
കൊച്ചി: മാനസിക വെല്ലുവിളി നേരിടുന്ന കൊൽക്കത്ത സ്വദേശി സൂരജ് ലാമയുടെ തിരോധാനത്തിൽ കളമശ്ശേരി സർക്കാർ മെഡിക്കൽ കോളജിനെതിരെ ഗുരുതര ആരോപണവുമായി മകൻ സാന്റോൺ ലാമ. നടപടിക്രമങ്ങൾ പാലിക്കാതെയാണ് പിതാവിനെ മെഡിക്കൽ കോളജിൽ നിന്ന് വിട്ടയച്ചതെന്ന് സാന്‍റൻ ലാമ മാധ്യമങ്ങളോട് പറഞ്ഞു. മൊത്തം സിസ്റ്റത്തിന്റെ വീഴ്ചയാണിത്. ഇങ്ങനെയാണോ കേരളത്തിലേക്ക് ഒരാൾ വന്നാൽ മെഡിക്കൽ കോളജും പോലീസും കൈകാര്യം ചെയ്യേണ്ടത്. ഈ വിഷയത്തിൽ ഹൈകോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പിതാവിനെ ജീവനോടെ കണ്ടെത്തുമെന്ന് കമ്മീഷണർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ പരിശോധന നടത്തിയതിന്റെ സമീപത്ത് നിന്നാണ് മൃതദേഹം കിട്ടിയതെന്നും സാന്റൻ പറഞ്ഞു. മൃതദേഹം പിതാവിന്റെ തന്നെയാണോ എന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന ആവശ്യമാണെന്നും മകൻ കൂട്ടിച്ചേർത്തു. അജ്ഞാതൻ എന്നാണ് ആശുപത്രി അധികൃതർ പേര് രേഖപ്പെടുത്തിയിരുന്നത്. പിന്നീട് മാധ്യമവാർത്ത വന്നതിന് ശേഷം അന്വേഷിച്ചപ്പോഴാണ് സൂരജ് ലാമ എന്ന പേര് രജിസ്റ്ററിൽ കണ്ടെത്തിയത്.
പിതാവിന്റെ അസുഖം ഭേദമായത് കൊണ്ടാണ് പറഞ്ഞുവിട്ടതെന്ന് സൂപ്രണ്ട് പറഞ്ഞു. വിഷമദ്യ ദുരന്തത്തിൽപ്പെട്ട് ഓർമശക്തി നഷ്ടപ്പെട്ട ഒരാളിന്റെ അസുഖം എങ്ങനെയാണ് ഭേദമാകുന്നതെന്നും സാന്റോൺ ലാമ ചോദിക്കുന്നു.