മൈസൂരുവില്‍ നരഭോജി കടുവ കര്‍ഷകനെ കൊലപ്പെടുത്തി. സരഗുരു താലൂക്കിലെ മുള്ളൂര്‍ ഗ്രാമത്തില്‍ രാജശേഖര മൂര്‍ത്തിയാണ്(58) കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചക്ക് ശേഷം വയലില്‍ തന്റെ കന്നുകാലികളെ മേയ്ക്കുന്നതിനിടെയാണ് മൂര്‍ത്തിയെ കടുവ ആക്രമിക്കുന്നത്. മൈസൂരുവില്‍ ഒരു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ കടുവ ആക്രമണമാണിത്. നേരത്തെ, ബഡഗല്‍പുര ഗ്രാമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.
ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടും നരഭോജിയായ കടുവയെ പിടികൂടുന്നതില്‍ വനംവകുപ്പിന്റെ അവഗണനയും പരാജയവും ആരോപിച്ച് മുള്ളൂരിലെയും സമീപ ഗ്രാമങ്ങളിലെയും രോഷാകുലരായ ഗ്രാമവാസികള്‍ പ്രതിഷേധ പ്രകടനം നടത്തി. ഹെഡിയാലയിലെ വനംവകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും സരഗുരു പൊലീസും സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മുള്ളൂരിന് സമീപം വനപ്രദേശമില്ലെന്നും എന്നാല്‍ സമീപത്ത് കടുവകളെ ഇടയ്ക്കിടെ കാണുന്നുണ്ടെന്നും ഗ്രാമവാസികള്‍ പറഞ്ഞു.