മെസ്സി കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍. ഒക്ടോബറില്‍ മെസ്സിയും സംഘവും കേരളത്തില്‍ വന്ന് പന്തുതട്ടും എന്നായിരുന്നു മന്ത്രിയുടെ വാദം. എന്നാല്‍ മെസി വരാനുള്ള സാധ്യതയില്ലെന്ന് മന്ത്രിയുടെ ഓഫീസ് തന്നെ ഇപ്പോള്‍ അറിയിച്ചിരിക്കുകയാണ്.
ഡിസംബറില്‍ മെസിയും സംഘവും ഇന്ത്യയിലെത്തുമെങ്കിലും ഷെഡ്യൂളില്‍ കേരളം ഇടം പിടിച്ചിട്ടില്ല. ഡിസംബര്‍ 11 മുതല്‍ 15 വരെയാണ് മെസിയുടെയും ടീമിന്റെയും ഇന്ത്യ സന്ദര്‍ശനം. കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി, അഹമ്മദാബാദ് എന്നി നഗരങ്ങളില്‍ സംഘം എത്തും. കൊല്‍ക്കത്തയില്‍ എത്തുന്ന ടീം ഇന്ത്യന്‍ ടീമുമായി സൗഹൃദ മത്സരം നടത്തുമെന്നും സൂചനയുണ്ട്. പിന്നീട് വാങ്കഡയിലും ചില സൗഹൃദ മത്സരങ്ങളുണ്ട്. കൂടാതെ 14 ന് മുംബൈയില്‍ ബോളിവുഡ് താരങ്ങള്‍ സംബന്ധിക്കുന്ന പരിപാടികളില്‍ മെസി പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
നല്ലൊരു ഫുട്‌ബോള്‍ സ്റ്റേഡിയം ഇല്ലാത്ത സ്ഥലത്ത് മെസി എങ്ങനെ കളിക്കുമെന്ന ചോദ്യം ആരാധാകര്‍ അടക്കം ഉയര്‍ത്തിയിരുന്നു. മെസിയെ കേരളത്തിലേക്ക് കൊണ്ടുവരാനെടുക്കുന്ന ശ്രമത്തിന്റെ ഒരംശമെങ്കിലും കേരളത്തിലെ ഫുട്‌ബോള്‍ സ്റ്റേഡിയങ്ങള്‍ നവീകരിക്കുന്നതിലും നിലനിര്‍ത്തുന്നതിലും കാണിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളടക്കം രംഗത്ത് വന്നിരുന്നു. അപ്പോഴും മെസി എത്തും എന്ന് മന്ത്രി ആവര്‍ത്തിച്ചുകൊണ്ടിരുന്നു.