• Fri. Dec 19th, 2025

24×7 Live News

Apdin News

മൈസൂരുവില്‍ കേരള ആര്‍ടിസി ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ

Byadmin

Dec 19, 2025



ബെംഗളൂരു: കേരള ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസിന് തീപിടിച്ചു പൂർണ്ണമായും കത്തിനശിച്ചു. ബെംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് പുറപ്പെട്ട KL 15 A 2444 എന്ന സ്വിഫ്റ്റ് ബസാണ് പുലർച്ചെ രണ്ട് മണിയോടെ മൈസൂരുവിലെ നഞ്ചൻകോട് വെച്ച് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് ബസിൽ 44 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

ബസിന് മുന്‍പില്‍ പോയ വാഹനങ്ങളിലെ യാത്രക്കാരാണ് പുക ഉയരുന്നത് കണ്ടത്. തുടര്‍ന്ന് ജീവനക്കാരെ അറിയിക്കുകയായിരുന്നു. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കാൻ സാധിച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവായി. യാത്രക്കാരുടെ ഫോണും പാസ്‌പോര്‍ട്ടും ഉള്‍പ്പെടെയുള്ള വസ്തുക്കളും രേഖകളും കത്തിനശിച്ചു. ബസിലുള്ള വെള്ളവും അഗ്നിശമന സംവിധാനവും ഉപയോഗിച്ചെങ്കിലും തീയണക്കാനായില്ലെന്ന് ബസ് ജീവനക്കാർ പറഞ്ഞു.

യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്. അപകടത്തിന് ശേഷം യാത്രക്കാരെ മറ്റൊരു വാഹനത്തിൽ സുൽത്താൻ ബത്തേരിയിലേക്ക് തിരിച്ചുവിട്ടു.

By admin