ന്യൂയോര്‍ക്ക്: മോദി പ്രധാനമന്ത്രിയായിരുന്ന പത്ത് വര്‍ഷത്തില്‍ ഇന്ത്യ ബഹിരാകാശരംഗത്ത് കുതിയ്‌ക്കുകയാണെന്ന് അമേരിക്കന്‍ വാര്‍ത്താചാനലായ സിഎന്‍എന്‍ ലേഖിക ഹെലന്‍ റീഗന്‍. രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വെച്ച് കൂട്ടിയിണക്കുന്ന സ്പെയ്ഡെക്സ് എന്ന പേരിട്ട് വിളിക്കുന്ന ഡോക്കിങ്ങ് ദൗത്യം ഐഎസ് ആര്‍ഒ വിജയകരമായി പൂര്‍ത്തീകരിച്ചതിനെക്കുറിച്ചുള്ള ലേഖനത്തിലാണ് മോദി ഇന്ത്യയെ ബഹിരാകാശരംഗത്ത് പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതായി ഹെലന്‍ റീഗന്‍ പ്രത്യേകം പ്രശംസിക്കുന്നത്.
ബഹിരാകാശത്തെക്കുറിച്ച് എഴുതുന്ന പ്രത്യേക ലേഖിക ഹെലന്‍ റീഗന്‍ എഴുതിയ വാര്‍ത്തയിലാണ് പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്രമോദി ഇന്ത്യയുടെ ബഹിരാകാശരംഗത്തെ കുതിപ്പിന് സഹായകരമായ എന്തൊക്കെ നടപടികള്‍ എടുത്തു എന്ന വ്യക്തമാക്കുന്നത്. സിഎന്‍എനിന്റെ സീനയര്‍ ന്യൂസ് ഡെസ്ക് സീനയര്‍ റിപ്പോര്‍ട്ടറാണ് ഹെലന്‍ റീഗന്‍.
ബഹിരാകാശരംഗത്തെ വാണിജ്യവല്‍ക്കരിക്കാനുള്ള ശ്രമം നടന്നത് മോദിയുടെ കാലത്താണെന്നും ലേഖനം സൂചിപ്പിക്കുന്നു. ഈ രംഗത്ത് വിദേശ നിക്ഷേപം പ്രോത്സാഹിപ്പിച്ചു. അതുപോലെ സ്വകാര്യ കമ്പനികളെ പങ്കാളികളാക്കി. ഭൂമിയുടെ താഴ്ന്ന ഭ്രമണപഥങ്ങളില്‍ കുറഞ്ഞ ചെലവില്‍ ചെറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുക എന്ന മേഖലയിലാണ് ഇന്ത്യ വാണിജ്യമായി മുന്നേറാന്‍ ശ്രമിക്കുന്നത്. ഈ ദൗത്യമേഖലയിലാണ് വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നത്.
ഡോക്കിങ്ങിന് വേണ്ടി ഇന്ത്യ അയച്ച രണ്ട് ചെറിയ ഉപഗ്രഹങ്ങളും അത് ബഹിരാകാശത്തേക്ക് അയക്കാനുള്ള പിഎസ് എല്‍ വി റോക്കറ്റും ടെസ്റ്റ് ചെയ്തത് അനന്ത് ടെക്നോളജീസ് എന്ന സ്വകാര്യസ്ഥാപനത്തിലാണ്. ചരിത്രത്തില്‍ ആദ്യമായാണ് സ്വകാര്യമേഖലയിലെ സ്ഥാപനത്തെ പങ്കാളിയാക്കുന്നത്. ഇതെല്ലാം ഇന്ത്യയെ ബഹിരാകാശശക്തിയായി വളര്‍ത്താന്‍ മോദി നടത്തിയ ദൗത്യങ്ങളായാണ് ലേഖിക വിശേഷിപ്പിക്കുന്നത്.
ഉപഗ്രഹത്തെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍റിംഗ് നടത്തി 2023ല്‍ തന്നെ ഇന്ത്യ ഉന്നതന്മാരുടെ ബഹിരാകാശ ക്ലബ്ബില്‍ സ്ഥാനം പിടിച്ചെന്ന് ലേഖിക എഴുതുന്നു. ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ ഇതുവരെ ഒരു രാജ്യവും കടന്നുചെല്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ഇന്ത്യ ഉപഗ്രഹത്തെ സോഫ്റ്റ് ലാന്‍റ് ചെയ്തത്. ചന്ദ്രനില്‍ നിന്നും ഇന്ത്യ സാമ്പിളുകള്‍ കൊണ്ടുവന്നുവെന്നും ഇത് ചന്ദ്രന്‍ രൂപപ്പെട്ടത് സംബന്ധിച്ച നിര്‍ണ്ണായക തെളിവുകള്‍ നല്‍കിയെന്നും ലേഖനത്തില്‍ പറയുന്നു.
ചന്ദ്രനിലേക്ക് വൈകാതെ മനുഷ്യരെ അയക്കാന്‍ ശ്രമിക്കുകയാണ് ഇന്ത്യ. 2040ല്‍ മനുഷ്യനെ അയയ്‌ക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതുവരെ യുഎസ് മാത്രം സ്വന്തമാക്കിയ നേട്ടമാണിത്.
2035ല്‍ സ്വന്തം സ്പേസ് സ്റ്റേഷന്‍ ബഹിരാകാശത്ത് സ്ഥാപിക്കാനും ഇന്ത്യ തയ്യാറെടുക്കുന്നു. ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. വീനസിലേക്കുള്ള ഉപഗ്രഹവിക്ഷേപണം ഇന്ത്യ 2028ല്‍ നടത്തുമെന്നും ലേഖനത്തില്‍ പറയുന്നു.