കൽപ്പറ്റ: അർജൻ്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഫുട്ബോൾ പ്രേമികളെ വഞ്ചിച്ച കായിക മന്ത്രിയുടെ നിലപാടിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ പ്രതിഷേധ പന്തുകളി സംഘടിപ്പിച്ചു. അർജന്റീന സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് പണച്ചെലവ് ഒന്നുമില്ലെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. എന്നാൽ ഇതു വാസ്‌തവമല്ലെന്നു തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരാവകാശരേഖ. മന്ത്രി അബ്ദുറഹ്മാനോടൊപ്പം രണ്ടു ഉദ്യോഗസ്ഥരും സ്പെയിൻ സന്ദർശിച്ചിരുന്നു.
സ്പെയിനിലെ മറ്റു കായിക കേന്ദ്രങ്ങളും സന്ദർശിച്ച മന്ത്രി, സ്‌പാനിഷ് ഫുട്ബോൾ ലീഗ് സംഘാടകരുമായി നടത്തിയ ചർച്ചയിൽ കേരളത്തിലെ കായിക സമ്പദ് വ്യവസ്ഥയിൽ ലാ ലിഗയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ പ്രാഥമിക ധാരണയായെന്നും പറഞ്ഞിരുന്നു. ലാലിഗയുടെ സ്പോർട്‌സ് മാനേജ്മെൻ്റ് വൈദഗ്ധ്യം പ്രയോജനപ്പെടുത്തി കേരളത്തിൽ ഡിപ്ലോമ കോഴ്‌സുകൾ ആരംഭിക്കുന്നതു ചർച്ച ചെയ്തെന്നും മന്ത്രി അവകാശപ്പെട്ടിരുന്നു. എന്നാൽ അക്കാര്യങ്ങളെല്ലാം മന്ത്രിയുടെ വെറും പാഴ് വാക്കുകളായി ബാക്കിനിൽക്കുകയാണ്.
പ്രതിഷേധ പന്തുകളി യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം പി നവാസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സി.എച്ച് ഫസൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ഭാരവാഹികളായ ജാസർ പാലക്കൽ, ജാഫർ മാസ്റ്റർ, സമദ് കണ്ണിയൻ, ഷൗക്കത്തലി പി.കെ, സി.കെ മുസ്തഫ ,ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷക്കീർ മുട്ടിൽ, മുനീർ വടകര, ജില്ലാ എം എസ് എഫ് വൈസ് പ്രസിഡൻ്റ് മുബഷിർ കൽപ്പറ്റ, ഷമീർ ഒടുവിൽ, ഷംസുദ്ധീൻ മേപ്പാടി, അജു സിറാജുദ്ധീൻ, അനസ് തന്നാണി എന്നിവർ പങ്കെടുത്തു.