‘എന്നെ മുന്‍പോട്ട് നയിക്കേണ്ടത് , എന്റെ രാജ്യത്തിന്റെ കടമയല്ല ! എന്നാല്‍, എന്റെ രാജ്യത്തെ മുന്‍പോട്ട് നയിക്കേണ്ടത് എന്റെ കടമയാണ് !’
ഭാരതത്തില്‍ ഹോക്കി മേഖലയുടെ മഹാ മാന്ത്രികനായി അറിയപ്പെടുന്ന ‘മേജര്‍ ധ്യാന്‍ചന്ദിന്റെ വാക്കുകളാണ് ഇവ. ഭാരത ഹോക്കിയെ ലോകത്തിന്റഎ നെറുകയിലെത്തിച്ച ധ്യാന്‍ചന്ദിന്റെ ജന്മാദിനമാണ് ദേശീയ കായിക ദിനമായി ആചരിക്കുന്നത്. അദ്ദേഹത്തിന്റെ ഓര്‍മയില്‍ ഇന്ന് ദേശീയ കായിക ദിനം. 1905 ഓഗസ്റ്റ് 29 ന് , ഇന്നത്തെ പ്രയാഗ് രാജില്‍ സൈനികനായ സാമേശ്വര്‍ സിംഗിന്റെയും , ശാരദാ സിംഗിന്റെയും മകനായി ജനിച്ച ധ്യാന്‍സിംഗ് ചെറുപ്പം മുതലേ ഹോക്കിയോട് വളരെയധികം താത്പര്യം പ്രകടിപ്പിച്ചിരുന്നു. പിതാവിനെ പോലെത്തന്നെ തന്റെ 16- ാം വയസ്സില്‍ സൈനികവൃത്തിയില്‍ പ്രവേശിച്ച അദ്ദേഹം, തന്റെ ഇഷ്ടവിനോദം തുടരുകയും ചെയ്തു. 1922 മുതല്‍ 1926 വരെ റെജിമെന്റുകളിലെ വിവിധ ഹോക്കി മത്സരങ്ങളിലും ധ്യാന്‍ ഭാഗമായി. ഹോക്കി അദ്ദേഹത്തിന് വെറുമൊരു കായികവിനോദമല്ലായിരുന്നു, മറിച്ച് ജീവിത രീതി തന്നെയായിരുന്നു.
1926 – ല്‍ ഭാരത സൈന്യത്തിന്റെ ടീമിന്റെ ഭാഗമായുള്ള ന്യൂസിലാന്‍ഡ് പര്യടനം ധ്യാന്‍ചന്ദിന്റെ കായിക ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവായി. 18 മത്സരങ്ങളില്‍ അത്യുജ്ജ്വലമായ വിജയം കൈവരിച്ചുകൊണ്ട്, ധ്യാന്‍ചന്ദ് ഏവരുടെയും ശ്രദ്ധാകേന്ദ്രമായി മാറി. 1928 – ല്‍ ആംസ്റ്റര്‍ഡാമില്‍ നടന്ന ഒളിമ്പിക്സില്‍ ഭാരതത്തിന്റെ ഹോക്കി സ്വപ്‌നങ്ങള്‍ക്ക് നിറങ്ങള്‍ പകര്‍ന്നു. 1908, 1920 – എന്നീ വര്‍ഷങ്ങളില്‍ ഹോക്കി ഒളിമ്പിക്സ് മത്സരങ്ങളുടെ ഭാഗമായിരുന്നെങ്കിലും, ഭാരതം അതിന്റെ ഭാഗമായിരുന്നില്ല. 1925 -ല്‍ ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ സ്ഥാപിതമാകുകയും, 1927-ല്‍ ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്റെ ഭാഗമാവുകയും ചെയ്തു. അങ്ങനെ, 1928 – ല്‍ ആദ്യമായി ഭാരതത്തിന്റെ ഹോക്കി ടീമിനെ ഒളിമ്പിക്സില്‍ പങ്കെടുത്തു. ജയ്‌പാല്‍ സിംഗ് മുണ്ട ക്യാപ്റ്റനായ ടീമില്‍ ധ്യാന്‍ചന്ദും ഇടംപിടിച്ചു.
ഹോക്കിയിലെ ഭാരതത്തിന്റെ ആദ്യ സ്വര്‍ണ്ണ മെഡല്‍
1928 – ആംസ്റ്റര്‍ഡാം ഒളിമ്പിക്സിലെ ഹോക്കി മത്സരത്തില്‍ ഒന്‍പത് ടീമുകളാണ് മാറ്റുരച്ചത്. ബെല്‍ജിയം, ഡെന്മാര്‍ക്, സ്വിട്സര്‍ലാന്‍ഡ്, ഓസ്ട്രിയ എന്നിവരായിരുന്നു ഭാരതത്തിനൊപ്പം ഒന്നാമത്തെ ഗ്രൂപ്പില്‍ ഉണ്ടായിരുന്നത്. ഓസ്ട്രിയയ്‌ക്കെതിരായുള്ള ആദ്യമത്സരത്തില്‍, ഭാരതം 6 – 0 ഗോളുകള്‍ക്ക് വിജയിക്കുകയിരുന്നു. ഇതില്‍ 4 ഗോളുകള്‍ ധ്യാന്‍ചന്ദ് തന്നെ നേടിക്കൊണ്ട് ഏവരെയും അത്ഭുതപ്പെടുത്തി. പിന്നീട് ഒരു കുതിപ്പായിരുന്നു വഅതവസാനിച്ചത് സ്വര്‍ണ നേട്ടത്തോടെ. ഫൈനലില്‍ 50,000- ത്തില്‍ അധികം ഡച്ച് ആരാധകര്‍ തിങ്ങി നിറഞ്ഞ ആംസ്റ്റര്‍ഡാമിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തില്‍ ആതിഥേയ രാജ്യത്തിനെതിരെ 3 – 0 ഗോളുകള്‍ക്ക് വിജയിച്ച് , ഭാരതം ഹോക്കിയിലെ ആദ്യ സ്വര്‍ണ്ണ മെഡല്‍ നേടി. ടൂര്‍ണമെന്റിലെ ഭാരതത്തിന്റെ 29 ഗോളുകളില്‍, 14 എണ്ണവും ധ്യാന്‍ചന്ദിന് സ്വന്തമായതായിരുന്നു. 1932 – ല്‍ ലോസ് അഞ്ചല്‍സില്‍ വെച്ച് നടന്ന അടുത്ത ഒളിമ്പിക്സിലും സ്വര്‍ണ്ണ മെഡല്‍ നേടിക്കൊണ്ട്, ചരിത്രം ആവര്‍ത്തിച്ചപ്പോള്‍ അന്നത്തെ ഹോക്കി ടീമില്‍ ധ്യാന്‍ചന്ദിന്റെ സഹോദരന്‍ രൂപ് സിംഗും ഒപ്പമുണ്ടായിരുന്നു. 1936 – ബെര്‍ലിന്‍ ഒളിമ്പിക്സില്‍ ഭാരതത്തിന്റെ ടീം ക്യാപ്റ്റന്റെ പരിവേഷത്തോടെ, തുടര്‍ച്ചയായ മൂന്നാം തവണയും ഭാരതത്തിന് ഹോക്കിയില്‍ സ്വര്‍ണ്ണ മെഡല്‍ ലഭിച്ചു.
ധ്യാന്‍ചന്ദ് എന്ന പ്രചോദനം
1956 – ല്‍ സൈന്യത്തില്‍ നിന്നും വിരമിച്ച മേജര്‍ ധ്യാന്‍ചന്ദിന് ഭാരതം പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചു. പിന്നീട്, പടിയാലയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് സ്പോര്‍ട്ട്സില്‍ ചീഫ് കോച്ചായി സേവനം അനുഷ്ഠിക്കുകയും ചെയ്തു. 1979 – ല്‍ അദ്ദേഹം നമ്മെ വിട്ട് അകന്നെങ്കിലും, ഇന്നും ഭാരതത്തിന്റെ കായിക മേഖലയ്‌ക്ക് പ്രചോദനമായി തുടരുകയാണ്. ദേശീയ കായിക പുരസ്‌കാരങ്ങളിലെ ഏറ്റവും വലിയ ബഹുമതി തന്നെ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്നയാണ്. ഭാരതത്തിന്റെ അഭിമാനമായ ഹോക്കി താരം പി.ആര്‍. ശ്രീജേഷ്, ജാവലിന്‍ താരം നീരജ് ചോപ്ര , ഫുട്ബോള്‍ താരം സുനില്‍ ഛേത്രി മുതലായവര്‍ ഖേല്‍ രത്ന പുരസ്‌കാരം ലഭിച്ചവരില്‍ പ്രമുഖരാണ്. കഴിഞ്ഞ വര്‍ഷത്തെ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍ രത്ന പുരസ്‌കാരങ്ങള്‍ ചെസ്സ് താരം ഡി. ഗുകേഷ് , ഹോക്കി താരം ഹര്‍മന്‍പ്രീത് സിംഗ്, പാരാ – അത്ലറ്റിക് താരം പ്രവീണ്‍ കുമാര്‍, ഷൂട്ടിംഗ് താരം മനു ബക്കര്‍ എന്നിവര്‍ക്കാണ് ലഭിച്ചത്.
ദേശീയ കായിക ദിനം – 2025
കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെയും ഫിറ്റ് ഇന്ത്യ മിഷന്റെയും ആഭിമുഖ്യത്തിലാണ് ഈ വര്‍ഷത്തെ ദേശീയ കായിക ദിനാഘോഷങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ആഗസ്റ്റ് 29 മുതല്‍ 31 വരെ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടികളുടെ പ്രധാന പ്രമേയം ‘ഒരു മണിക്കൂര്‍ , കായിക മൈതാനത്തില്‍ ‘ എന്നതാണ്. ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതില്‍ ഒരു ദിവസം കുറഞ്ഞത് ഒരു മണിക്കൂര്‍ എങ്കിലും വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നതിന്റെ ആവശ്യകതയാണ് ഇതില്‍ പ്രധാനം. സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍ മുഖാന്തരം 35 കോടിയാലിധികം വിദ്യാര്‍ഥികളിലേക്കും, യുവജന സംഘടനകള്‍, എന്‍.എസ്.എസ്, മൈ ഭാരത് മുതലായവായുടെ സഹകരണവും ഉപയോഗിച്ച് രാജ്യവ്യാപകമായി കായികാഘോഷമായി ഈ ദിവസം മാറണമെന്നതാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 2036 – ല്‍ ഭാരതം ഒളിമ്പിക്സ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതിനായി പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍, കായിക വിനോദങ്ങളെ ജനകീയവത്കരിക്കുക എന്നതും വളരെയധികം ആവശ്യമാണ്. ഭാരതത്തിലെ മൂന്ന് ദിവസ പരിപാടികളുടെ മാര്‍ഗ്ഗരേഖ ഇപ്രകാരമാണ് :
- ഒന്നാം ദിവസം ( ആഗസ്ത് 29 ) : മേജര്‍ ധ്യാന്‍ചന്ദ് ശ്രദ്ധാഞ്ജലി, ഫിറ്റ് ഇന്ത്യ പ്രതിജ്ഞ, ഒപ്പം ഒരുമണിക്കൂര്‍ എല്ലാവരും കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്ന പരിപാടികള്‍ .
- രണ്ടാം ദിവസം ( ആഗസ്ത് 30 ) : കായിക സംവാദങ്ങള്‍, മത്സരങ്ങള്‍, ഖോ -ഖോ, കബഡി മുതലായ പരമ്പരാഗത കായിക വിനോദങ്ങള്‍ .
- മൂന്നാം ദിവസം ( ആഗസ്ത് 31 ) : സൈക്ലിങ് പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ‘ഫിറ്റ് ഇന്ത്യ സണ്‍ഡേയ്സ് ഓണ്‍ സൈക്കിള്‍’ പരിപാടി.
ഇതിനൊപ്പം , ആത്മനിര്‍ഭര്‍ ഭാരത് എന്ന പ്രമേയത്തില്‍ കായിക ഉത്പന്നങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഒരു ഉച്ചകോടിയും സംഘടിപ്പിക്കപ്പെടുന്നുണ്ട്. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തും ഖേലോ ഭാരതും വിവിധ കായിക മത്സരങ്ങള്‍ക്കും, ധ്യാന്‍ചന്ദ് കായിക സംഗമങ്ങള്‍ക്കും ആഹ്വാനം ചെയ്തിട്ടുണ്ട്.
(എബിവിപി കേന്ദ്രപ്രവര്‍ത്തകസമിതിയംഗവും, എന്‍.സി.ഇ.ആര്‍.ടി ഗവേഷക ഫെല്ലോയുമാണ് ലേഖകന്‍)