മൈസൂരു ദസറ ഉദ്ഘാടനം ചെയ്യാന്‍ ബുക്കര്‍പ്രൈസ് ജേതാവ് ബാനു മുഷ്താഖിനെ നിയോഗിച്ച തീരുമാനത്തിനെതിരെ മുന്‍ ബിജെപി എംപി പ്രതാപ് സിംഹയും മറ്റ് രണ്ട് പേരും സമര്‍പ്പിച്ച സമര്‍പ്പിച്ച ഹര്‍ജികള്‍ കര്‍ണാടക ഹൈകോടതി തള്ളി.
ഒരു അവകാശവും ലംഘിക്കപ്പെട്ടിട്ടില്ലെന്ന് നിരീക്ഷിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് വിഭു ബഖ്രു, ജസ്റ്റിസ് സി.എം. ജോഷി എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് കേസ് തള്ളിയത്. മറ്റൊരു മതത്തില്‍ ഉള്‍പ്പെട്ട വ്യക്തി ദസറ ഉദ്ഘാടനം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു ബിജെപി നേതാവിന്റെ വാദം
അതേസമയം, ദസറ ഉദ്ഘാടന വേളയില്‍ ചാമുണ്ഡേശ്വരി ദേവിക്ക് പുഷ്പാര്‍ച്ചന നടത്തുന്ന ഒരു പാരമ്പര്യമുണ്ടെന്നും ബാനു മുഷ്താഖ് ഉത്സവം ഉദ്ഘാടനം ചെയ്യുന്നതിനെതിരെ എതിര്‍പ്പുണ്ടെന്നും പ്രതാപ് സിംഹക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുദര്‍ശന്‍ വാദിച്ചു.
ബാനു മുഷ്താഖിന്റെ പ്രസ്താവനകളുടെ ഇംഗ്ലീഷ് വിവര്‍ത്തനങ്ങളും വീഡിയോ ക്ലിപ്പിംഗുകളും അഭിഭാഷകന്‍ സമര്‍പ്പിച്ചു. എന്നാല്‍ ഈ രാജ്യത്ത് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത് ഒരു തെറ്റല്ലെന്ന് ചീഫ് ജസ്റ്റിസ് വിഭു ബഖ്രു നിരീക്ഷിച്ചു. ഏത് മൗലികാവകാശമാണ് ലംഘിക്കപ്പെട്ടതെന്ന് വ്യക്തമാക്കാന്‍ ചീഫ് ജസ്റ്റിസ് ഹര്‍ജിക്കാരനോട് ആവശ്യപ്പെട്ടു.
‘നിങ്ങള്‍ക്ക് പോലും ഉചിതമായ ഒരു വേദിയില്‍ നിങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാം. ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അവകാശങ്ങളില്‍ ഏതാണ് ലംഘിക്കപ്പെട്ടതെന്ന് നിങ്ങള്‍ വിശദീകരിക്കേണ്ടതുണ്ട്” ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
ഹര്‍ജിക്കാര്‍ക്ക് പിഴ ചുമത്തണമെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വക്കേറ്റ് ജനറല്‍ ശശികിരണ്‍ ഷെട്ടി കോടതിയില്‍ വാദിച്ചു. വിജയദശമി ഉത്സവം രാജ്യമെമ്പാടും ആഘോഷിക്കപ്പെടുന്നുവെന്നും അത് തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.