തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75 ാം പിറന്നാൾ വാർത്ത റിപ്പോർട്ട് ചെയ്ത ടെലിവിഷൻ ചാനലിന്റെ എഡിറ്റോറിയൽ വിഭാഗത്തിന് കനത്ത ആവേശമായിരുന്നു. പക്ഷേ അതിന്റെ പേരിൽ കണക്കിന് കിട്ടിയത് ടിവിചാനൽ ‘മുതലാളി’ക്ക്. കരണത്ത് കിട്ടിയില്ല എന്നുമാത്രം.
മാതൃഭൂമി ടിവി ചാനലാണ്, മോദി ജന്മദിനത്തിൽ തികച്ചും അടിസ്ഥാനമില്ലാത്ത വാർത്ത സംപ്രേഷണം ചെയ്തത്. മാതൃഭൂമി ജീവനക്കാരിൽ ചിലരുടെ മോദിവിരോധം, മോദി സർക്കാർ വിരോധം, മോദി പാർ്ട്ടി വിരോധം കുപ്രസിദ്ധമാണ്. മോദിയും കൂട്ടരും പിന്തുടരുന്ന ആദർശത്തെയും ആദർശത്തേയും അന്ധമായി എതിർക്കുക മാത്രമല്ല, അതിനായി മാതൃരാജ്യത്തെയും ജനതയേയും തള്ളിപ്പറയാനും തരംതാഴ്‌ത്തിപ്പറയാനും മടിയില്ലാത്തതാണ് മാതൃഭൂമിയുടെ ചരിത്രം. എന്നാൽ, കഴിഞ്ഞ ദിവസം ഭാരതം ദുബൈ ക്രിക്കറ്റ് സ്്‌റ്റേഡയത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ കളിച്ച തോൽപ്പിച്ചും കാര്യത്തിൽ കീഴടക്കിയും കാണിച്ച ഉശരിരൻ പ്രകടത്തെ മാതൃഭൂമി പത്രം മോശമായി റിപ്പോർട്ട് ചെയ്തു. ഇതിനെ വിമർശിച്ച സാമൂഹ്യ-രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത് പണിക്കർ അതു സംബന്ധിച്ച് പ്രചരിപ്പിച്ച വീഡിയോ ഏറെ ചർച്ചയായിരുന്നു. എന്നാൽ, മാതൃഭൂമി പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ രാജ്യ വിരോധം ആവർത്തിച്ചു.
ഇത്തവണ പ്രതികരിച്ച ശ്രീജിത് പണിക്കർ, ജീവനക്കാരെയും എഡിറ്റോറിയൽ വിഭാഗത്തിലെ വികല മനസ്സുകാരെയും വിട്ട്, അവരെ തീറ്റിപ്പോറ്റുന്ന ‘മുതലാളി’ക്കുതന്നെ പ്രഹരം ഏൽപ്പിച്ചിരിക്കുകയാണ്. മാതൃഭൂമി ടിവി പല കാലങ്ങളിലായി ചെയ്ത അനേകം മണ്ടത്തങ്ങളുടെ പട്ടികയിൽ ചിലത് ശ്രദ്ധയിൽ പെടുത്തിയാണ് വിമർശനം.
ശ്രീജിത് പണിക്കർ എഴുതുന്നു: ”പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾ ദിനത്തിൽ ‘മോദി@75’ എന്നൊരു പരിപാടി മാതൃഭൂമി ന്യൂസ് ചെയ്തു. അത് കണ്ടിട്ട് ചിരിയടക്കാൻ കഴിയുന്നില്ല. പിറന്നാൾ ആശംസയല്ല, രാഷ്‌ട്രീയ വിമർശനം മാത്രമാണ് അതിൽ.
മോദിയുടെ ജനപ്രീതി കുറഞ്ഞു, വിലക്കയറ്റം ഉണ്ടായി, അസമത്വം കൂടി, ജീവിത നിലവാരം താണു, പട്ടിണി സൂചികയിലും സന്തോഷ സൂചികയിലും മാധ്യമ സ്വാതന്ത്ര്യ സൂചികയിലും പിന്നിലായി, ഭരണഘടനാ സ്ഥാപനങ്ങൾ ദുർബലമായി, പഠാൻകോട്ട് മുതൽ പഹൽഗാം വരെയുള്ള ഭീകരാക്രമണങ്ങൾ, വർഗീയ കലാപങ്ങൾ എന്നിങ്ങനെ കുറ്റങ്ങൾ മാത്രം.
എല്ലാം പ്രാധാന്യമുള്ള വിഷയങ്ങൾ തന്നെ. ഒരു സർക്കാരിന്റെ വാർഷികത്തിൽ നിശ്ചയമായും ഉന്നയിക്കാവുന്ന ഭരണവിമർശനങ്ങൾ. എന്നാൽ ഒരു വ്യക്തിയുടെ പിറന്നാൾ ദിനത്തിൽ അത് പറഞ്ഞാൽ എത്ര അനൗചിത്യം ആയിരിക്കും എന്നോർത്തു നോക്കൂ. മോദിക്കെതിരെ രാജ്യത്തും വിദേശത്തും നിരന്തരം രാഷ്‌ട്രീയ വിമർശനം നടത്തുന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പോലും പിറന്നാൾ ആശംസയിൽ രാഷ്‌ട്രീയം കലർത്തിയില്ല. ‘പ്രധാനമന്ത്രിക്ക് സന്തോഷം നിറഞ്ഞ ജന്മദിനവും നല്ല ആരോഗ്യവും ആശംസിക്കുന്നു’ എന്നു മാത്രമാണ് അദ്ദേഹം പോലും പറഞ്ഞത്.
മലയാളികളെ പല ശീലങ്ങളും പഠിപ്പിച്ചത് മാതൃഭൂമി ആയതുകൊണ്ടുതന്നെ അനൗചിത്യം ശീലിക്കാൻ ഞാനും ഇനി ശ്രമം തുടങ്ങുകയാണ്. ആദ്യ ചുവടായി മാതൃഭൂമി മുതലാളി ബഹു. ശ്രേയാംസ് കുമാറിന്റെ അടുത്ത പിറന്നാളിനുള്ള ആശംസ ഞാൻ തയ്യാറാക്കുകയാണ്:
‘ബഹു. ശ്രേയാംസ് കുമാറിന് പിറന്നാൾ ആശംസകൾ. താങ്കൾ മാതൃഭൂമിയുടെ തലപ്പത്ത് എത്തിയശേഷം മാതൃഭൂമി വാർത്തകളിലെ ജനവിശ്വാസം ഇടിഞ്ഞിട്ടുണ്ട്. റഷ്യ-യുക്രൈൻ യുദ്ധമെന്ന പേരിൽ ഏതോ വിഡിയോ ഗെയിമിന്റെ ദൃശ്യങ്ങൾ കാണിച്ച് പ്രേക്ഷകരെ മണ്ടന്മാരാക്കാൻ ശ്രമിച്ചത് നമ്മുടെ ദൃശ്യമാധ്യമ ചരിത്രത്തിലെ ഏറ്റവും അപഹാസ്യമായ സംഭവം ആയിരുന്നു. ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മനുഷ്യന്റെ പേര് എസ്എംഎസ് അയച്ചാൽ ഐസ്‌ക്രീം കമ്പനിയുടെ സമ്മാനം എന്നു പ്രഖ്യാപിച്ച സ്ഥാപനത്തിന്റെ മനുഷ്യത്വ രാഹിത്യം നാട്ടുകാർക്ക് മനസ്സിലായതാണ്. സ്റ്റീവ് ജോബ്‌സിന്റെ ഭാര്യക്ക് അലർജി ഉണ്ടായപ്പോൾ, കുംഭമേളയിലെ പ്രതീക്ഷയ്‌ക്കപ്പുറമുള്ള തിരക്കു കാരണം അവർ കുഴഞ്ഞുവീണെന്ന് വാർത്ത കൊടുത്തിട്ടു മുക്കിയവർക്ക് എന്ത് കുംഭമേള, ഏത് സ്റ്റീവ് ജോബ്‌സ്, എന്തിന്റെ ധാർമികത! ജി എൻ സായിബാബക്കെതിരെ സുപ്രീംകോടതി വിധി വന്നപ്പോൾ ഷിർദി സായിബാബയുടെ ദൃശ്യങ്ങളും ഭക്തിഗാന ആൽബവും കാണിച്ചവർക്ക് എന്ത് ഷിർദി, ഏത് ബാബ, എന്തിന്റെ പൊതുവിജ്ഞാനം! അഞ്ചരക്കൊല്ലം മുൻപത്തെ നിയമസഭാ രേഖയെ ബ്രേക്കിങ് ന്യൂസെന്നു കാട്ടി വാർത്ത കൊടുത്തവർ വെല്ലുവിളിച്ചത് ജനങ്ങളുടെ സാമാന്യബോധത്തെയാണ്. ഹിന്ദു ഭൂരിപക്ഷ മണ്ഡലമായ മീററ്റിനെ മുസ്ലിം ഭൂരിപക്ഷ മണ്ഡലമാക്കിയവർക്ക് ഡെമോഗ്രഫിയെന്നാൽ എന്ത് കുന്തമാണെന്ന് അറിയില്ലെന്നും നമുക്ക് മനസ്സിലായി. ട്വിറ്ററിനെ ആപ്പ് സ്റ്റോറിൽ നിന്നു പുറത്താക്കുമെന്ന് ആപ്പിൾ ഭീഷണിപ്പെടുത്തിയ വാർത്ത മാതൃഭൂമിയിൽ വന്നപ്പോൾ ആപ്പിൾ ട്വിറ്ററിനെ ബ്ലോക്ക് ചെയ്തു എന്നായി. മാതൃഭൂമിയിൽ അന്ന് വിവരസാങ്കേതിക വാർത്തകൾ കൈകാര്യം ചെയ്തവർക്ക് അതുമറിയില്ല, ഇംഗ്ലീഷും അറിയില്ല എന്ന് അവർ തന്നെ തെളിയിച്ചതാണല്ലോ. ഇന്ത്യൻ ഹോക്കി ടീമിന് ‘അഭിനന്ദങ്ങൾ’ കൊടുത്ത് ഗംഭീര പോസ്റ്റർ ചെയ്തവനു മലയാളം അറിയില്ലെന്നും തെളിഞ്ഞു. പിന്നെ ഏഷ്യാകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ റിപ്പോർട്ടിങ്ങും. ഓ, യാ! അങ്ങേയ്‌ക്ക് ഒരിക്കൽ കൂടി പിറന്നാൾ ആശംസകൾ!’
മാതൃഭൂമിയുടെ നേട്ടങ്ങളെ കുറിച്ച് രണ്ടാമതൊരു പിറന്നാൾ ആശംസ വേറെ അയയ്‌ക്കാം ട്ടോ. ?? എന്നു പറഞ്ഞാണ് ഫേസ്ബുക് പോസ്റ്റ് ശ്രീജിത് പണിക്കർ അവസാനിപ്പിക്കുന്നത്.
പണി അറിയാത്തവരെയും പണിയിൽ കള്ളം കാണിക്കുന്നവരെയും സംരക്ഷിക്കുന്ന മുതലാളി എന്ന ‘സമ്മാന’മാണ് പണിക്കരുടെ പ്രതികരണംവഴി മാതൃഭൂമി മുതലാളി ശ്രേയാംസ് കുമാറിന് കിട്ടിയിരിക്കുന്നത്.