ഇന്നലെ പാര്‍ലമൈന്റില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ നരേന്ദ്രേമോദി സര്‍ക്കാരിന്റെ ക്ഷേമ-വികസന പദ്ധതികള്‍ അക്കമിട്ട് നിരത്തി പ്രധാനമന്ത്രി ആവാസ് യോജന മുതല്‍ എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതുവരെയുള്ള കാര്യങ്ങള്‍ രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. മേക്ക് ഇന്‍ ഇന്ത്യയില്‍ നിന്ന്, മേക്ക് ഫോര്‍ ദ വേള്‍ഡിലേക്ക് മാറിയതായും രാഷ്‌ട്രപതി വ്യക്തമാക്കി.
എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യം കൈവരി ക്കുന്നതിനായി മോദി സര്‍ക്കാര്‍ മൂന്നാം ടേമില്‍ പ്രധാനമന്ത്രി ആവാസ് യോജനയ്‌ക്ക് കീഴില്‍ മൂന്ന് കോടി വീടുകള്‍ കൂടി നിര്‍മ്മിക്കുമെന്ന് രാഷ്‌ട്രപതി വ്യക്തമാക്കി. ഇതിനായി 5,36,000 കോടി രൂപ വകയിരുത്തി. ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ക്ക് പാര്‍പ്പിട ഭൂമിയുടെ ഉടമസ്ഥാവകാശം ലഭ്യമാക്കുന്നതിനായി സ്വാമിത്വ പദ്ധതിക്ക് കീഴില്‍ 2.25 കോടി പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ വിതരണം ചെയ്തു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രകാരം കഴിഞ്ഞ മാസങ്ങളില്‍ കോടിക്കണക്കിന് കര്‍ഷകര്‍ക്ക് 41,000 കോടി രൂപ വിതരണം ചെയ്തു. വനവാസി വിഭാഗങ്ങളില്‍ നിന്നുള്ള അഞ്ച് കോടി ജനങ്ങളുടെ ഉന്നമനത്തിനായി ധര്‍ത്തി ആബ ട്രൈബല്‍ വില്ലേജ് ഉത്കര്‍ഷ് കാമ്പയിന്‍ ആരംഭിച്ചു. ഇതിനായി 80,000 കോടി രൂപ വകയിരുത്തി.
ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം, 70 വയസും അതില്‍ കൂടുതലുമുള്ള ആറ് കോടി മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതി വര്‍ഷം അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നു. ചെറുകിട സംരംഭകര്‍ക്ക് മുദ്ര പദ്ധതി പ്രകാരം വായ്പാ പരിധി 10 ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപയായി ഉയര്‍ത്തി. യുവാക്കളുടെ വിദ്യാഭ്യാസത്തിലും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധചെലുത്തി കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ നടപ്പാക്കുന്നു.
പ്രധാനമന്ത്രി ഗ്രാമസഡക് യോജനയുടെ നാലാം ഘട്ടത്തില്‍ 25,000 ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്നതിന് 70,000 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മശതാബ്ദി ആഘോഷിക്കുന്ന വേളയില്‍, പ്രധാനമന്ത്രി ഗ്രാമസഡക് യോജന അദ്ദേഹത്തിന്റെ വീക്ഷണം ഉള്‍ക്കൊള്ളുന്നത് തുടരുകയാണ്. വന്ദേഭാരത്, അമൃത് ഭാരത്, നമോ ഭാരത് ട്രെയിനുകള്‍ റെയില്‍വേ മേഖലയുടെ വികസനം ചൂണ്ടിക്കാണിക്കുന്നു. സ്വച്ഛ് ഭാരത് അഭിയാന്‍ പ്രകാരം 12 കോടി ശൗചാലയങ്ങള്‍, പ്രധാനമന്ത്രി ഉജ്ജ്വല യോജനക്ക് കീഴില്‍ 10 കോടി സൗജന്യ എല്‍പിജി കണക്ഷ നുകള്‍, 80 കോടി പാവപ്പെട്ടവര്‍ക്ക് റേഷന്‍, ജല്‍ ജീവന്‍ മിഷന്‍ തുടങ്ങിയ സംരംഭങ്ങളാല്‍ 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തെ അതിജീവിച്ച് മുന്നേറുകയാണ്.
ഉഡാന്‍ പദ്ധതിയിലൂടെ ഏകദേശം 1.5 കോടി പേര്‍ വിമാനത്തില്‍ യാത്ര ചെയ്യുക എന്ന സ്വപ്നം സാക്ഷാത്കരിച്ചു. ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെ 80% ഇളവ് നിരക്കില്‍ മരുന്നുകള്‍ നല്‍കുന്നത് പൗരന്മാര്‍ക്ക് 30,000 കോടിയിലധികം രൂപ ലാഭിക്കാന്‍ സഹായിച്ചു. വിദ്യാഭ്യാസ മേഖലയില്‍ സീറ്റുകളുടെ എണ്ണം പലമടങ്ങ് വര്‍ധിപ്പിച്ചു. നികുതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ലളിതമാക്കി. സുതാര്യത വര്‍ദ്ധിപ്പിക്കുകയും നികുതി തര്‍ക്കങ്ങള്‍ കുറയ്‌ക്കുകയും ചെയ്തതായും രാഷ്‌ട്രപതി പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയം, വണ്‍ നേഷന്‍ വണ്‍ സബ്സ്‌ക്രിപ്ഷന്‍ സ്‌കീം, നളന്ദ സര്‍വകലാശാല കാമ്പസിന്റെ ഉദ്ഘാടനം ഉള്‍പ്പെടെ വിദ്യാഭ്യാസമേഖലയിലെ വിവിധ പദ്ധതികള്‍, ബഹിരാകാശ മേഖലയിലെ നേട്ടങ്ങള്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യയിലെ മുന്നേറ്റത്തിനുള്ള പദ്ധതികള്‍, മെട്രോ ശൃംഖലയുടെ വ്യാപാനം മുതല്‍ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ എന്നിവയും രാഷ്‌ട്രപതി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
മേക്ക് ഇന്‍ ഇന്ത്യയില്‍ നിന്ന്, മേക്ക് ഫോര്‍ ദ വേള്‍ഡിലേക്ക് മാറിയിരിക്കുന്നു, അത് രാജ്യത്തുടനീളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷം ജമ്മുകശ്മീരില്‍ വികസനത്തിന് അനുകൂലമായ അന്തരീക്ഷമാണ്.
ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ജമ്മു കശ്മീരില്‍ സമാധാനപരമായാണ് നടന്നത്. ഈ നേട്ടത്തിന് ജമ്മു കശ്മീരിലെ ജനങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നതായും രാഷ്‌ട്രപതി കൂട്ടിച്ചേര്‍ത്തു.