കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനല്‍കിയെന്ന യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് വിമര്‍ശനം. മോദിക്ക് ട്രംപിനെ ഭയമാണെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.
ട്രംപിനെ മോദി ഭയപ്പെടുന്നുവെന്ന് സാദൂകരിക്കുന്ന അഞ്ച് സംഭവങ്ങളും രാഹുല്‍ ചൂണ്ടിക്കാട്ടുന്നു. ആവര്‍ത്തിച്ചുള്ള അവഗണനകള്‍ക്കിടയിലും ട്രംപിന് അഭിനന്ദന സന്ദേശങ്ങള്‍ അയക്കുന്നത് മോദി തുടരുന്നു, ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങില്ലെന്ന് തീരുമാനിക്കാനും പ്രഖ്യാപിക്കാനും ട്രംപിനെ അനുവദിക്കുന്നു, ധനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി, ട്രംപ് പങ്കെടുത്ത ഈജിപ്തിലെ ഷാം അല്‍-ഷേഖില്‍ നടന്ന ഗസ്സ സമാധാന ഉച്ചകോടിയില്‍ നിന്ന് മോദി വിട്ടുനിന്നു. പാകിസ്താനെതിരെ ഇന്ത്യന്‍ സേന നടത്തിയ ഓപറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചത് സംബന്ധിച്ച ട്രംപിന്റെ അവകാശവാദത്തെ മോദി ഖണ്ഡിക്കുന്നില്ല -രാഹുല്‍ വിമര്‍ശിച്ചു.
ഡോണള്‍ഡ് ട്രംപ് ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നടത്തുന്ന പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ‘ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ എനിക്ക് അതൃപ്തിയുണ്ടായിരുന്നു, റഷ്യയില്‍ നിന്ന് അവര്‍ എണ്ണ വാങ്ങുന്നത് നിറുത്തുമെന്ന് അദ്ദേഹം ഇന്ന് എനിക്ക് ഉറപ്പ് നല്‍കി. അത് നിര്‍ണായകമായ നടപടിയാണ്. ഇനി ചൈനയെ കൊണ്ടും ഇത് തന്നെ ചെയ്യിപ്പിക്കും’ – ട്രംപ് ചൂണ്ടിക്കാട്ടി.
മോദിയുമായി ഊഷ്മളമായ ബന്ധമാണുള്ളത്. റഷ്യന്‍ എണ്ണ വാങ്ങുന്നത് പൊടുന്നനെ നിര്‍ത്താന്‍ ഇന്ത്യക്ക് കഴിയില്ല. എന്നാല്‍ അത് കാലക്രമേണ നടപ്പിലാകും – ട്രംപ് വ്യക്തമാക്കി. അതേസമയം, ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദത്തെ കുറിച്ച് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
‘തീരുവ പലപ്പോഴും നയതന്ത്രതലത്തില്‍ വിലപേശുന്നതിന് എനിക്ക് കരുത്ത് പകര്‍ന്നിട്ടുണ്ട്. തീരുവ ഉപയോഗിച്ച് പല യുദ്ധങ്ങളും തീര്‍ത്തിട്ടുണ്ട്. ഇന്ത്യ പാകിസ്താന്‍ യുദ്ധം അതിനൊരു ഉദാഹരണമാണ്. 200 ശതമാനം വരെ തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഇന്ത്യയും പാകിസ്താനും യുദ്ധം നിര്‍ത്താന്‍ തയാറാവുകയായിരുന്നു’ – ട്രംപ് പറഞ്ഞു.