
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്‌ഐടി വീണ്ടും ചോദ്യം ചെയ്‌തേക്കും. ശനിയാഴ്ച കടകംപള്ളിയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴികളില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് നീക്കം. കടകംപള്ളിയുടെ മൊഴിയിലെ സത്യാവസ്ഥ ചോദിച്ചറിയാന്‍ ഇന്നലെ ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്‌ഐടി കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.
പോറ്റിയുമായി വ്യക്തിപരമായ അടുപ്പമോ സാമ്പത്തിക ഇടപാടോ ഇല്ലെന്നാണ് കടകംപള്ളി പറഞ്ഞത്. മുമ്പു ചോദ്യം ചെയ്തപ്പോള്‍ കടകംപള്ളിയുമായുള്ള ബന്ധം സംബന്ധിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി ചിലതു വെളിപ്പെടുത്തിയിരുന്നു. ശ്രീകോവില്‍ പാളികളില്‍ സ്വര്‍ണം പൂശാന്‍ അനുവദിക്കണമെന്നു കാട്ടി, ദേവസ്വം മന്ത്രിയെന്ന നിലയില്‍ കടകംപള്ളി സുരേന്ദ്രനു അപേക്ഷ സമര്‍പ്പിച്ചിരുെന്നന്ന് പോറ്റി പറഞ്ഞിരുന്നു. റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ എസ്‌ഐടിക്കു മുന്നില്‍ ഇതുന്നയിച്ചിരുന്നു. ശനിയാഴ്ച എസ്‌ഐടി ഇക്കാര്യം ചോദിച്ചപ്പോള്‍ കടകംപള്ളി വ്യക്തമായ മറുപടി നല്കിയില്ല. അങ്ങനെയൊരു കാര്യം ഓര്‍ക്കുന്നില്ലെന്നും നിരവധി അപേക്ഷകള്‍ക്കൊപ്പം ചിലപ്പോള്‍ ഇങ്ങനെ ഒരു അപേക്ഷയും ലഭിച്ചിരിക്കാമെന്നും അവയെല്ലാം അതതു വകുപ്പുകള്‍ക്ക് കൈമാറുകയാണ് രീതിയെന്നുമായിരുന്നു കടകംപള്ളിയുടെ മറുപടി.
ദേവസ്വം ബോര്‍ഡാണ് കഴക്കൂട്ടത്തെ നിര്‍ധന കുടുംബത്തിനു വീടുവച്ചു നല്കിയതെന്നും മന്ത്രിയെന്ന നിലയിലാണ് പങ്കെടുത്തതെന്നുമാണ് കടകംപള്ളി പറയുന്നത്. എന്നാല്‍ സ്വന്തം മണ്ഡലമായ കഴക്കൂട്ടത്തെ കുടുംബത്തിനു വീടുവച്ചു നല്കാന്‍ സ്‌പോണ്‍സറാവണമെന്ന് കടകംപള്ളി നേരിട്ടു അഭ്യര്‍ത്ഥിക്കുകയായിരുന്നെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി എസ്‌ഐടിയെ ധരിപ്പിച്ചത്. നിരവധി പൊതുപരിപാടികളില്‍ പോറ്റിയും കടകംപള്ളിയുമൊന്നിച്ചുള്ള ചിത്രങ്ങളും ഇരുവരും ബെംഗളൂരുവില്‍ സൗഹൃദ സംഭാഷണം നടത്തുന്ന ചിത്രവും പുറത്തുവന്നിരുന്നു.
മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്യലില്‍ നിരവധി പൊരുത്തക്കേടുകള്‍ കടകംപള്ളിയുടെ മൊഴിയില്‍ എസ്‌ഐടി കണ്ടെത്തിയതായാണ് സൂചന. അതിനാല്‍ കടകംപള്ളിയെ ഒരിക്കല്‍ക്കൂടി ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.