
കൊച്ചി: മേയര്‍ സ്ഥാനം ലഭിക്കാത്തതില്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കി ദീപ്തി മേരി വര്‍ഗീസ്.കെപിസിസി മാര്‍ഗനിര്‍ദേശം പാലിക്കാതെ മേയര്‍ തെരഞ്ഞെടുപ്പ് നടത്തി എന്നാണ് പരാതിയില്‍ പറയുന്നത്. ദല്‍ഹിയില്‍ നേതാക്കളുമായി ദീപ്തി മേരി വര്‍ഗീസ് കൂടിക്കാഴ്ച നടത്തി
സംസ്ഥാന കോണ്‍ഗ്രസില്‍ പരാതി സമര്‍പ്പിച്ചിട്ടും അനുകൂല നടപടി ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് ദീപ്തി മേരി വര്‍ഗീസ് പരാതിയുമായി ദല്‍ഹിയിലെത്തിയത്. കൊച്ചിയെ നയിക്കാന്‍ ഒരാള്‍ വേണമെന്ന് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടാണ് താന്‍ മത്സരിച്ചത്.എന്നിട്ടും മേയര്‍ സ്ഥാനത്ത് നിന്നും തഴഞ്ഞെന്നാണ് ദീപ്തിയുടെ പരാതി.
മേയര്‍ തെരഞ്ഞെടുപ്പിനായി കെപിസിസിക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ മേയറെ നിശ്ചയിച്ചത്. ഇതിന് കൃത്യമായ അജണ്ടയുണ്ടായിരുന്നു എന്നാണ് ദീപ്തിയുടെ ആരോപണം.
കഴിഞ്ഞ ദിവസം വൈകിട്ടാണ് ദീപ്തി ദല്‍ഹിയിലെത്തിയത്. രാവിലെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. വി കെ മിനിമോളെയാണ് കൊച്ചി മേയറായി തെരഞ്ഞെടുത്തത്. എ,ഐ ഗ്രൂപ്പുകളുടെ ഇടപെടലാണ് ദീപ്തിയെ വെട്ടിയതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.