബന്ധമായ ചോദ്യങ്ങൾക്ക്, മന്ത്രി വാർത്താ മാധ്യമങ്ങളോട് ക്ഷുഭിതനാകുന്നത് എന്തിനാണെന്നും ഫിറോസ് ചോദിച്ചു.

മെസിയെ കൊണ്ട് വരുന്നതിനായി മന്ത്രിയും സംഘവും സ്പെയിനിൽ പോയതിന് പതിമൂന്ന് ലക്ഷം രൂപയാണ് ചിലവഴിച്ചത്. മാത്രവുമല്ല ഈ മൽസരത്തിൻ്റെ സ്പോൺസറായി റിപ്പോർട്ടർ ടി.വി യെയാണ് സർക്കാർ തെരഞ്ഞെടുത്തത്. നിരവധി കേസുകളിൽ പ്രതികളായവരുടെ ഉടമസ്ഥതയിലുള്ള റിപ്പോർട്ടർ ടി.വി യെ എന്ത് മാനദണ്ഡത്തിൻ്റെ അടിസ്ഥാനത്തിലാണ് ഒരു സർക്കാർ പരിപാടിയുടെ സ്പോൺസറായി ചുമതലപ്പെടുത്തിയതെന്നും ഫിറോസ് ചോദിച്ചു.

മൂന്ന് ദിവസം വരെ ചാർജ് നിലനിൽക്കുന്ന മാംഗോ ഫോൺ വിപണിയിലറക്കുമെന്ന് പറഞ്ഞ് കബളിപ്പിച്ച ഇവർ എറണാകുളം ബാങ്ക് ഓഫ് ബറോഡയിൽ നിന്നും 2 കോടി 68 ലക്ഷം രൂപയും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ നിന്നും 13 കോടി രൂപയും വ്യാജ രേഖ ചമച്ച് തട്ടിയ കേസിൽ പ്രതികളാണ്. മുട്ടിൽ മരം മുറി കേസിലും പ്രതികളായ ഇവർക്ക് മീനങ്ങാടി പോലീസ് സ്റ്റേഷനിൽ മാത്രം 11 കേസ് നിലനിൽക്കുകയും പൊലീസ് റിപ്പോർട്ട് പ്രകാരം റൗഡി ലിസ്റ്റിൽ ഉൾപ്പെടുന്നവരുമാണ്. കൂടാതെ വയനാട് ദുരന്തത്തെ തുടർന്ന് 150 കുടുംബങ്ങൾക്ക് ടൗൺഷിപ്പെന്ന കള്ള പ്രഖ്യാപനവും നടത്തിയവരാണെന്നും ഫിറോസ് വ്യക്തമാക്കി.

മെസിയുടെ വരവുമായി ബന്ധപ്പെട്ട് കലൂർ സ്റ്റേഡിയത്തിൽ ദിവസേന 2000 പേർ പണിയെടുക്കുന്നുണ്ടെന്നായിരുന്നു പ്രചാരണം. എന്നാൽ നൂറിൽ താഴെയുള്ളവരാണ് ഈ ദിവസങ്ങളിൽ സ്റ്റേഡിയത്തിനകത്തും പുറത്തുമായി പണിയെടുത്തത്. മെസി വരുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കിൽ ഈ രീതിയിലായിരുന്നോ പണികൾ നടക്കേണ്ടിയിരുന്നതെന്നും ഫിറോസ് അഭിപ്രായപ്പെട്ടു.

സർക്കാർ പരിപാടിയുടെ പേരിൽ നിരവധി കേസിൽ പ്രതികളായവർക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം മീറ്റിങ്ങ് കൂടാൻ അവസരം നൽകിയതിനും സർക്കാർ മറുപടി പറയണം. ഇതുമായി ബന്ധപ്പെട്ട് 139 കോടി രൂപയാണ് അർജൻ്റീന ഫുട്ബോൾ അസോസിയേഷന് അയച്ചതെന്നായിരുന്നു റിപ്പോർട്ടർ ടി.വി ഉടമകളുടെ അവകാവാദം. കേരള സർക്കാറിന് വേണ്ടി ചെയ്തതിനാൽ ഇതുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വിടാൻ മുഖ്യമന്ത്രിയും കായിക മന്ത്രിയും തയ്യാറുണ്ടോയെന്നും ഫിറോസ് വെല്ലുവിളിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമല സ്വർണ്ണം ഏൽപ്പിച്ചത് പോലെയാണ് സർക്കാറിൻ്റെ പ്രൊജക്റ്റ് ചാനൽ ഉടമകളെ ഏൽപ്പിച്ചതെന്നും അദ്ദേഹം പരിഹസിച്ചു.

കോടികളുടെ ഇടപാട് നടന്ന ഈ വിഷയത്തിൽ കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷണം നടത്തി ദുരൂഹത പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ നടത്തിയ വ്യാജ പ്രചാരണത്തിന് പിന്നിൽ വലിയ നിഗൂഢതകളുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ചിലവഴിക്കേണ്ട കള്ളപ്പണം വെളുപ്പിക്കലാണോ ഇതിൻ്റെ പിന്നിലെന്നും ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഫിറോസ് ആരോപിച്ചു. പി എം ശ്രീ പദ്ധതി ആർ.എസ് എസിൻ്റെ അജണ്ടയാണ്. ഇത് നടപ്പിക്കാൻ കേരളത്തിൽ വേദിയൊരുക്കുകയാണ് പിണറായി സർക്കാർ ചെയ്തത്. ഭരണത്തിൻ്റെ അവസാനഘട്ടത്തിൽ ഒപ്പിട്ടത് ആർ.എസ്.എസ്സുമായുള്ള കൃത്യമായ ധാരണയുടെ ഭാഗമാണെന്നും ഇത് കേരള ജനത പൊറുക്കില്ലെന്നും ഫിറോസ് കൂട്ടിച്ചേർത്തു.

By admin